നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 21  

1. പെട്രോൾ, ഡീസൽ വില ഉയർന്നു

വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില ഉയർന്നു. തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഇന്ധന വില വലിയ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുകയായിരുന്നു എണ്ണ കമ്പനികൾ. അടുത്ത ദിവസങ്ങളിൽ ഇനിയും വില ഉയരാനാണ് സാധ്യത. തിങ്കളാഴ്ച 8 മുതൽ 10 പൈസ വരെ വർധനവാണ് പെട്രോൾ വിലയിലുണ്ടായത്. ചൊവ്വാഴ്ച 5 പൈസ വീണ്ടും ഉയർന്നു. ഡീസൽ വില തിങ്കളാഴ്ച 15-16 പൈസയും ചൊവ്വാഴ്ച 9-10 പൈസയുമാണ് ഉയർന്നത്.

2. തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കൂടിയേക്കും

കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കണമെന്ന നിർദേശമടങ്ങുന്ന കരട് വിജ്ഞാപനം ഐആർഡിഎ പുറത്തിറക്കി. മെയ് 29 വരെ ജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം. 1000 സിസി യ്ക്ക് താഴെയുള്ള കാറുകളുടെ പ്രീമിയം 1,850 രൂപയിൽ നിന്ന് 2,120 രൂപയാക്കി ഉയർത്താനാണ് നിർദേശം. സ്വകാര്യ ഇലക്ട്രിക് കാറുകൾ, ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്ക് 15 ശതമാനം ഇളവും ശുപാർശ ചെയ്യുന്നുണ്ട്.

3. വെള്ളക്കരം അടക്കാൻ ജല അതോറിറ്റിയുടെ ക്വിക് പേ

വെള്ളക്കരം ഓൺലൈൻ ആയി അടക്കാൻ ജല അതോറിറ്റിയുടെ 'ക്വിക് പേ'. ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ള കൺസ്യുമർ നമ്പറും കൺസ്യുമർ ഐഡിയും ഉപയോഗിച്ചോ ജല അതോറിറ്റി ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചോ ബിൽ അടക്കാം. www.epay.kwa.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ബിൽ അടക്കേണ്ടത്.

4. അളവിന്റെ പുതിയ മാനദണ്‌ഡം ഇന്ത്യ അംഗീകരിച്ചു

അളവിന്റെ പുതിയ രാജ്യാന്തര മാനദണ്‌ഡം ഇന്ത്യ സ്വീകരിച്ചു. പാരിസിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന 60 രാജ്യങ്ങളുടെ സമ്മേളനമാണ് പുതിയ മാനദണ്ഡങ്ങൾ സ്വീകരിച്ചത്. ഇന്നലെ മുതൽ ഇന്ത്യയിൽ പുതിയ രീതി നിലവിൽ വന്നു. ഇതോടെ 7 അടിസ്ഥാന യൂണിറ്റുകളിൽ മാറ്റം വരും. പഠനഭാഗങ്ങളിൽ ഇതനുസരിച്ച് മാറ്റം കൊണ്ടുവരും.

5. എൻബിഎഫ്‌സികൾ ചീഫ് റിസ്ക് ഓഫീസർമാരെ നിയമിക്കണം: ആർബിഐ

റിസ്ക് മാനേജ്‍മെന്റ് മെച്ചപ്പെടുത്താൻ എൻബിഎഫ്‌സികൾ ചീഫ് റിസ്ക് ഓഫീസർമാരെ നിയമിക്കണമെന്ന് ആർബിഐ. 5000 കോടി രൂപയിലധികം ആസ്തിയുള്ള ബാങ്കിതര സ്ഥാപനങ്ങളോടാണ് കേന്ദ്ര ബാങ്കിന്റെ നിർദേശം. രാജ്യത്തെ ബാങ്കിതര മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it