ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 26

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

70 percent of the fuel price goes to central and state governments in taxes
-Ad-
1.ഡീസല്‍ വില ഒരാഴ്ചയ്ക്കിടെ 1.11 രൂപ വര്‍ദ്ധിച്ചു

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വില. പെട്രോളിന് 76.55 രൂപയും. പെട്രോളിന് ആറു പൈസയാണ് ഇന്ന് കൂടിയത്.

2.പുതിയ പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനവുമായി ആര്‍.ബി.ഐ

റിസര്‍വ് ബാങ്ക് ഒരു പുതിയ തരം പ്രീപെയ്ഡ് പേയ്‌മെന്റ് സംവിധാനം (പിപിഐ) അവതരിപ്പിച്ചു. പ്രതിമാസം 10,000 രൂപ പരിധി വരെ ചരക്കുകളും സേവനങ്ങളും വാങ്ങാന്‍ മാത്രം ഇതുപയോഗിക്കാം.’ചെറിയ മൂല്യമുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും പുതിയ തരം സെമി- ക്ലോസ്ഡ് പിപിഐ അവതരിപ്പിക്കാന്‍ തീരുമാനിച്ചു’- റിസര്‍വ് ബാങ്ക് സര്‍ക്കുലറില്‍ പറഞ്ഞു. 

3.റെയില്‍വേയില്‍ വന്‍ ഘടനാമാറ്റത്തിന് അംഗീകാരം

റെയില്‍വേയില്‍ വന്‍ ഘടനാമാറ്റത്തിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭാ യോഗം. എട്ടു വ്യത്യസ്ത സര്‍വീസുകളിലേക്കാണ് ഇപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത്. ഇത് ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് എന്ന പേരില്‍ ഒറ്റ സര്‍വീസാക്കും.നിലവില്‍ റെയില്‍ ബോര്‍ഡില്‍ എട്ടംഗങ്ങള്‍ ഉള്ളത് അഞ്ചായി വെട്ടിക്കുറയ്ക്കും. റെയില്‍വേയുടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അഞ്ച് വകുപ്പുകളായി ചുരുക്കി സമഗ്രമായ ഭരണപരിഷ്‌കാരം കൊണ്ടുവരുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി.

-Ad-
4.പാപ്പരത്ത നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് വരും

പാപ്പരത്തവും പാപ്പരത്ത നിയമവും (ഐബിസി) ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിര്‍ദ്ദിഷ്ട ഭേദഗതി പ്രകാരം ഒരു പാപ്പരായ സ്ഥാപനത്തിന്റെ മുന്‍ പ്രൊമോട്ടര്‍മാര്‍ക്കെതിരായ ക്രിമിനല്‍ നടപടികളില്‍ നിന്ന് കമ്പനി വാങ്ങുന്നവര്‍ക്ക് പരിരക്ഷ നല്‍കും.

5.കിഫ്ബിക്ക് 1,700 കോടി രൂപ വിദേശ ധനസഹായ വാഗ്ദാനം

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ 12 പദ്ധതികള്‍ക്ക് 1,700 കോടി രൂപയുടെ വിദേശ സഹായ വാഗ്ദാനം. അമേരിക്കയിലെ ആഗോള ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ആണ് വായ്പാ സന്നദ്ധത അറിയിച്ചത്. ഇത് സ്വീകരിച്ചാല്‍ രാജ്യാന്തര ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്ന് കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയാകുമെന്ന് സി.ഇ.ഒ  ഡോ.കെ.എം. എബ്രഹാം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here