ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 6

കേരളത്തിന്റെ സ്വന്തം കേരള ബാങ്ക് രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് . പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Kerala Bank
1.കേരള ബാങ്ക് രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കേരളത്തിന്റെ സ്വന്തം കേരള ബാങ്ക് രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്.  പകല്‍ മൂന്നു മണിക്ക്് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സഹകാരികളുടെ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. മറ്റ് ജില്ലകളില്‍ ഒമ്പതിന് സഹകാരികളുടെ നേതൃത്വത്തില്‍ ആഘോഷ പരിപാടി സംഘടിപ്പിക്കും.

2.യുഎസ് എതിര്‍പ്പ് മറികടന്ന് ചൈനയ്ക്ക് 1.5 ബില്യണ്‍ ഡോളറിന്റെ ലോക ബാങ്ക് വായ്പ

2025 ജൂണ്‍ വരെ ചൈനയ്ക്ക് 1.5 ബില്യണ്‍ ഡോളര്‍ വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പയായി നല്‍കാനുള്ള പുതിയ പദ്ധതി  അംഗീകരിച്ചതായി ലോക ബാങ്ക് അറിയിച്ചു. യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യുചിന്റെ നേതൃത്വത്തില്‍ അമേരിക്ക രേഖപ്പെടുത്തിയ എതിര്‍പ്പ് മറികടന്നാണ് ഇതിനായുള്ള തീരുമാനമുണ്ടായത്. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കുള്ള ആനുകൂല്യ വായ്പാ പദ്ധതികളില്‍ നിന്ന് ലോക ബാങ്ക് ചൈനയെ ഒഴിവാക്കണമെന്നതാണ് യുഎസ് നിലപാട്.

3.കടലില്‍ മീന്‍ പിടിക്കാന്‍ കേന്ദ്ര ലൈസന്‍സ് നിര്‍ബന്ധിതമാക്കുന്നതില്‍ പ്രതിഷേധം

വള്ളങ്ങള്‍ ഉള്‍പ്പെടെ എല്ലാ മല്‍സ്യ ബന്ധന യാനങ്ങള്‍ക്കും കടലില്‍ മീന്‍ പിടിക്കുന്നതിന് സംസ്ഥാന രജിസ്‌ട്രേഷന്‍ കൂടാതെ കേന്ദ്ര ലൈസന്‍സും നിര്‍ബന്ധിതമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പ്രതിപക്ഷ കക്ഷികള്‍ ഇതിനെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്താനുള്ള തയ്യാറെടുപ്പാരംഭിച്ചു.

4.ജി എസ് ടി ഇടപാടുകള്‍ അനായാസമാക്കുന്ന പ്രീ പെയ്ഡ് കാര്‍ഡ് വരുന്നു

10000 രൂപ വരെയുള്ള ജി എസ് ടി ഇടപാടുകള്‍ ഏറ്റവും അനായാസം ഡിജിറ്റലായി നടത്താന്‍ സഹായിക്കുന്ന പ്രീ പെയ്ഡ് കാര്‍ഡുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ബാങ്ക് അക്കൗണ്ടുകളോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗപ്പെടുത്തിയോ മറ്റ് പിപിഐ മുഖേനയോ മാത്രം ചാര്‍ജ് ചെയ്യാവുന്നതായിരിക്കും ഈ കാര്‍ഡുകള്‍.

5.ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിന് കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് കരാര്‍

കാനഡയിലെ ഏറ്റവും വലിയ പബ്ലിക് പെന്‍ഷന്‍ ഫണ്ട് ഇന്ത്യയുടെ ദേശീയ നിക്ഷേപ, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ (ഐഎഫ്ആര്‍എസ്) 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും. ഇതിനായി  കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്  ഐഎഫ്ആര്‍എസുമായി കരാര്‍ ഒപ്പിട്ടു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലക ശക്തിയായി വിശേഷിപ്പിക്കപ്പെടുന്ന കിഫ്ബിയുടെ മസാല ബോണ്ടില്‍ സിപിപിഐബി നിക്ഷേപം നടത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here