ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 2

നാളെ മുതല്‍ കൂടിയ നിരക്കുകളുമായി ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

1.കോളിനും ഡാറ്റയ്ക്കും ചെലവേറും; നാളെ മുതല്‍ കൂടിയ നിരക്കുകളുമായി ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ

പ്രീ-പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് തിരിച്ചടിയുമായി ടെലികോം കമ്പനികളായ ജിയോയും ഭാരതി എയര്‍ടെല്ലും വൊഡാഫോണ്‍-ഐഡിയയും നിരക്കുകള്‍ കുത്തനെ കൂട്ടി. പുതിയ നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരും. മൂന്നു കമ്പനികളും നിലവിലെ കോള്‍,ഡാറ്റ പാക്കേജുകളുടെ നിരക്കുകള്‍ 40 ശതമാനം വരെയാണ് കൂട്ടിയത്.

2.ജി.എസ്.ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു

കേന്ദ്രസര്‍ക്കാരിന് ആശ്വാസം പകര്‍ന്ന് ജി.എസ്.ടി സമാഹരണം വീണ്ടും ഒരു ലക്ഷം കോടി രൂപ കടന്നു. നവംബറില്‍ സമാഹരിച്ചത് 1.03 ലക്ഷം കോടി. ഉത്സവകാലം പ്രമാണിച്ചുണ്ടായ ഉപഭോക്തൃ വിപണിയിലെ വളര്‍ച്ചയാണ് ജി.എസ്.ടി വരുമാനത്തില്‍ പ്രതിഫലിച്ചത്. മൂന്നുമാസത്തിനു ശേഷമാണ് സമാഹരണം വീണ്ടും ലക്ഷം കോടി രൂപ കടക്കുന്നത്.

3.മാരുതി സുസുക്കിക്ക് 2 കോടി ഉപഭോക്താക്കള്‍

രണ്ടു കോടി ഉപഭോക്താക്കളെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനിയെന്ന നേട്ടം മാരുതി സുസുക്കിയുടെ പേരിലായി. നാല് ദശാബ്ദത്തിന് താഴെ കാലയളവു കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി ഈ നാഴികക്കല്ല് താണ്ടിയത്. ആദ്യ ഒരുകോടി ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ 29 വര്‍ഷം വേണ്ടിവന്നുവെങ്കില്‍, തുടര്‍ന്നുള്ള ഒരു കോടി ഉപഭോക്താക്കളെ മാരുതി നേടിയത് വെറും എട്ടു വര്‍ഷം കൊണ്ടാണ്.

4 ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ

ഹൈക്കോടതി നല്‍കിയ  നിര്‍ദ്ദേശ പ്രകാരം  സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലുള്ളവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ പിഴ ഈടാക്കും. നിലവിലെ നിയമപ്രകാരം 500 രൂപയാണ് പിഴ. ഹെല്‍മെറ്റ് പരിശോധന വീഡിയോയില്‍ പകര്‍ത്തണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

5. സിനിമ ടിക്കറ്റിന് അധികനികുതി: ചര്‍ച്ച നടത്താമെന്ന ധനമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് നിര്‍മാതാക്കള്‍

സിനിമാ ടിക്കറ്റിന് അധിക നികുതി ഏര്‍പ്പെടുത്തിയത് പിന്‍വലിക്കുന്ന കാര്യം നിര്‍മ്മാതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന  ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് നിര്‍മാതാക്കള്‍ പ്രതികരിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here