ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബർ 3

1,.വ്യവസായികളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാര്‍ കേള്‍ക്കും: നിര്‍മ്മല സീതാരാമന്‍

വ്യവസായികളില്‍ നിന്നുള്ള വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സഹിഷ്ണുതയോടെ കേന്ദ്ര സര്‍ക്കാര്‍ കേള്‍ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വ്യവസായി രാഹുല്‍ ബജാജിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപി എംപിമാര്‍ നടത്തിയ ആക്രമണത്തിനിടയിലാണ് ധനമന്ത്രി ലോക്സഭയില്‍ ഇങ്ങനെ പറഞ്ഞത്. വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന പ്രചാരണം അന്യായമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

2.സേവന നിരക്കുകളും ഭൂ, കെട്ടിട നികുതികളും വര്‍ദ്ധിക്കും

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് വരുമാനം കൂട്ടുന്നതിനു വേണ്ടി സേവന നിരക്കുകളും ഭൂനികുതി, കെട്ടിടനികുതി എന്നിവയും വര്‍ധിപ്പിക്കാന്‍ ആലോചന. വരുമാനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി നിയോഗിച്ച വകുപ്പുമേധാവികളുടെ യോഗം വിവിധ വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള നിര്‍ദേശം തേടി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷിയുടെ നേതൃത്വത്തിലുള്ള സമിതി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.

3.ഇ-ട്രഷറിയും എസ്.ബി.ഐയും തമ്മില്‍ ഡിജിറ്റല്‍ പേമെന്റുകള്‍ക്ക് ധാരണ

വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പോയിന്റ് ഓഫ് സെയില്‍സ് (പി.ഒ.എസ്) വഴി ഡിജിറ്റല്‍ പേമെന്റുകള്‍ സാദ്ധ്യമാക്കാനായി സര്‍ക്കാരിന്റെ ഇ-ട്രഷറിയും എസ്.ബി.ഐയും തമ്മില്‍ ധാരണയിലെത്തി. ഇ-പി.ഒ ഇന്റഗ്രേഷനായുള്ള ധാരണാപത്രം സര്‍ക്കാര്‍ ട്രഷറി ഡയറക്ടര്‍ എ. ജാഫര്‍, ഐ.ടി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രഘുനാഥന്‍ ഉണ്ണിത്താന്‍, എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് എന്നിവര്‍ തമ്മിലാണ് കൈമാറിയത്.

4.ഉരുക്കുവില ഉയര്‍ത്തി

സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ആഭ്യന്തര വിപണിയില്‍ ഉല്‍പ്പന്ന വില 2.5-3 ശതമാനം ഉയര്‍ത്തി. ചെലവ് സമ്മര്‍ദ്ദങ്ങള്‍ താങ്ങാന്‍ ഉല്‍പാദകര്‍ക്കു കഴിയാതെ വന്നതിനാലാണ് വില കൂട്ടിയതെന്ന് ജെഎസ്ഡബ്ല്യു സ്റ്റീല്‍ വാണിജ്യ, വിപണന ഡയറക്ടര്‍ ജയന്ത് ആചാര്യ പറഞ്ഞു.

5. എയര്‍ടെല്‍, വോഡഫോണ്‍ പ്രീപെയ്ഡ് നിരക്കുയര്‍ന്നു

ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ നിരക്ക് വര്‍ധന ഇന്നു വെളുപ്പിനു മുതല്‍ പ്രാബല്യത്തിലായി.പ്രീപെയ്ഡ് ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമാണ് 15-40 ശതമാനം നിരക്കുയര്‍ത്തിയിട്ടുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it