ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 16

കയറ്റുമതിയും ഇറക്കുമതിയും കുറഞ്ഞ് വ്യാപാരക്കമ്മി താഴ്ന്നു.കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

കയറ്റുമതിയും  ഇറക്കുമതിയും കുറഞ്ഞ് വ്യാപാരക്കമ്മി താഴ്ന്നു

ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത കയറ്റുമതിക്ക് ഡിസംബറിലും ഇടിവ് നേരിട്ടു. 1.8 ശതമാനം നഷ്ടവുമായി 2,736 കോടി ഡോളറാണ് കഴിഞ്ഞ മാസത്തെ കയറ്റുമതി വരുമാനം.അതേസമയം ഇറക്കുമതിയും കുറഞ്ഞതോടെ വ്യാപാരക്കമ്മി മെച്ചപ്പെട്ടിട്ടുണ്ട്. 8.83 ശതമാനം കുറഞ്ഞ് 3,861 കോടി ഡോളറാണ് ഇറക്കുമതിച്ചെലവ്.ഇതോടെ വ്യാപാരക്കമ്മി 2018 ഡിസംബറിലെ 1449 കോടി ഡോളറില്‍ നിന്ന് 1125 കോടി ഡോളറായി കുറഞ്ഞു.

സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് 31ന്

പാര്‍ലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനം ഈ മാസം 31 മുതല്‍ ഏപ്രില്‍ മൂന്നു വരെ നടക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബ്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. 31ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം  കഴിഞ്ഞ് ഉച്ചയ്ക്കുശേഷം ചേരുന്ന സഭയില്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. ശനിയാഴ്ച അവധി ദിവസമാണെങ്കിലും ബജറ്റ് അവതരണത്തിനായി സഭ സമ്മേളിക്കാനാണ് തീരുമാനം.

സര്‍ക്കാര്‍ വാര്‍ത്തകള്‍ നല്‍കിയാലേ മാധ്യമങ്ങള്‍ക്കു പരസ്യമുള്ളുവെന്ന് ഗഹ്ലോട്ട്; നടപടിക്ക് പ്രസ് കൗണ്‍സില്‍

സര്‍ക്കാരിന്റെ വാര്‍ത്തകള്‍ നല്‍കിയാലേ മാധ്യമങ്ങള്‍ക്കു പരസ്യം നല്‍കൂവെന്നു പറഞ്ഞ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനെതിരേ നടപടി നീക്കവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ സ്വമേധയാ നടപടി സ്വീകരിച്ചു. 2019 ഡിസംബര്‍ 16-ന് വാര്‍ത്താസമ്മേളനത്തിലായിരുന്നു ഗഹ്ലോട്ടിന്റെ പരാമര്‍ശം.രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചു.

ബിസിനസുകാരുടെ ആത്മഹത്യ വര്‍ദ്ധിച്ചതായി ദേശീയ ഏജന്‍സി

2018ല്‍ എട്ടായിരത്തോളം ബിസിനസുകാര്‍ ആത്മഹത്യ ചെയ്‌തെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ റിപ്പോര്‍ട്ട്. 2016 ലും 2017 ലും ആത്മഹത്യ നിരക്ക് താഴേക്ക് പോയിരുന്നു. എന്നാല്‍ 2018 ല്‍ 2.7 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായെന്നാണ് ക്രൈം റെക്കോര്‍ഡ് ബ്യുറോയുടെ കണക്ക്.

ഡിഎച്ച്എഫ്എല്‍ ബാധ്യതാ ക്ലെയിം 87,905 കോടി രൂപ

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ (ഡിഎച്ച്എഫ്എല്‍) സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ റിസര്‍വ് ബാങ്ക് നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ ബാധ്യതാ ക്ലെയിമുകളുടെ കണക്കെടുപ്പ് ഇന്നു നടത്തും. ബാങ്കുകള്‍,  ബോണ്ട് ഹോള്‍ഡര്‍മാര്‍, ജീവനക്കാര്‍ എന്നിവരടങ്ങുന്ന വായ്പക്കാര്‍ മൊത്തം 87,905 കോടി രൂപയുടെ ക്ലെയിം സമര്‍പ്പിച്ചതായാണ് പ്രാഥമിക കണക്ക്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here