ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 3

ഇന്ത്യയിലെ വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു.പ്രധാന ബിസിനസ്സ് വാർത്തകൾ ചുരുക്കത്തിൽ

1.രാജ്യത്ത് വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും താഴേക്ക്

ഇന്ത്യയിലെ വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വ്യാവസായിക പ്രവര്‍ത്തനത്തില്‍ സംഭവിച്ച കുറവാകും ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ 101.92 ബില്യണ്‍ യൂണിറ്റായിരുന്നു വിതരണം ചെയ്തത്. 2018 ഡിസംബറില്‍ ഇത് 103.4 ബില്യണ്‍ യൂണിറ്റായിരുന്നുവെന്ന് പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

2.തൊഴിലില്ലായ്മ നിരക്കില്‍ വീണ്ടും വര്‍ധന

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറില്‍ 7.7 ശതമാനമായെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി റിപ്പോര്‍ട്ട്. നവംബറില്‍ 7.48 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഒക്ടോബറില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.45 ശതമാനമായി.
നഗരമേഖലകളില്‍ തൊഴിലില്ലായ്മ 8.91 ശതമാനമാണ്. നവംബറില്‍ 8.89 ശതമാനമായിരുന്നു. ഗ്രാമമേഖലകളില്‍ തൊഴിലില്ലായ്മ കൂടുതല്‍ ശക്തമായി ഉയര്‍ന്നു. ഒരു മാസത്തിനിടെ 6.82 ശതമാനത്തില്‍ നിന്ന് 7.13 ശതമാനമായി.

3.മരട് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിശ്ചയിച്ച ക്രമം മാറ്റും; പ്രദേശവാസികള്‍ സമരം അവസാനിപ്പിച്ചു

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നിശ്ചയിച്ചിട്ടുള്ള ക്രമം മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സാങ്കേതിക സമിതി ഇന്ന് യോഗം ചേരും. മന്ത്രി എ.സി മൊയ്തീന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇതിനു ധാരണയായത്. പൊളിക്കുന്ന ക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിവന്ന സമരം ഇതേത്തുടര്‍ന്ന് അവസാനിപ്പിച്ചു. എറണാകുളം ജില്ലാ കളക്ടറും സബ് കളക്ടറും മരട് നഗരസഭാ പ്രതിനിധികളും സമരക്കാരുടെ പ്രതിനിധികളും മന്ത്രി  വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.

4.സാമ്പത്തിക വളര്‍ച്ച: മൂന്നാം പാദത്തിലും ആശ്വാസത്തിന് വകയില്ലെന്ന് ഓസ്വാള്‍ റിപ്പോര്‍ട്ട്

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച ഇനിയും താഴുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ഇപ്പോഴത്തേതിന് സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രവര്‍ത്തന സൂചികയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലെ ഇന്ത്യയിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയ റിപ്പോര്‍ട്ടാണിത്.

5.പൗരത്വ നിയമ ഭേദഗതിയില്‍ പുനരാലോചന ആവശ്യമെന്ന് അഭിജിത്ത് ബാനര്‍ജി, എസ്തര്‍ ഡുഫ്‌ളോ

പൗരത്വനിയമഭേദഗതി പുനരാലോചിക്കണമെന്ന് നോബല്‍ സമ്മാന ജേതാക്കളായ അഭിജിത്ത് ബാനര്‍ജിയും എസ്തര്‍ ഡുഫ്‌ളോയും. പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വപട്ടികയും  ഭരണ കാര്യക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന സര്‍ക്കാരിന്റെ ലക്ഷണമല്ലെന്ന് ഇവര്‍ പറഞ്ഞു.  സര്‍ക്കാര്‍ അതിന്റെ ലക്ഷ്യങ്ങളില്‍ നിന്ന് വഴുതി മാറുകയാണെന്ന് ഇരുവരും ആരോപിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here