നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 16

1. വ്യാപാരക്കമ്മി ഉയർന്നു, കയറ്റുമതി 4 മാസത്തെ താഴ്ന്ന നിലയിൽ

രാജ്യത്തെ വ്യാപാരക്കമ്മി അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാപാരക്കമ്മി ഏപ്രിലിൽ 15.33 ബില്യൺ ഡോളറിലേക്ക് ഉയർന്നു. മാർച്ചിൽ ഇത് 10.89 ബില്യൺ ഡോളർ ആയിരുന്നു. 2018 ഏപ്രിലിൽ 13.72 ബില്യൺ ഡോളർ വ്യാപരക്കമ്മി രേഖപ്പെടുത്തിയിരുന്നു. കയറ്റുമതിയിൽ 0.64 ശതമാനം വളർച്ച മാത്രമാണുണ്ടായത്. 26.07 ബില്യൺ ഡോളറായിരുന്നു കയറ്റുമതി. ഇറക്കുമതി 4.48 ശതമാനം ഉയർന്നു.

2. ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്; പുതിയ കമ്പനി രൂപീകരിച്ചു

ടാറ്റ കെമിക്കൽസും ടാറ്റ ഗ്ലോബൽ ബീവറേജസും ലയിച്ച് ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് എന്ന പുതിയ കമ്പനി നിലവിൽ വന്നു. ഭക്ഷണ പാനീയങ്ങളുടെ വിപണിയിൽ ടാറ്റയുടെ സാന്നിധ്യം ശക്തിപ്പെടുത്താൻ പുതിയ കമ്പനിയുടെ രൂപീകരണം സഹായിക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ അറിയിച്ചു.

3. മണപ്പുറം ഫിനാന്‍സ്: 920 കോടി രൂപ അറ്റാദായം

2018-2019 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വച്ച് മണപ്പുറം ഫിനാന്‍സ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 36 ശതമാനം ഉയര്‍ന്ന് 919.87 കോടിയായി. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. 2019 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 255.59 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 179.05 കോടിയേക്കാള്‍ 43 ശതമാനം വര്‍ധനവാണ് മണപ്പുറം നേടിയിരിക്കുന്നത്.

4. വണ്ടർലാ: ലാഭം 90% ഉയർന്നു

വണ്ടർലാ ഹോളിഡേയ്‌സ് 2018-19 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.99 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 90 ശതമാനം വർധനയാണിത്. കമ്പനിയുടെ ലാഭം 44 ശതമാനം വർധിച്ച് 55.41 കോടി രൂപയിലെത്തി. അവസാന പാദത്തിൽ മൊത്ത വരുമാനം 13 ശതമാനം ഉയർന്ന 63.55 കോടി രൂപയായി.

5. ഇ-വാഹനങ്ങൾക്കായി പാനസോണിക്കിന്റെ 1 ലക്ഷം ചാർജിങ് സൈറ്റുകൾ

ഇലക്ട്രോണിക് വാഹനങ്ങൾക്കായി ജാപ്പനീസ് ഇലക്ട്രോണിക് കമ്പനിയായ പാനസോണിക്ക് 1 ലക്ഷം ചാർജിങ് സൈറ്റുകൾ സ്ഥാപിക്കും. 2024 ആകുമ്പോഴേക്കും 25 ഇന്ത്യൻ നഗരങ്ങളിലായാണ് ഇത്രയും ചാർജിങ് സൈറ്റുകൾ സ്ഥാപിക്കുക. അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് ബാറ്ററി സെൽ സപ്ലൈ ചെയ്യുന്നത് പാനസോണിക് ആണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it