നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 11 

ബേസിക് സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചട്ടങ്ങൾ ലഘൂകരിച്ച് ആർബിഐ: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. എൻപിഎ 9.3 ശതമാനമായി കുറഞ്ഞു: ക്രിസിൽ

2018-19 സാമ്പത്തിക വർഷത്തിൽ കിട്ടാക്കടം 9.3 ശതമാനമായി കുറഞ്ഞെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ. കഴിഞ്ഞ വർഷം എൻപിഎ നിരക്ക് 11.5 ശതമാനമായിരുന്നു. 2019 മാർച്ചിൽ കിട്ടാക്കടം 10.3 ശതമാനമായി കുറഞ്ഞെന്നാണ് റിസർവ് ബാങ്കിന്റെ കണക്ക്. ആർബിഐ റിപ്പോർട്ട് അനുസരിച്ച് 2018 സെപ്റ്റംബറിൽ കിട്ടാക്കടം 10.8 ശതമാനമായിരുന്നു.

2. യുഎസ് മോട്ടോർ സൈക്കിളുകൾക്ക് ഉയർന്ന തീരുവ: ഇന്ത്യയെ വീണ്ടും വിമർശിച്ച് ട്രംപ്

ഇന്ത്യയിൽ യുഎസ് മോട്ടോർ സൈക്കിളുകൾക്ക് 50 ശതമാനം മുതൽ 100 ശതമാനം ഇറക്കുമതി തീരുവ ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹാർലി ഡേവിഡ്‌സൺ മോട്ടോർ സൈക്കിളുകൾക്ക് ഇന്ത്യ ചുമത്തുന്ന തീരുവയ്‌ക്കെതിരെ   മുൻപും ട്രംപ് രംഗത്തെത്തിയിട്ടുണ്ട്.

3. ജെറ്റ് എയർവേയ്‌സ്: 2 ക്രെഡിറ്റർമാർ ട്രിബ്യുണലിനെ സമീപിച്ചു

സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‌സിനെതിരെ രണ്ട് ക്രെഡിറ്റർമാർ നാഷണൽ കമ്പനി ലോ ട്രിബ്യുണലിനെ സമീപിച്ചു. ഷാമാൻ വീൽസ്, ഗാഗ്ഗർ എന്റർപ്രൈസസ്‌ എന്നിവരാണ് എയർലൈനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എൻസിഎൽടിയെ സമീപിച്ചിരിക്കുന്നത്. അതിനിടെ ബാങ്കുകളുമായി നടത്തിയിരുന്ന ഏറ്റെടുക്കൽ ചർച്ചകളിൽ നിന്ന് ഹിന്ദുജ ഗ്രൂപ്പ് പിന്മാറി. തങ്ങളുടെ നിലവിലുള്ള ഓഹരി പങ്കാളിത്തം ഉയർത്താൻ എത്തിഹാദും വിസമ്മതിച്ചു.

4. ബേസിക് സേവിങ്സ് അക്കൗണ്ടുകൾക്കുള്ള ചട്ടങ്ങൾ ലഘൂകരിച്ച് ആർബിഐ

ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ടുകൾക്കുള്ള ചട്ടങ്ങളിൽ ജൂലൈ ഒന്നുമുതൽ അയവ് വരുത്തണമെന്ന് ആർബിഐ. എടിഎം ഉൾപ്പെടെ മാസത്തിൽ നാല് തവണ പണം പിൻവലിക്കാൻ BSBD അക്കൗണ്ട് ഉടമകളെ അനുവദിക്കണമെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെക്ക് ബുക്ക് തുടങ്ങിയ സൗകര്യങ്ങളും ഈ അക്കൗണ്ടുകൾക്ക് അനുവദിക്കണം.

5. ഡിലോയ്റ്റിനും ബിഎസ്ആറിനും എതിരെ സർക്കാർ എൻസിഎൽടിയിൽ

ഐഎൽ & എഫ്എസ് ഫിനാൻഷ്യൽ സർവീസസിന്റെ ഓഡിറ്റർമാരായിരുന്ന ഡിലോയ്റ്റിനും ബിഎസ്ആറിനും എതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം നാഷണൽ കമ്പനി ലോ ട്രിബ്യുണലിനെ (എൻസിഎൽടി) സമീപിച്ചു. കെപിഎംജിയുടെ ഭാഗമായ കമ്പനിയാണ് ബിഎസ്ആർ അസോസിയേറ്റ്സ്. ഓഡിറ്റിംഗ് നടത്തുന്നതിൽ നിന്ന് ഈ കമ്പനികളെ അഞ്ചു വർഷത്തേക്ക് വിലക്കണമെന്നാണ് സർക്കാരിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here