നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 12  

ജിഡിപി കണക്കുകൂട്ടുന്ന രീതിയിൽ തെറ്റില്ലെന്ന് സർക്കാർ : പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

India GDP
-Ad-
1. ജിഡിപി കണക്കുകൂട്ടുന്ന രീതിയിൽ തെറ്റില്ലെന്ന് സർക്കാർ

രാജ്യത്തിൻറെ ജിഡിപി നിരക്ക് കണക്കുകൂട്ടുന്ന രീതിയിൽ തെറ്റില്ലെന്ന് സർക്കാർ. യുപിഎ, എൻഡിഎ സർക്കാരുകൾ ജിഡിപി കണക്കുകൾ പെരുപ്പിച്ചു കാട്ടിയെന്ന മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്റെ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2016-17 വരെ ജിഡിപി വളർച്ചാ നിരക്ക് 2.5 ശതമാനത്തോളം പെരുപ്പിച്ച് കാണിക്കുകയായിരുന്നെന്നാണ് അരവിന്ദ് സുബ്രമണ്യൻ പറഞ്ഞത്.

2. റിലയൻസ് ക്യാപിറ്റലിന്റെ ഓഡിറ്റർ പദവിയിൽ നിന്ന് പിഡബ്ള്യൂസി രാജിവച്ചു

റിലയൻസ് ക്യാപിറ്റലിന്റെയും റിലയൻസ് ഹോം ഫിനാൻസിന്റെയും  ഓഡിറ്റർ പദവിയിൽ നിന്ന് പിഡബ്ള്യൂസി രാജിവച്ചു. 2018-19 സാമ്പത്തിക വർഷത്തേക്കുള്ള അസസ്മെന്റിലെ ‘ചില നിരീക്ഷണങ്ങൾ’ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ഇവ തീർപ്പാക്കിയില്ലെങ്കിൽ കമ്പനിയുടെ സാമ്പത്തിക ഫലം വരുമ്പോൾ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നും പിഡബ്ള്യൂസി മുന്നറിയിപ്പ് നൽകുന്നു.

3. വാഹന വില്പന 18 വർഷത്തെ താഴ്ച്ചയിൽ

കാറുകളുടെയും മറ്റ് പാസഞ്ചർ വാഹനങ്ങളുടെയും വില്പന 18 വർഷത്തെ താഴ്ന്ന നിലയിലെത്തിയെന്ന് കണക്കുകൾ. മേയിൽ ആഭ്യന്തര പാസഞ്ചർ വാഹന വില്പന 20.55 ശതമാനം കുറഞ്ഞ  239,347 യൂണിറ്റിലെത്തി. സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈൽ മാനുഫാക്ച്വറേഴ്സ് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2001 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

-Ad-
4. ഉള്ളി കയറ്റുമതിക്കുള്ള ഇൻസെന്റീവ് റദ്ദാക്കി

ഉള്ളി കയറ്റുമതിക്കുള്ള ഇൻസെന്റീവ് കേന്ദ്രം റദ്ദാക്കി. ഫ്രഷ്, ചിൽഡ് വിഭാഗങ്ങൾക്ക് ഇത് ബാധകമാണ്. MEIS സ്കീമിന് കീഴിൽ 10 ശതമാനം ഇൻസെന്റീവ് ആണ് നല്കിക്കൊണ്ടിരുന്നത്. ആഭ്യന്തര വിപണിയിൽ ഉള്ളിക്ക് വില കൂടുന്നതിനാൽ കയറ്റുമതി കുറയ്ക്കാനാണ് ഈ നീക്കം.

5. ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ

മോട്ടോര്‍വാഹന നിയമങ്ങൾ ലംഘിക്കുന്നവര്‍ക്കുള്ള പിഴയും മറ്റ് ശിക്ഷകളും പരസ്യപ്പെടുത്തി പോലീസ്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 1000 രൂപ പിഴയീടാക്കും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here