ഇന്ന് നിങ്ങളറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 12

എസ്ബിഐ കാര്‍ഷിക വായ്പ ആപ്പു വഴി: പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

Phone
1. ടെലികോം കമ്പനികള്‍ നഷ്ടത്തില്‍; നേട്ടമുണ്ടാക്കിയത് ജിയോ മാത്രം 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ കണക്കു പ്രകാരം ഇന്ത്യയിലെ ടെലികോം ഭീമന്മാരുടെ കനത്ത നഷ്ടത്തിന്റെ വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. എയര്‍ടെല്ലിന്റെ വരുമാനം 8.7 ശതമാനം ഇടിഞ്ഞ് 5920.22 കോടിയും വോഡഫോണ്‍ എഡിയയുടെ വരുമാനം 1.25 ശതമാനം ഇടിഞ്ഞ് 7133.40 കോടിയിലുമെത്തി. എന്നാല്‍ നഷ്ടത്തിന്റെ പാതയിലും നേട്ടമുണ്ടാക്കിയ കമ്പനിയായി ജിയോ മാത്രമാണുള്ളത്. ഏപ്രില്‍ അവസാന റിപ്പോര്‍ട്ട് പ്രകാരം ജിയോയ്ക്ക് 31.5 കോടി വരിക്കാറുണ്ട്. ജിയോയുടെ വരുമാനം 3.6 ശതമാനം ഉയര്‍ന്ന് 9838.91 കോടിയായി.

2. എസ്ബിഐ കാര്‍ഷിക വായ്പയ്ക്ക് ആപ്പു വഴി അപേക്ഷിക്കാം

എസ്ബിഐ യോനോ ആപ്പ് വഴി എല്ലാ ബാങ്കിങ് ഇടപാടുകളും ഞൊടിയിടയിലാക്കാന്‍ ഇതിനോടകം എസ്ബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഞൊടിയിടയില്‍ കാര്‍ഷികവായ്പയും മറ്റ് ബാങ്കിങ് സേവനവും കൂടി ഇനി യോനോ ആപ്പിലൂടെ സാധ്യമാകും. യോനോ കൃഷി എന്ന ഭാഗം കൂടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്രി ലോണ്‍ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കാം. ഏതു തരം വായ്പയാണെന്നതു നോക്കി സെലക്ട് ചെയ്ത് അപ്ലൈ ലോണ്‍ എന്നത് നല്‍കുക. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഭൂരേഖ, തിരിച്ചറിയല്‍ രേഖകളിലേതെങ്കിലും എന്നിവ കൊടുക്കുമ്പോള്‍ റഫറല്‍ നമ്പര്‍ ലഭിക്കും. ഈ റഫറല്‍ നമ്പര്‍ അടുത്തുള്ള എസ്ബിഐ ബ്രാഞ്ചില്‍ നല്‍കിയാല്‍ ലോണ്‍ ലഭിക്കും.

3. വിസ്താര ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ ഉടന്‍

നിലവില്‍ ആഭ്യന്തര എയര്‍ലൈന്‍ സര്‍വീസ് നടത്തിയിരുന്ന വിസ്താര എയര്‍ലൈന്‍സ് രാജ്യാന്തര സര്‍വീസിലേക്കും കടക്കുന്നു. ഓഗസ്റ്റ് 6,7 തീയതികളില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് സിംഗപ്പൂരേക്ക് സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ പ്രതിവാരം 1200 ആഭ്യന്തര സര്‍വീസുകളാണ് വിസ്താര നടത്തുന്നത്. മികച്ച ഉപഭോക്തൃസേവനം കൊണ്ട് ശ്രദ്ധ നേടിയ വിസ്താര ടാറ്റ-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമാണ്.

4. പിഎൻബി തട്ടിപ്പ്: ചോക്‌സിയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

പിഎൻബി തട്ടിപ്പുമായി ബന്ധപ്പെട്ട് മെഹുൽ ചോക്‌സിയുടെ 24.77 കോടി രൂപയുടെ ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. ദുബായിയിലെ മൂന്ന് കൊമേർഷ്യൽ ആസ്തികൾ ഒരു ബെൻസ് കാർ, ബാങ്ക് അക്കൗണ്ട് എഫ്ഡികൾ എന്നിവ ഇതിലുൾപ്പെടും. നിലവിൽ ആന്റിഗ്വയിലാണ് ചോക്‌സി. 

5. 7 ദിവസത്തിനുള്ളിൽ ഡെറ്റ് റെസൊല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ ഡിഎച്ച്എഫ്എൽ 

ഏഴ് ദിവസത്തിനുള്ളിൽ ഡെറ്റ് റെസൊല്യൂഷൻ പ്ലാൻ സമർപ്പിക്കാൻ ഡിഎച്ച്എഫ്എൽ പദ്ധതിയിടുന്നു. ഒരു ലക്ഷം കോടി രൂപയോളം വരുന്ന ഔട്ട്സ്റ്റാന്റിംഗ് ലോണിന് റെസൊല്യൂഷൻ പ്ലാൻ തയ്യാറാക്കാൻ ബാങ്കുകളും കമ്പനിയുടെ ബോണ്ട് ഹോൾഡർമാരും വ്യാഴായ്ച യോഗം ചേർന്നിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here