ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ജനുവരി 3

1. വിജയാ-ദേനാ-ബാങ്ക് ഓഫ് ബറോഡ ലയനത്തിന് മന്ത്രിസഭ അനുമതി

പൊതുമേഖലാ ബാങ്കുകളായ വിജയാ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ബിഒബി മാറും. ഏപ്രിൽ ഒന്നിന് ലയനം നിലവിൽ വരും.

2. കേരളത്തിൽ ഹർത്താലിൽ പരക്കെ അക്രമം

ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തുന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ അക്രമം. നിരവധി കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

3. ജിഎസ്ടി കൗൺസിലിന്റെ ഫോക്കസ് ഇനി റിയൽ എസ്റ്റേറ്റിലും ചെറുകിട വ്യാപാരത്തിലും

ജനുവരി പത്തിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം റിയൽ എസ്റ്റേറ്റ്, ചെറുകിട വ്യാപാരികൾഎന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് നിലവിൽ 12 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഇളവ് നൽകുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ യോഗത്തിന് ശേഷം സൂചിപ്പിച്ചിരുന്നു.

4. ജെറ്റ് എയർവേയ്‌സിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പിന്നാലെ ജെറ്റ് എയർവേയ്‌സിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഐക്ര 'D' യിലേക്ക് താഴ്ത്തി. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ജെറ്റ് എയർവേയ്‌സ് എസ്ബിഐ നയിക്കുന്ന ബാങ്ക് കൺസോർഷ്യത്തിനുള്ള റീ പേയ്‌മെന്റാണ് മുടക്കിയത്. ഡിസംബർ 31 ആയിരുന്നു വായ്പാ തിരിച്ചടക്കേണ്ടതിന്റെ അവസാന തീയതി.

5. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർന്ന സാമ്പത്തിക വളർച്ച നിലനിർത്തും

2019-20 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർന്ന സാമ്പത്തിക വളർച്ച നിലനിർത്തുമെന്ന് ധനകാര്യ മന്ത്രാലയം. 2014-15 മുതൽ 2017-18 വരെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകൾ കൈവരിച്ച വളർച്ചാ നിരക്കിനെക്കാൾ കൂടുതലാണ്. 2018-19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 7.6 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it