ഇന്ന് നിങ്ങളറിയേണ്ട 5 പ്രാധാന വാര്‍ത്തകള്‍; ഒക്ടോബര്‍ 14

1.ധനമന്ത്രിയുടെ അധ്യക്ഷതയില്‍ പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം ഇന്ന്

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് പൊതുമേഖലാ ബാങ്ക് സിഇഒമാരുടെ അവലോകന യോഗം ചേരും. സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഭാഗമായയുള്ള ധനലഭ്യതയിലെ പുരോഗതി ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണു സൂചന.

2.ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറു ശതമാനമായി കുറയും: ലോക ബാങ്ക്

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദങ്ങളിലെ വളര്‍ച്ചനിരക്കില്‍ ഇടിവു രേഖപ്പെടുത്തിയതിനു പിന്നാലെ ഇന്ത്യയുടെ ഇക്കൊല്ലത്തെ സാമ്പത്തികവളര്‍ച്ചാ അനുമാനം ലോക ബാങ്ക് ആറുശതമാനമായി കുറച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.9 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. കഴിഞ്ഞ ഏപ്രിലില്‍ പ്രവചിച്ച 7.5 ശതമാനത്തില്‍ നിന്നാണ് വളര്‍ച്ചനിരക്ക് ലോകബാങ്ക് കുറയ്ക്കുന്നത്. ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചാനിരക്കില്‍ ലോകബാങ്ക് കുറവുവരുത്തിയത്.

3.2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന പ്രചാരണം തള്ളി റിസര്‍വ് ബാങ്ക്

2000 രൂപ നോട്ട് പിന്‍വലിക്കുമെന്ന പ്രചാരണം തെറ്റെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ഇതു സംബന്ധിച്ച വ്യാജസന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം. 2020 ജനുവരി ഒന്ന് മുതല്‍ പുതിയ 1000 രൂപ നോട്ട് നിലവില്‍ വരുമെന്നും അതിനാല്‍ 2000 രൂപ നോട്ട് റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയാണെന്നുമുള്ള സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

4.ബാങ്കിന്റെ കുറ്റം മൂലം എടിഎം ഇടപാട് പരാജയപ്പെട്ടാല്‍ പിഴ

എടിഎം കാര്‍ഡ് ഇടപാടുകള്‍ പരാജയപ്പെട്ടാല്‍ പണം തിരികെ ലഭിക്കാനുള്ള സമയപരിധി ആര്‍ബിഐ നിശ്ചയിച്ചു. അഞ്ചു ദിവസമാണ് അക്കൗണ്ടില്‍ തിരികെ പണം വരവുവെയ്ക്കുന്നതിന് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. അതുകഴിഞ്ഞാല്‍ പ്രതിദിനം 100 രൂപവീതം അക്കൗണ്ട് ഉടമയ്ക്ക് നല്‍കേണ്ടിവരും. ഐഎംപിഎസ്, യുപിഐ, ഇ-വാലറ്റ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്കും നിര്‍ദേശം ബാധകമാണ്. ഉപഭോക്താവിന്റേതല്ലാത്ത കാരണത്താന്‍ പണമിടപാട് തടസ്സപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ബാങ്കിനാണെന്ന് ആര്‍ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നു.

5.അദാനി ഗ്യാസ് ലിമിറ്റഡില്‍ ഫ്രഞ്ച് കമ്പനി 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ലോകത്തിലെ അതിവേഗം വളരുന്ന പ്രകൃതി വാതക വിപണികളിലൊന്നായ ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കാന്‍ ഫ്രാന്‍സിലെ വന്‍ ഊര്‍ജ്ജ കമ്പനിയായ ടോട്ടല്‍ എസ്എ 600 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും.

പ്രകൃതി വാതക ഇറക്കുമതി ടെര്‍മിനലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അദാനി ഗ്യാസ് ലിമിറ്റഡില്‍ 37.4 ശതമാനം ഓഹരി വാങ്ങാന്‍ ടോട്ടല്‍ സമ്മതിച്ചു, വാഹനങ്ങള്‍ക്കായുള്ള സി എന്‍ ജി ഔട്ട്ലെറ്റുകളുടെ ദേശീയ ശൃംഖല യാഥാര്‍ത്ഥ്യമാക്കാനും അദാനി ശ്രമമാരംഭിച്ചുകഴിഞ്ഞു.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it