നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 5

1. കിട്ടാക്കടം: പുതിയ സർക്കുലർ ഇറക്കുമെന്ന് ആർബിഐ

കിട്ടാക്കടം സംബന്ധിച്ച ആർബിഐ സർക്കുലർ സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് പുതിയ സർക്കുലർ പുറത്തിറക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മുടങ്ങിയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കമ്പനികള്‍ക്ക് 180 ദിവസം അനുവദിച്ചുള്ള 2018 ഫെബ്രുവരി 12-ലെ സർക്കുലറാണ് റദ്ദാക്കപ്പെട്ടത്.

2. ഇന്ത്യയുടെ റേറ്റിംഗ് ‘BBB-’ തന്നെ നിലനിർത്തി ഫിച്ച് റേറ്റിംഗ്‌സ്

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘BBB-’ തന്നെ നിലനിർത്തി ഫിച്ച് റേറ്റിംഗ്‌സ്. 13 വർഷത്തോളമായി ഫിച്ച് ഇന്ത്യയുടെ റേറ്റിംഗിൽ മാറ്റം വരുത്തിയിട്ടില്ല. 2020 സാമ്പത്തിക വർഷത്തിൽ ജിഡിപി 6.8 ശതമാനം ഉയരുമെന്നാണ് ഏജൻസി കണക്കാക്കുന്നത്. ഇപ്പോഴത്തെ സർക്കാർ നേടിയ ഭൂരിപക്ഷം അടുത്ത സർക്കാരിന് ഉണ്ടാക്കാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

3. സ്വിഗ്ഗി-യൂബർ ഈറ്റ്സ് ലയനം ഇപ്പോഴില്ല

പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമുകളായ സ്വിഗ്ഗിയും യൂബർ ഈറ്റ്സും ലയന ചർച്ചകൾ നിർത്തിവെച്ചു. മാസങ്ങളായി ചർച്ചകൾ നടന്നുവരികയായിരുന്നു. നികുതി വ്യവസ്ഥകൾ സംബന്ധിച്ചും മറ്റ് സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും തീരുമാനമെടുക്കാൻ സാധിക്കാതിരുന്നതിനാലാണ് ചർച്ചകൾ നിർത്തിവെക്കേണ്ടി വന്നത്.

4. ആക്സിസ് ബാങ്ക് 50 മാനേജർമാരെ പിരിച്ചുവിടുന്നു

അൻപതോളം മിഡ്-ലെവൽ മാനേജർമാരെ പിരിച്ചുവിടാൻ ആക്സിസ് ബാങ്ക്. പുതിയ ചീഫ് എക്സിക്യൂട്ടീവിന് കീഴിൽ കമ്പനി നടത്തുന്ന റീസ്ട്രക്ച്ചറിംഗ്, ചെലവു ചുരുക്കൽ എന്നീ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. കോർപറേറ്റ്, റീറ്റെയ്ൽ ബാങ്കിംഗ് രംഗത്ത് സേവനമനുഷ്ഠിച്ചിരുന്നവരാണ് പലരും.

5. 303 നാമനിർദേശപത്രികകൾ: സൂക്ഷ്മപരിശോധന ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കായി ലഭിച്ചത് 303 നാമനിർദേശപത്രികകൾ. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലുള്ളതിനേക്കാൾ 93 എണ്ണം കുറവാണ്. സൂക്ഷ്മപരിശോധന വെള്ളിയാഴ്ച നടക്കും. ഏപ്രിൽ എട്ടാണ് പിൻവലിക്കാനുള്ള അവസാനദിവസം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it