ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.29

1. 7 പൊതുമേഖലാ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും

ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ മന്ത്രിസഭയുടെ ധനകാര്യ സമിതി അനുമതി നൽകി. ആറ് സ്ഥാപനങ്ങൾ ഐപിഒ വഴിയും കുദ്രേമുഖ് ഇരുമ്പുരുക്ക് കമ്പനി ഫോളോ ഓൺ പബ്ലിക് ഓഫർ വഴിയുമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുക. ഐപിഒ നടത്തുന്ന സ്ഥാപനങ്ങൾ: ടെലികമ്യൂണിക്കേഷൻസ് ഇന്ത്യ ലിമിറ്റഡ്, റെയിൽടെൽ കോർപ്പറേഷൻ ഇന്ത്യ, നാഷണൽ സീഡ്‌സ് കോർപ്പറേഷൻ ഇന്ത്യ, വാട്ടർ ആൻഡ് പവർ കൺസൾട്ടൻസി സർവീസസ്, ആരവലി ജിപ്‌സം ആൻഡ് മിനറൽസ്.

2. ഉള്ളി കയറ്റുമതിക്ക് ഇൻസെന്റീവ് ഉയർത്തി

ഉള്ളി കയറ്റുമതിക്കുള്ള ഇൻസെന്റീവ് അഞ്ച് ശതമാനത്തിൽ നിന്ന് 10 ശതമാനമാക്കി വർധിപ്പിച്ചു. ആഭ്യന്തര വിപണിയിലെ ഉള്ളിവില ഉയർത്താനാണ് നടപടി. മെർച്ചൻഡൈസ്‌ എക്സ്പോര്ട്സ് ഫ്രം ഇന്ത്യ സ്കീമിന് (MEIS) കീഴിൽ ഉള്ളി കയറ്റുമതി ചെയ്യുന്നവർക്കാണ് ഇൻസെന്റീവ് ലഭിക്കുക.

3. 2022 ൽ ബഹിരാകാശത്തേക്ക് ആളെ അയക്കാൻ ഇന്ത്യ

10,000 കോടി രൂപ ചെലവിൽ മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭാ അനുമതി നൽകി. മൂന്ന് പേർക്ക് ഏഴു ദിവസം ബഹിരാകാശത്തു തങ്ങാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 2022നകം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ ബഹിരാകാശത്തേക്ക് സ്വന്തമായി മനുഷ്യരെ അയയ്ക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

4. ഇന്ത്യൻ ചികിത്സാ രീതികൾക്ക് ദേശീയ കമ്മീഷൻ

ഇന്ത്യൻ ചികിത്സാ രീതികൾക്ക് ദേശീയ കമ്മീഷൻ രൂപീകരിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിലവിലെ സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിന് (CCIM) പകരമാണ് കമ്മീഷൻ. ആയുർവേദം, യുനാനി, സിദ്ധ തുടങ്ങിയ ചികിത്സാരീതികൾ ഇതിന് കീഴിൽ വരും.

5. കൊപ്രയുടെ താങ്ങുവില കൂട്ടി

കൊപ്രയുടെ മിനിമം താങ്ങുവില കൂട്ടി. മിൽ കൊപ്രയുടെ താങ്ങുവില 9521 രൂപയായാണ് വർധിപ്പിച്ചത്. നിലവില്‍ ക്വിന്റലിന് 7511 രൂപയാണ് വില. ഉണ്ട കൊപ്രയുടെ താങ്ങുവിലയിൽ 2170 രൂപയുടെ വര്‍ധന. ക്വിന്റലിന് 9920 രൂപയാണ് പുതുക്കിയ നിരക്ക്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it