ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജനുവരി 21

1. സാമ്പത്തിക വളർച്ച: ഇന്ത്യ ഈ വർഷം ബ്രിട്ടനെ മറികടക്കും

സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഈ വർഷം ഇന്ത്യ ബ്രിട്ടനെ മറികടക്കുമെന്ന് പിഡബ്ള്യൂസിയുടെ പഠന റിപ്പോർട്ട്. 2019 -ൽ യുകെയുടെ ജിഡിപി വളർച്ച 1.6 ശതമാനവും ഫ്രാൻസിന്റേത് 1.7 ശതമാനവും ഇന്ത്യയുടേത് 7.6 ശതമാനവുമായിരിക്കുമെന്ന് പിഡബ്ള്യൂസി കണക്കുകൂട്ടുന്നു. വേൾഡ് ബാങ്കിന്റെ കണക്കനുസരിച്ച് 2017-ൽ ഇന്ത്യ ഫ്രാൻസിനേക്കാൾ വലിയ സമ്പദ് വ്യവസ്ഥയായിരുന്നു.

2. എൽഐസിയുടെ വിപണി വിഹിതം കുറയുന്നു

ലൈഫ് ഇൻഷുറൻസ് ബിസിനസിൽ എൽഐസിയുടെ വിപണി വിഹിതം കുറയുന്നെന്ന് റിപ്പോർട്ട്. 2013-14 വർഷത്തിൽ 75 ശതമാനം മാർക്കറ്റ് ഷെയർ ഉണ്ടായിരുന്ന സ്ഥാനത്ത് 2017-18 ൽ 69 ശതമാനമാണ്. ഡിജിറ്റൽ സാന്നിധ്യത്തിന്റെ കുറവും, ഉയർന്ന പ്രീമിയവും, പരമ്പരാഗത രീതിയിലുള്ള പദ്ധതികളിന്മേൽ ഉള്ള അമിത ആശ്രയത്വവുമാണ് ഇതിന് പിന്നിലെന്ന് മാധ്യമ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

3. ബ്രെക്സിറ്റ്‌ പരാജയം: തെരേസ മേയുടെ 'പ്ലാൻ ബി'

ആദ്യ ബ്രെക്സിറ്റ്‌ കരാർ പാർലമെന്റ് തള്ളിയതിന് പിന്നാലെ ബ്രെക്സിറ്റ്‌-'പ്ലാൻ ബി'യുമായി ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേ. ഇന്ന് പുതിയ കരാർ പാർലമെന്റിൽ അവതരിപ്പിക്കും. മാർച്ച് 29 നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്. അതിന് മുൻപേ ബ്രെക്സിറ്റ്‌ കരാർ തീർപ്പാക്കേണ്ടത് ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.

4. വ്യാപാര യുദ്ധം: ചൈനയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 28 വർഷത്തെ താഴ്ന്ന നിലയിൽ

ചൈനയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറയുന്നു. നാലാം പാദത്തിൽ 6.4 ശതമാനമാണ് ചൈനീസ് സമ്പദ് വ്യവസ്ഥ വളർന്നത്. ഇത് 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ്. യുഎസുമായുള്ള വ്യാപാര യുദ്ധമാണ് ഇതിന് പിന്നിലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2018 ലെ ജിഡിപി വളർച്ചാ നിരക്ക് 6.6 ശതമാനമായി കുറഞ്ഞു. ഇത്
1990 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.

5. പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന്​ ഇന്ന് തുടക്കം

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയിൽ തുടക്കം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിർവഹിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it