ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 7

1. വിമാന ഇന്ധനത്തിന്റെ നികുതി കുറച്ചു

വിമാന ഇന്ധനത്തിന്റെ നികുതി 28.75 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കഴിഞ്ഞമാസം എണ്ണക്കമ്പനികൾ എടിഎഫിന്റെ വില കുറച്ചിരുന്നു. വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 35-40 ശതമാനത്തോളം ഇന്ധനവിലയാണ്. ഇതോടൊപ്പം നിയമസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇടുക്കി ജില്ലക്കായി 5000 കോടിയുടെ വികസന പാക്കേജ് അനുവദിക്കുകയും ചെയ്തു.

2. വൊഡാഫോൺ-ഐഡിയ്ക്ക് റെക്കോർഡ് നഷ്ടം

റിലയൻസ് ജിയോയിൽ നിന്ന് കടുത്ത മത്സരം നേരിടുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനിയായ വൊഡാഫോൺ-ഐഡിയ്ക്ക് റെക്കോർഡ് നഷ്ടം രേഖപ്പെടുത്തി. ഒക്ടോബർ-ഡിസംബർ ത്രൈമാസപാദത്തിൽ 5,005 കോടി രൂപയാണ് നഷ്ടം. രണ്ടാം പാദത്തിൽ 4,974 കോടിയായിരുന്നു നഷ്ടം. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് വരുമാനത്തിൽ 2% ഇടിവാണുണ്ടായത്.

3. ഐറ്റി റിട്ടേൺ സമർപ്പിക്കാൻ പാൻ-ആധാർ ലിങ്കിംഗ് നിർബന്ധം

ഐറ്റി റിട്ടേൺ സമർപ്പിക്കാൻ പാൻ-ആധാർ ലിങ്കിംഗ് നിർബന്ധമാണെന്ന് സുപ്രീം കോടതി. ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് എസ്. അബ്ദുൽ നസീർ എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

4. മണപ്പുറം ഗ്രൂപ്പ്: ലാഭം 244.11 കോടി രൂപ

2018-2019 സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 244.11 കോടി രൂപ കടന്നു. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കൈവരിച്ച 171.73 കോടിയേക്കാള്‍ 42 ശതമാനം വര്‍ധനവാണു കമ്പനി നേടിയിരിക്കുന്നത്. സബ്സിഡിയറീസ് ഒഴിച്ചുള്ള കമ്പനിയുടെ അറ്റാദായം 24.4 ശതമാനം ഉയര്‍ന്ന് 210.83 കോടിയായി.

5. ഓയോ റൂംസ് യുഎസിലേക്ക്

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ റൂംസ് യുഎസിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. സോഫ്റ്റ് ബാങ്കിൽ നിന്ന് ഒരു ബില്യൺ ഡോളർ ഫണ്ട് ഈയിടെ ഓയോ നേടിയിരുന്നു. യുകെ, ഇന്തോനേഷ്യ, ചൈന, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഒയോയ്ക്ക് സാന്നിധ്യമുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it