നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 26

1. 270 കോടിയുടെ ഫ്‌ളോട്ടിങ് വെസൽ ഓർഡർ കൊച്ചി കപ്പൽശാലയ്ക്ക്

ആഭ്യന്തര മന്ത്രാലയത്തിന്റെ 270 കോടി രൂപയുടെ ഓർഡർ കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ചു. ഒൻപത് ഫ്‌ളോട്ടിങ് ബോർഡർ ഔട്ട്പോസ്റ്റ് വെസലുകൾക്കാണ് (FBOPs) ഓർഡർ. ബോർഡർ സെക്യൂരിറ്റി 'ഫോഴ്സിനുള്ള മൂന്നെണ്ണം 18 മാസത്തിനകം നിർമിച്ചുനൽകുമെന്ന് ഷിപ്‌യാർഡ് അറിയിച്ചു. ബാക്കിയുള്ളവ മൂന്നെണ്ണം വീതം 9 മാസത്തെ ഇടവേളകളിൽ നിർമിച്ചു നൽകും.

2. അബുദാബിയിൽ എണ്ണ, വാതക പര്യവേക്ഷണം നടത്താൻ ഇന്ത്യൻ കമ്പനികൾ

അബുദാബിയിൽ എണ്ണ, വാതക പര്യവേക്ഷണം നടത്താൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ) എന്നിവ ചേർന്ന കൺസോർഷ്യവും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (അഡ്‌നോക്) തമ്മിൽ കരാർ ഒപ്പിട്ടു. ഇന്ത്യൻ കൺസോർഷ്യം 62.6 കോടി ദിർഹത്തിന്റെ നിക്ഷേപമാണ് നടത്തുന്നത്.

3. വൈദ്യുത വാഹനങ്ങൾ: പെർമിറ്റ് ഏപ്രിൽ മുതൽ

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനായി സർക്കാർ പ്രഖ്യാപിച്ച രണ്ടാം ഘട്ട ഫെയിം പദ്ധതിപ്രകാരം മൂന്ന് ചക്രവും നാലു ചക്രവുമുള്ള വാഹനങ്ങൾ നിർമിക്കുന്ന കമ്പനികൾ അടുത്തമാസം മുതൽ പ്രത്യേക പെർമിറ്റ് എടുക്കണം. പൊതുഗതാഗതത്തിന് മാത്രമേ ഈ വാഹങ്ങൾ ഉപയോഗിക്കൂ എന്ന് സാക്ഷ്യപ്പെടുത്തുന്ന പെർമിറ്റാണിത്. ഈ പെർമിറ്റ് ഉള്ളവർക്കേ പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളു.

4. കെ.ബി ജോർജ് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് സിഎംഡി

തിരുവനന്തപുരം ആസ്ഥാനമായ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലൈഫ് കെയർ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി കെ.ബി ജോർജിനെ നിയമിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം.

5. സെന്‍സെക്‌സില്‍ നേട്ടത്തോടെ തുടക്കം

തിങ്കളാഴ്ചയിലെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 91 പോയന്റ് ഉയര്‍ന്ന് 37900ലും നിഫ്റ്റി 33 പോയന്റ് നേട്ടത്തില്‍ 11387ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 983 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 441 ഓഹരികള്‍ നഷ്ടത്തിലുമാണ്. നരേഷ് ഗോയലും ഭാര്യ അനിത ഗോയലും ജെറ്റ് എയര്‍വേയ്‌സിന്റെ ബോര്‍ഡില്‍നിന്ന് രാജിവെച്ചതിനെതുടര്‍ന്ന് ഓഹരി വില 7 ശതമാനം ഉയർന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it