കോവിഡ്19 : ചൈനയുടേത് കള്ളക്കണക്കെന്ന് ട്രംപ്; അല്ലെന്ന് ഡബ്‌ളിയു.എച്ച്.ഒ

കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് ചൈന മറച്ചുവെക്കുകയാണെന്ന ആരോപണം ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വുഹാനിലെ മരണനിരക്കും രോഗം ബാധിച്ചവരുടെ എണ്ണവും പുതുക്കി ചൈന പുതിയ കോവിഡ് കണക്കുകള്‍ പ്രസിദ്ധപ്പെടുത്തിയതിനു പിന്നാലെയാണ് ചൈനയുടെ സത്യസന്ധത വീണ്ടും ട്രംപ് ചോദ്യം ചെയ്തത്.

'അദൃശ്യ ശത്രു മൂലമുണ്ടായ മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചെന്നാണ് ചൈന ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.എന്നാല്‍, യഥാര്‍ത്ഥ കണക്ക് അതിലും വളരെ മുകളിലായിരിക്കും. അമേരിക്കയിലെ നിരക്കിനേക്കാളും വളരെ മുകളിലായിരിക്കും. അടുത്തുപോലുമായിരിക്കില്ല'- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, മരണ സംഖ്യ തിരുത്തിയ ചൈനയുടെ നടപടിയില്‍ അപാകത കണ്ടെത്താനാകില്ലെന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമായിക്കഴിഞ്ഞാല്‍ ഒട്ടേറെ രാജ്യങ്ങള്‍ ചൈന ചെയ്തതു പോലെ തങ്ങളുടെ കോവിഡ് മരണ കണക്കുകളില്‍ തിരുത്തല്‍ വരുത്തുമെന്ന് ഡബ്‌ളിയു.എച്ച്.ഒ യുടെ കോവിഡ് ടെക്നിക്കല്‍ മേധാവിയായ മരിയ വാന്‍ കെര്‍ക്കോവ് പറയുന്നു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വുഹാനില്‍ കഴിഞ്ഞ ദിവസം 50% വര്‍ധിച്ചിരുന്നു. കോവിഡ് മരണ കണക്കുകള്‍ പുനഃപരിശോധിച്ച് തിരുത്തിയതിന്റെ ഭാഗമായിട്ടായിരുന്നു അത്. കണക്കുകള്‍ തിരുത്തിയ ചൈനീസ് നടപടിയെ മറ്റ് രാജ്യങ്ങള്‍ സംശയത്തോടെ കണ്ടിരുന്നു.' കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണവും മരണപ്പെട്ടവരുടെ എണ്ണവും തിട്ടപ്പെടുത്തുക എന്നത് പകര്‍ച്ചവ്യാധികാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളി തന്നെയാണ്. എല്ലാ രാജ്യങ്ങളും സമാനമായ സാഹചര്യത്തിലൂടെ കടന്നു പോകുമെന്നാണ് ഞാന്‍ കരുതുന്നത്. തങ്ങള്‍ എല്ലാവരുടെയും കണക്കുകള്‍ ഉള്‍പ്പെടുത്തിയോ എന്നും തങ്ങളുടെ കണക്കുകള്‍ കൃത്യമായിരുന്നോ എന്നും അവര്‍ പുനപരിശോധിക്കും'- മരിയ വാന്‍ കെര്‍ക്കോവ് ചൂണ്ടിക്കാട്ടി.

വുഹാനിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ന്നതിനാല്‍ പല രോഗികളും വീടുകളിലായിരുന്നു മരിച്ചത്. മാത്രവുമല്ല രോഗികളെ പരിചരിക്കുന്ന തിരക്കുകളിലായതിനാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ വൈകി. എല്ലാ രാജ്യങ്ങളും ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നു പോകുമെന്നു ലോകാരോഗ്യ സംഘടന എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാനും പറഞ്ഞു.1290 മരണങ്ങളാണ് വുഹാനില്‍ പുതുതായി രേഖപ്പെടുത്തിയത്. ഇതോടെ ചൈനയില്‍ മരിച്ചവരുടെ എണ്ണം 4636 ആയി.

2019 അവസാനം വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് ഇതുവരെ 22 ലക്ഷത്തിലധികം പേരെയാണ് ബാധിച്ചത്. ഒന്നര ലക്ഷത്തോളം പേരാണ് ലോകമെമ്പാടും മരിച്ചത്. നിലവില്‍ ലോകത്ത് ഏറ്റവുമധികം രോഗികളും മരണവും റിപ്പോര്‍ട്ട് ചെയ്തതും യു.എസിലാണ്. കോവിഡ്19 വിഷയത്തില്‍ ചൈനയുടെ താളത്തിനൊത്ത് ഡബ്‌ളിയു.എച്ച്.ഒ തുള്ളുന്നതായി ആരോപിച്ച് അമേരിക്കയില്‍ നിന്നുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

വൈറസ് വ്യാപനത്തിന്റെ പേരില്‍ ചൈനക്കെതിരെ ട്രംപ് കടുത്ത ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ യു.എസ് ഇന്റലിജന്‍സ് കോവിഡിന്റെ ഉറവിടം അന്വേഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. വുഹാന്‍ നഗരത്തിലെ വന്യമൃഗ മാംസ ചന്തയില്‍നിന്ന് മനുഷ്യരിലേക്കു പടര്‍ന്നതെന്ന് കരുതപ്പെടുന്ന വൈറസിന്റെ ഉത്ഭവമാണ് അന്വേഷിക്കുന്നത്.

വന്യമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കെത്തിയ വൈറസ് എന്നാണ് ചൈന നല്‍കിയ വിശദീകരണം. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല. വൈറസ് ചൈനയുടെ നിര്‍മിതിയാണെന്നാണ് ട്രംപിന്റെ ആരോപണം. ചൈന ലബോറട്ടറിയില്‍ ജൈവായുധമായി വികസിപ്പിച്ചെടുത്ത വൈറസ് ചോര്‍ന്നതാണെന്നും ആഗോളതലത്തില്‍ ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് യു.എസ് ഇന്റലിജന്‍സ് കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയത്. വൈറസ് വ്യാപനം, മറ്റു സാധ്യതകള്‍ എന്നിവയും ഏജന്‍സി പരിശോധിക്കും.

നേരത്തെ, യു.എസ് മാധ്യമമായ ഫോക്സ് ന്യൂസ് കോവിഡ് ചൈനയുടെ തന്ത്രമാണെന്നും ആഗോളപകര്‍ച്ചവ്യാധി നേരിടാന്‍ യു.എസ് അടക്കമുള്ള രാജ്യങ്ങളെക്കാള്‍ മികച്ച സംവിധാനമാണ് തങ്ങള്‍ക്കുള്ളതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വാദിച്ചിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്കോ മറ്റുള്ള ആരോപണങ്ങള്‍ക്കോ തെളിവുകളില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it