എച്ച്1ബി വിസ മരവിപ്പിക്കാന്‍ ട്രംപിന്റെ നീക്കം;ഇന്ത്യന്‍ ടെക്കികള്‍ ആശങ്കയില്‍

എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ അടക്കം വ്യാപകമായി ബാധിക്കുന്ന തീരുമാനത്തിലേക്ക് യു എസ് നീങ്ങുന്നത്. വിസ സസ്പെന്‍ഡ് ചെയ്യുന്നതോടെ നിരവധിപ്പേര്‍ തൊഴില്‍രഹിതരാകും.

ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ വിസകള്‍ അനുവദിക്കുന്നതും ഈ കാലയളവിലാണ്. അതിനു മുമ്പായി വിസ പുതുക്കല്‍ നിര്‍ത്താനാണ് നീക്കമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ അമേരിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായതാണ് പ്രധാന കാരണം.

വിസ സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയിലേക്ക് തിരികെ പ്രവേശിക്കാനാകില്ല. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് സാധാരണയായി എച്ച്1ബി വിസ അനുവദിക്കാറുള്ളത്. ഇന്ത്യക്കാരാണ് ഈ വിസയുടെ വലിയ ഉപയോക്താക്കള്‍. അതിനാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരെ വിസ സസ്പെന്‍ഷന്‍ പ്രതികൂലമായി ബാധിക്കും. കൊറോണ പടര്‍ന്നു പിടിച്ചതോടെ എച്ച്1 ബി വിസയിലുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കന്‍ പൗരന്മാര്‍ക്ക് ജോലി ലഭിക്കാവുന്ന തരത്തില്‍ കരിയര്‍ വിദഗ്ധര്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ഭരണകൂടം പരിഗണിച്ചു വരികയാണ്. ഇതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. എച്ച്1ബി വിസയ്ക്കു കൊണ്ടുവരുന്ന നിയന്ത്രണം സാധാരണ തൊഴിലാളികള്‍ക്കായുള്ള ഹ്രസ്വകാല എച്ച് 2ബി വിസയ്ക്കും ബാധകമാക്കാനാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it