കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് അമേരിക്ക; മരണം 3,100 കവിഞ്ഞു

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ അടുത്ത 30 ദിവസം അമേരിക്കയ്ക്ക് ഏറ്റവും നിര്‍ണായകമാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രോഗം ബാധിച്ചവരുടെ എണ്ണം 164,000 ആയി ഉയര്‍ന്നതായും മരണ സംഖ്യ രാജ്യത്ത് 3,100 കവിഞ്ഞതായും അദ്ദേഹം സ്ഥിരീകരിച്ചു. അരലക്ഷത്തിലേറെ രോഗികള്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്.

പ്രതിരോധ നടപടികള്‍ ശക്തമാക്കിക്കൊണ്ട് ട്രംപ് രാജ്യത്ത് ഏപ്രില്‍ അവസാനം വരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. യുഎസാണ് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇപ്പോള്‍ സത്യമായിരിക്കുകയാണ്.
അമേരിക്കയിലെ 330 ദശലക്ഷത്തിലധികം ജനസംഖ്യയില്‍ 250 ദശലക്ഷത്തിലധികം പേര്‍ സാമൂഹിക അകലം പാലിക്കല്‍ നിബന്ധനയിലാണ്.
കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റേസ്ട്രാക്കുകള്‍, പബ്ലിക് പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.

മറ്റൊരു രാജ്യത്തും ഉണ്ടാകാത്ത വിധം ഇതുവരെ ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാരെയാണ് കൊറോണ വൈറസിനായുള്ള പരീക്ഷണത്തിനു വിധേയമാക്കിയത്. പരിശോധനാ നിരക്ക് ഇപ്പോള്‍ പ്രതിദിനം 100,000 ആക്കിക്കഴിഞ്ഞു. ടെസ്റ്റിംഗ് കിറ്റുകളുടെയും വെന്റിലേറ്ററുകള്‍, ഫെയ്‌സ് മാസ്‌കുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെയും നിര്‍മ്മാണം വര്‍ദ്ധിച്ചുവരികയാണെന്നും വരും ആഴ്ചകളില്‍ ഈ രംഗത്ത് ഒരു കുറവും ഉണ്ടാകില്ലെന്നും ട്രംപ് പറഞ്ഞു.

കടുത്ത നടപടികള്‍ ഉണ്ടാകാത്തപക്ഷം, യു.എസില്‍ മരണസംഖ്യ 100,000 മുതല്‍ 200,000 വരെയായി ഉയരാനിടയുണ്ടെന്ന വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ഡെബോറ ബിക്‌സിന്റെ അഭിപ്രായം ജനങ്ങളില്‍ പരിഭ്രാന്തി വിതച്ചിരുന്നു. പുതിയ വിവരങ്ങളുടെ വിശകലനം ഉടന്‍ ട്രംപിനു മുമ്പാകെ സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നു നിഷ്‌കര്‍ഷിക്കാനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.രാജ്യത്ത് ഒരുലക്ഷം പേരെങ്കിലും മരിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ്-19 ബാധിച്ച രാജ്യമായി മാറിക്കഴിഞ്ഞു അമേരിക്ക, കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയെ കടത്തിവെട്ടിയാണ് അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതെത്തിയത്. മരണസംഖ്യ ഓരോ ദിവസവും കുതിച്ചുയരുകയാണ്. കേരളത്തേക്കാള്‍ കുറവ് ജനസംഖ്യയുള്ള ന്യൂയോര്‍ക്കില്‍ മാത്രം മരണസംഖ്യ 1200 കടന്നു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ മറ്റു സംസ്ഥാനങ്ങളുടെ ഉള്‍പ്പെടെ സഹായം തേടിയിരിക്കുകയാണ്.

വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏപ്രില്‍ അവസാനം വരെ നീട്ടാന്‍ ട്രംപ് ഉത്തരവിട്ടു. നേരത്തെ 15 ദിവസത്തെ നിയന്ത്രണമായിരുന്നു പ്രഖ്യാപിച്ചത്. ആളുകള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടാന്‍ പാടില്ല. റസ്റ്റോറന്റുകളിലും ബാറുകളിലും കൂട്ടംകൂടി പോകരുതെന്നും നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചു.

ന്യൂയോര്‍ക്ക് ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെ ആശുപത്രികളെല്ലാം ദിവസങ്ങള്‍ക്ക് മുമ്പുതന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. ഇനി ഒരു രോഗിയെ പോലും ഉള്‍ക്കൊള്ളാനാകാത്ത സ്ഥിതിയിലാണ് പല ആശുപത്രികളും. രോഗികളുടെ എണ്ണമാണെങ്കില്‍ ദിവസംതോറും കുതിച്ചുയരുകയാണ്. പതിനായിരത്തിലേറെ ആളുകള്‍ക്കാണ് ഓരോ ദിവസവും പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. പലരുടെയും ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത് അത്യാവശ്യവുമാണ്. ഈ പ്രതിസന്ധിയില്‍ സഹായവുമായി യുഎസ് നാവികസേനയുടെ ആശുപത്രി കപ്പല്‍ ന്യൂയോര്‍ക്കിലെത്തി.ഇതില്‍ 1000 കിടക്കകളാണുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it