ലോകാരോഗ്യ സംഘടനയും അമേരിക്കയുമായി ഇനി ബന്ധമില്ലെന്ന് ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അമേരിക്ക തീരുമാനിച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതില്‍ സംഘടന പരാജയപ്പെട്ടു എന്നാരോപിച്ച് ധനസഹായം നിര്‍ത്താന്‍ മെയ് 19 ന് തീരുമാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ നടപടി.

അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇങ്ങനെയായിട്ടും ലോകാരോഗ്യ സംഘടനയെ ചൈനയാണ് നിയന്ത്രിക്കുന്നതെന്ന് ട്രംപ് ആരോപിച്ചിരുന്നു.കൊവിഡ് ബാധ ലോകമെമ്പാടും പകരാന്‍ കാരണം ഒന്നുകില്‍ ചൈനയുടെ ഭാഗത്തെ തെറ്റോ അല്ലെങ്കില്‍ കഴിവില്ലായ്മയോ ആണെന്നാണ് ട്രംപ് വാദിക്കുന്നത്.

ലോകാരോഗ്യസംഘടന പരിഷ്‌കാരങ്ങള്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. ചൈനയില്‍ നിന്ന് വൈറസിനെ കുറിച്ച് ലോകത്തിന് ഉത്തരങ്ങള്‍ വേണം. ലോകം ആവശ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വന്നിരുന്ന ധനസഹായം ലോകത്തുള്ള മറ്റ് ആരോഗ്യ ആവശ്യങ്ങള്‍ക്ക് നല്‍കും- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊറോണ വൈറസിനെ തുടക്കത്തില്‍ തന്നെ തടയുകയെന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ അതിനു വിരുദ്ധമായി എന്തോ സംഭവിച്ചു. അത് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാകാം. അല്ലെങ്കില്‍ അവരുടെ കഴിവില്ലായ്മയായിരിക്കാമെന്ന് ട്രംപ് പറഞ്ഞു. അവര്‍ ചെയ്യേണ്ടത് ചെയ്തില്ല. അത് വളരെ മോശമായി പോയി. അറിഞ്ഞുകൊണ്ടാണ് കൊവിഡിനെ ചൈന തടയാതിരുന്നത് എങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ചൈന കൊവിഡ് മരണക്കണക്കുകളില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it