ഇന്ത്യയിലേക്കു വിടരുതെന്ന വിജയ് മല്യയുടെ അപ്പീല്‍ യു.കെ കോടതി തള്ളി

9000 കോടി രൂപയുടെ പണം തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ മദ്യ വ്യവസായി വിജയ് മല്യ നാടുകടത്തലിനെതിരെ നല്‍കിയ അപ്പീല്‍ യുകെ ഹൈക്കോടതി തള്ളി. ബാങ്കുകളും സിബിഐയും ആവശ്യപ്പെട്ട പ്രകാരം വിചാരണ ചെയ്യുന്നതിനാണ് മല്യയെ കൈമാറാന്‍ ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രഥമദൃഷ്ട്യാ കേസ് ഉള്ളതായി ജസ്റ്റിസ് സ്റ്റീഫന്‍ ഇര്‍വിന്‍, ജസ്റ്റിസ് എലിസബത്ത് ലയിംഗ് എന്നിവരുള്‍പ്പെടുന്ന അപ്പീല്‍ ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സില്‍ പുറപ്പെടുവിച്ച വിധ്യ ന്യാത്തില്‍ ചൂണ്ടിക്കാട്ടി. ഏഴ് സുപ്രധാന കാര്യങ്ങളില്‍, ഇന്ത്യയുടെ ആരോപണങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.

കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് 64 വയസ്സുകാരനായ മല്യ 2016 മാര്‍ച്ചില്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്ക് കടക്കുകയായിരുന്നു. 2017 ഏപ്രിലില്‍ ലണ്ടനില്‍ അറസ്റ്റിലായി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി ലണ്ടനില്‍ തന്നെ തുടരുകയാണ്.മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷന്‍ എയര്‍ലൈന്‍സ് വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വന്‍ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് കേസ്. കള്ളപ്പണം വെളുപ്പിച്ചതായും കേസുണ്ട്. അപ്പീല്‍ കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തില്‍ ബ്രിട്ടന്റെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it