അമേരിക്കയെ ആധിയിലാക്കി താല്‍ക്കാലിക തൊഴില്‍ നഷ്ടം; പ്രവചനങ്ങള്‍ മാറിമറിയുന്നു

അമേരിക്കയില്‍ കൊറോണ വൈറസ് രോഗ ബാധയും മരണവും അനുദിനം കൂടിവരുന്നതിനൊപ്പം ഇതു മൂലം തൊഴില്‍ നഷ്ടം അതിരൂക്ഷമാകുന്നതിന്റെയും കനത്ത ആഘാതത്തില്‍ പൊതു സമൂഹവും സമ്പദ്ഘടനയും. താല്‍ക്കാലികമായി തൊഴില്‍ നഷ്ടമായതുമായി ബന്ധപ്പെട്ട തൊഴിലില്ലായ്മ ക്ലെയിമുകള്‍ക്കായുള്ള അപേക്ഷകളുടെ എണ്ണം 3.28 ദശലക്ഷമായി ഉയര്‍ന്നതിന്റെ ആശങ്കയിലാണ് രാജ്യത്തെ തൊഴില്‍ വകുപ്പ്.

സാമ്പത്തിക മാന്ദ്യം ഉച്ചസ്ഥായിയിലായപ്പോള്‍ 2009 മാര്‍ച്ചില്‍ ഈ വിഭാഗം ക്ലെയിമുകള്‍ 665,000 ആയിരുന്നു. 1982 ഒക്ടോബറിലെ 695,000 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന എണ്ണം. കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതിന് തൊട്ടു മുമ്പത്തെ ആഴ്ച 282,000 ക്ലെയിമുകള്‍ക്കായുള്ള അപേക്ഷകളാണുണ്ടായിരുന്നത്.

വാള്‍സ്ട്രീറ്റിലെ പ്രവചനങ്ങള്‍ വളരെ ഉയര്‍ന്ന സംഖ്യ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും ക്ലെയിമുകള്‍ വന്നത് വിസ്മയമുണര്‍ത്തുന്നുണ്ട്. ഡൗജോണ്‍സ് നടത്തിയ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയിരുന്നത് 1.5 ദശലക്ഷം പുതിയ ക്ലെയിമുകളാണ്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉണ്ടായ തൊഴില്‍ നഷ്ടം എല്ലാ മുന്‍ കണക്കുകളെയും അതിലംഘിക്കുന്നുവെന്നു വ്യക്തം.നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ പിടിച്ചുനില്‍പ്പുറക്കാനുള്ള അതിവേഗ ജാലകമായി തൊഴിലില്ലായ്മ ക്ലെയിമുകള്‍ കണക്കാക്കപ്പെടുന്നു.

രോഗബാധ തടയുകയെന്ന ലക്ഷ്യത്തോടെയുള്ള സാമൂഹിക അകലം പാലിക്കല്‍ നയത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ബിസിനസുകള്‍ വന്‍ തോതില്‍ അടച്ചതോടെയാണ് ലക്ഷക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്ടമായത്. 'ഒന്നര ആഴ്ചയായി ഈ എണ്ണം അതിവേഗം ഉയരുന്നതായി ഞങ്ങള്‍ക്കറിയാം'- ഷിക്കാഗോ ആസ്ഥാനമായുള്ള തൊഴില്‍ ഏജന്‍സിയായ ലസാലെ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും സിഇഒയുമായ ടോം ഗിംബല്‍ പറഞ്ഞു. 'ഇത് എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. ലാസ് വെഗാസ് പോലുള്ള ഒരു നഗരം അടച്ചുപൂട്ടുമ്പോള്‍ ഇതു സംഭവിക്കാതെ തരമില്ല.'

'ഇത് ഒരു അസാധാരണ സാഹചര്യമാണ്. ഒരു സാധാരണ മാന്ദ്യമല്ല,' ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ എന്‍ബിസിയോടു പറഞ്ഞു. 'ഒരു പ്രത്യേക ഘട്ടത്തില്‍, വൈറസിന്റെ വ്യാപനം നിയന്ത്രണത്തിലാകും. അപ്പോള്‍ ആത്മവിശ്വാസം തിരികെ വരും, ബിസിനസുകള്‍ വീണ്ടും തുറക്കും, ആളുകള്‍ ജോലിയില്‍ തിരിച്ചെത്തും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ' അതിനാല്‍ തൊഴിലില്ലായ്മയില്‍ വന്‍ വര്‍ധന, സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഗണ്യമായ ഇടിവ് എന്നിവയ്ക്കപ്പുറമായി നല്ലൊരു തിരിച്ചുവരവും ഉണ്ടാകും.'- ജെറോം പവല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാലാനുസൃതമായി ക്രമീകരിക്കുന്ന സംസ്ഥാന പ്രോഗ്രാമുകള്‍ക്ക് കീഴിലുള്ള ക്ലെയിമുകളുടെ കണക്കാണിതെങ്കില്‍ സ്ഥിരം തൊഴില്‍ രഹിതരുടെ ഭാഗത്തുനിന്നുള്ളവയുടെ എണ്ണവും വന്‍ തോതിലാണ് ഉയരുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ആകെ 2,898,450 ക്ലെയിമുകള്‍ക്കുള്ള അപേക്ഷകള്‍ ആണുണ്ടായിരുന്നത്. തൊട്ടുമുമ്പത്തെ ആഴ്ചയിലേക്കാള്‍ 2,647,034 ഉയര്‍ന്നു. 1,052.9 ശതമാനമാണു വര്‍ധന.

സംസ്ഥാന തലത്തില്‍, പെന്‍സില്‍വാനിയയിലെ അപേക്ഷകളുടെ എണ്ണം 15,439 ല്‍ നിന്ന് 378,908 ആയി ഇരുപത് മടങ്ങ് വര്‍ദ്ധിച്ചു. ന്യൂയോര്‍ക്കില്‍ നാലിരട്ടിയേക്കാള്‍ കൂടി. കാലിഫോര്‍ണിയ മൂന്നിരട്ടിയായി. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ അടിയന്തര ദുരിതാശ്വാസ പാക്കേജായി സെനറ്റ് 2 ട്രില്യണ്‍ ഡോളര്‍ പദ്ധതി പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് തൊഴിലില്ലായ്മ ക്ലെയിംകണക്കുകള്‍ പുറത്തുവിട്ടത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it