ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ അമേരിക്കയില്‍; 24 മണിക്കൂറില്‍ പതിനാറായിരത്തിലേറെ കേസുകള്‍

ലോകത്തെമ്പാടുമുള്ള കൊറോണ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ സര്‍വ്വ സന്നാഹങ്ങളുണ്ടായിട്ടും അമേരിക്കയില്‍ കാര്യങ്ങള്‍ അതീവ ഗൗരവമായ നിലയിലേക്കാണ് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച ആശുപത്രികളും മെഡിക്കല്‍ സന്നാഹങ്ങളും ഉണ്ടായിട്ടും അമേരിക്കയ്ക്ക് വൈറസ് ബാധയെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നില്ല. രോഗികളുടെ എണ്ണം ഇതിനോടകം 85,088 കഴിഞ്ഞുവെന്നാണ് കഴിഞ്ഞ വ്യാഴാഴ്ചത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ:

ഇതുവരെ രോഗികള്‍

വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 85088 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1195 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കൊറണ വൈറസിന്റെ വ്യാപനം തടയാന്‍ അമേരിക്കന്‍ ഭരണകൂടം മതിയായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം നേരത്തെ മുതല്‍ തന്നെ ശക്തമായിരുന്നു. ചിലയിടങ്ങളില്‍ ഇപ്പോഴും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല.

24 x 7 കണക്കുകള്‍

കൊവിഡിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ തരിച്ച് നില്‍ക്കുകയാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പതിനാറായിരത്തിലേറെ പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. 16,877 രോഗികളാണ് വിവിധ ആശുപത്രികളിലായി വ്യാഴാഴ്ച അഡ്മിറ്റ് ആയത്. ഇതോടെ ചൈനയേയും(81,285) ഇറ്റലിയേയും (80,589) മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള രാജ്യമായി അമേരിക്ക മാറി. കഴിഞ്ഞ ആഴ്ച വരെ യുഎസ് പുറത്തു വിട്ട കണക്കുകള്‍ 8000 ആയിരുന്നു.

ഏറ്റവും കൂടുതല്‍ ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളത്. രോഗികളെ ചികിത്സിക്കുന്നതിന് അധികൃതര്‍ മതിയായ സൗകര്യം ഒരുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊറോണയുടെ വ്യാപനം യുഎസ് സാമ്പത്തിക മേഖലയേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പത്തുലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക്ക് ഡൗണ്‍ @ അമേരിക്ക

കൊറോണ വൈറസ് അപകടകരമായ തോതില്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാവുകായാണ്. കൊറോണ വൈറസ് അടുത്തതായി ഏറ്റവും കൂടുതല്‍ വ്യാപിക്കാന്‍ പോവുന്നത് അമേരിക്കയിലായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

സാമ്പത്തിക പാക്കേജ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതിനും വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ക്കുമായി രണ്ട് ട്രില്യണ്‍ ഡോളറിന്റെ അടിയന്തര സാമ്പത്തിക പാക്കേജ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ച് ബില്ല് സെനറ്റ് വെള്ളിയാഴ്ച പാസാക്കും.

ഇന്ത്യക്കൊരു പാഠം

അമേരിക്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഒരു വലിയ പാഠമാണ് മുന്നോട്ട് വെയ്ക്കുന്നത്. ഇന്ത്യയിലും കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. വ്യാഴാഴ്ച മാത്രം 88 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാഗ ബാധിതരുടെ എണ്ണം 694 ആയി. ഇതില്‍ 47 പേര്‍ വിദേശികളാണ്. നിലവില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മഹാരാഷ്ട്രയില്‍ 124 ഉം കേരളത്തില്‍ 118 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലേതിനെക്കാള്‍ ഗൈരവതരമായി ഇവിടെ കൊറോണ പ്രതിരോധം ശക്തമാണെന്നതിനാല്‍ കാര്യങ്ങളുടെ സ്ഥിതിഗതികള്‍ അത്ര നിരാശാവഹമല്ല.

ലോകത്ത് ഇതുവരെ 24000 മരണങ്ങള്‍

ആഗോള കണക്കു പരിശോധിക്കുമ്പോള്‍ ഇതുവരെ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24000 കടന്നു. രോഗബാധിതരുടെ എണ്ണം 531337 ആയി ഉയര്‍ന്നു. ഇറ്റലിയിലാണ് ഇതുവരെയായി ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . 8215 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 712 പേര്‍ ഇവിടെ മരിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും വലിയ കൊറോണി ഭീഷണി നേരിടുന്ന രാജ്യം സ്‌പെയിനാണ്. മരണനിരക്കില്‍ ഇറ്റലിക്ക് താഴെ രണ്ടാം സ്ഥാനത്താണ് സ്‌പെയിന്‍. 4150 പേരാണ് ഇതിനോടകം സ്‌പെയ്‌നില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇവിടുത്തെ രോഗബാധിതരുടെ എണ്ണം 56197 ആണ്. ഫ്രാന്‍സില്‍ 1696 ഉം ഇറാനില്‍ 2234 ഉം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it