ബുര്‍ജ് ഖലീഫ ടവറിലെ 'ഒബ്സര്‍വേഷന്‍ ഡെക്ക്' വില്‍ക്കുന്നില്ല: ഇമാര്‍

ദുബായ് ബുര്‍ജ് ഖലീഫ ടവറിലെ ' ഒബ്സര്‍വേഷന്‍ ഡെക്ക് 'വില്‍ക്കാന്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത ശരിയല്ലെന്ന് ഉടമകളായ ഇമാര്‍ പ്രോപ്പര്‍ട്ടീസ്. അതേസമയം, 'ബുര്‍ജ് ഖലീഫയിലെ നിരീക്ഷണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്ന പണമൊഴുക്ക് അടിസ്ഥാനമാക്കി മൂലധനം സമാഹരിക്കാന്‍ കമ്പനി ആലോചിക്കുന്ന'തായി ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഇമാര്‍ വ്യക്തമാക്കി.

'നിലവില്‍ ഒരു ഘടനാപരമായ ഇടപാട് പരിഗണിക്കുന്നു'വെന്നല്ലാതെ മറ്റു വിശദാംശങ്ങള്‍ ഇമാര്‍ വെളിപ്പെടുത്തിയില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ നിന്നു കാഴ്ചകള്‍ കാണാനുള്ള അവകാശം ഇമാര്‍ പ്രോപ്പര്‍ട്ടീസ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായാണ് വാര്‍ത്ത വന്നത്.യു.എ.ഇ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി മൂലം 7100 കോടി രൂപയ്ക്ക് നിരീക്ഷണ ഡെക്ക് വില്‍ക്കാനാണ് നീക്കമെന്നു വാര്‍ത്തയിലുണ്ടായിരുന്നു.

828 മീറ്റര്‍ ആണ് ബുര്‍ജ് ഖലീഫയുടെ ഉയരം. ന്യൂയോര്‍ക്കിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ രണ്ടിരട്ടിയും പാരീസിലെ ഈഫല്‍ ടവറിന്റെ മൂന്നിരട്ടിയും. 2018ല്‍ 15.93 ദശലക്ഷം പേരാണ് ബുര്‍ജ് ഖലീഫയുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ നിരീക്ഷിക്കാനായി എത്തിയത്. പ്രതിവര്‍ഷം 600-700 ദശലക്ഷം ദിര്‍ഹം (163 - 191 ദശ ലക്ഷം ഡോളര്‍) വരുമാനം നിരീക്ഷണ പാത നിലവില്‍ സ്വന്തമാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

വിനോദസഞ്ചാര, വിദേശ വ്യാപാര ബിസിനസില്‍ യു.എ.ഇ വന്‍ വളര്‍ച്ചയിലാണെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കടുത്ത മാന്ദ്യം തുടരുന്നതായാണ് റിപ്പോര്‍ട്ട്. മുന്നൂറ് ദിര്‍ഹം വിലയുള്ള ടിക്കറ്റ് വാങ്ങി ഇന്നത്തെ സൂര്യഗ്രഹണം വീക്ഷിക്കാനും ബുര്‍ജ് ഖലീഫയുടെ മുകളില്‍ സൗകര്യമൊരുക്കിയിരുന്നു. നിരവധി പേരാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് സൂര്യഗ്രഹണ കാഴ്ചകള്‍ വീക്ഷിക്കാന്‍ എത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it