'100% പണവും തിരിച്ചടക്കാൻ തയ്യാറാണ്; ഇത് സ്വീകരിക്കണം, പ്ലീസ്'

മുഴുവൻ പണവും തിരിച്ചു നൽകാൻ തയ്യാറാണെന്ന് വിവാദവ്യവസായി വിജയ് മല്യ. മല്യയെ പൂട്ടാൻ സർക്കാരും ബാങ്കുകളും പിടിമുറുക്കിയ സാഹചര്യത്തിലാണ് പുതിയ ട്വീറ്റ്.

ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പാതട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ് മല്യ. ബാങ്കുകൾ പണം വീണ്ടെടുക്കാൻ തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ മാർച്ച് 2016 ന് രാജ്യം വിടുകയായിരുന്നു.

"പൊതുമേഖലാ ബാങ്കുകളുടെ പണം വാങ്ങി നാടു വിട്ടവനായാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും എന്നെ ചിത്രീകരിക്കുന്നത്. ഇത് തെറ്റാണ്. കർണാടക ഹൈക്കോടതിയ്ക്ക് മുന്നിൽ പണം മുഴുവൻ തിരിച്ചടക്കാമെന്ന് ഞാൻ നൽകിയ വാഗ്ദാനം എന്തുകൊണ്ടാണ് ആരും ഉയർത്തിക്കാട്ടാത്തത്," മല്യ ട്വീറ്റിൽ പറഞ്ഞു.

"രാജ്യത്ത് എയർലൈനുകൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് ഉയർന്ന എടിഎഫ് വില കാരണമാണ്. അതു തന്നെയാണ് കിംഗ്ഫിഷറിനും സംഭവിച്ചത്. നൂറു ശതമാനവും തിരിച്ചടക്കാൻ ഞാൻ തയ്യാറാണ്. ഇത് സ്വീകരിക്കൂ," തുടർച്ചയായ ട്വീറ്റുകളിൽ ഒന്നിൽ മല്യ പറയുന്നു.

ലണ്ടനിലേക്ക് കടന്ന മല്യയെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള ഊർജിതമായ ശ്രമത്തിലാണ് സർക്കാർ ഏജൻസികൾ. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ തയ്യാറാണെന്ന് മല്യ കർണാടക ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it