മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍; മുംബൈയില്‍ രാത്രികാല കര്‍ഫ്യൂ

രാജ്യത്തിന്റെ വിവിധ സാമ്പത്തിക മേഖലകളില്‍ ആശങ്ക പടര്‍ത്തി കോവിഡ് ബാധ കഴിഞ്ഞ 24-മണിക്കൂറിനിടെ 1 ലക്ഷം കവിഞ്ഞതോടെ കടുത്ത നപടികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. രാജ്യത്തെ കോവിഡ് ബാധയുടെ 50 ശതമാനത്തിലധികം റിപോര്‍ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.അതിനു പുറമെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയടക്കമുള്ള നഗരങ്ങളില്‍ രാത്രി 8-മണി മുതല്‍ പിറ്റേ ദിവസം രാവിലെ 7-മണി വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ബാറുകളും, ഭക്ഷണശാലകളും, മാളുകളും, ആരാധനാലയങ്ങളും അടച്ചിടുവാനും 5-ലധികം പേര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടുന്നത് നിരോധിക്കുവാനും മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കുവാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡെല്‍ഹിയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു.

മാസ്‌കുകള്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പുലര്‍ത്തുന്ന അലംഭാവമാണ് വൈറസ് ബോധ അതിവേഗം വ്യാപിക്കുന്നതിനുള്ള കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

കോവിഡിന്റെ രണ്ടാം വരവ് സാമ്പത്തിക മേഖലയില്‍ കാര്യമായ തിരിച്ചടി ഉണ്ടാക്കില്ലെന്ന പല വിദഗ്ധരും അഭിപ്രായപ്പെടുന്നുവെങ്കിലും സാമ്പത്തിക വിപണികള്‍ പൊതുവെയും, ചെറുകിട വാണിജ്യ മേഖലകള്‍ പ്രത്യേകിച്ചും കനത്ത ആശങ്കയിലാണ്. ഓഹരി വിപണികള്‍ തിങ്കളാഴ്ച കനത്ത ഇടിവ് രേഖപ്പെടുത്തിയത് കോവിഡ് വ്യാപനം വിപണികളില്‍ സൃഷ്ടിക്കുന്ന അങ്കലാപ്പുകളുടെ ലക്ഷണമാണ്. എന്നാല്‍ ഇത്തരം അങ്കലാപ്പുകളെ ഊതി വിര്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു കരുതുന്ന വിദഗ്ധരും ചുരുക്കമല്ല.

സാമ്പത്തിക മേഖലയാകെ നിര്‍ജ്ജീവ അവസ്ഥയിലായ 2020-ല്‍ ഇന്ത്യയില്‍ മാത്രമല്ല അമേരിക്കയടക്കമുള്ള ഓഹരി വിപണികള്‍ റിക്കോര്‍ഡ് നേട്ടം കൈവരിച്ചത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. സെന്‍ട്രല്‍ ബാങ്കുകള്‍ പിന്തുടരുന്ന ഉദാര ധനനയങ്ങളുടെ ഭാഗമായി ലഭ്യമായ മൂലധനത്തിന്റെ ഒഴുക്കായിരിന്നു ഇക്കാലയളവില്‍ ഓഹരി വിപണികളെ താങ്ങി നിര്‍ത്തുന്ന പ്രധാന ചാലകശക്തി.

ഉദാര ധനനയം തുടരുന്നിടത്തോളം വിപണികളില്‍ താല്‍ക്കാലികമായുണ്ടാവുന്ന ചാഞ്ചാട്ടങ്ങള്‍ക്കപ്പുറം വലിയ വീഴ്ചകള്‍ ഉണ്ടാവുമെന്ന് കരുതാനാവില്ല.

എന്നാല്‍ ചെറുകിട വാണിജ-വ്യാപാര മേഖലയിലെ സ്ഥിതി അതല്ല. മറ്റൊരു സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ താങ്ങുന്നതിനുള്ള ശേഷി ഈ മേഖലയില്‍ ഭൂരിഭാഗം പേര്‍ക്കും അപ്രാപ്യമാണ്. ഇടത്തരം ഹോട്ടലുകള്‍, മാളുകള്‍, ബാറുകള്‍ തുടങ്ങിയവ ഭാഗികമായെങ്കിലും അടച്ചു പൂട്ടുന്നത് ഈ മേഖലയില്‍ ജോലിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്.

നാളത്തെ വോട്ടെടുപ്പ് കഴിയുന്നതോടെ കേരളത്തിലും രോഗബാധിതരുടെ എണ്ണത്തില്‍ കടുത്ത വര്‍ദ്ധനയുണ്ടാവുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു. സംസ്ഥാനത്തെ പുതിയ രോഗികളുടെ എണ്ണം കഴിഞ്ഞ 3-4 ദിവസങ്ങളിലായി ദിവസവും 2,000-ത്തിന് മുകളിലാണ്.

മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെങ്കിലും ജനങ്ങള്‍ കൂടുതല്‍ കരുതലും, ജാഗ്രതയും പുലര്‍ത്തണമെന്ന് ആരോഗ്യവകപ്പ് അധികൃതര്‍ മുന്നറിയപ്പ് നല്‍കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it