ഇത്തിരി ഭയത്തിനപ്പുറം ഒത്തിരി കരുതലുമായി മുതിര്‍ന്ന പൗരന്മാര്‍

പ്രായമേറിയവരെയാണ് കൊറോണ വൈറസ് എളുപ്പം പിടി കൂടുന്നതും കീഴ്‌പ്പെടുത്തുന്നതുമെന്ന വിദഗ്ധ നിരീക്ഷണം ഓരോ ദിവസം ചെല്ലുന്തോറും സാധൂകരിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ഏറെ ഭീതി പടരുന്നത് ജീവിത മാര്‍ഗ്ഗം തേടി മക്കള്‍ പ്രവാസികളായതോടെ ഒറ്റപ്പെട്ടുകഴിയുന്ന ആയിരക്കണക്കിന് മാതാപിതാക്കളിലേക്ക്. മറുനാടുകളിലെ മക്കളെച്ചൊല്ലിയുള്ള ആധി തീവ്രമായി നില്‍ക്കുമ്പോള്‍ത്തന്നെ വിട്ടുവീഴ്ചയില്ലാത്ത സ്വയം പ്രതിരോധമെടുക്കേണ്ടിവരുന്നത് അവരെ ക്‌ളേശത്തിലാഴ്ത്തുന്നു.

നാട്ടിലുള്ള മാതാപിതാക്കളുടെ സുരക്ഷയേച്ചൊല്ലി പ്രവാസി മലയാളികള്‍ വിഭ്രാന്തി പൂണ്ടത് പ്രളയം വന്നപ്പോള്‍ സംസഥാനം കണ്ടിരുന്നു, പ്രത്യേകിച്ചും പത്തനംതിട്ട ജില്ലയില്‍. ഏകദേശം അതേ അനുഭവത്തിലൂടെയാണ് തന്റെ നാട് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് കൊച്ചിയില്‍ മകന്റെ സുഹൃത്തിനൊപ്പം പേയിംഗ് ഗസ്റ്റ് ആയി കഴിയുന്ന 83 വയസുള്ള പത്തനംതിട്ടക്കാരി റാഹേലമ്മ നിരീക്ഷിക്കുന്നു.

'മക്കളോടൊപ്പം താമസിക്കുമ്പോഴുള്ളതിന്റെ പല മടങ്ങാകും എന്നെപ്പോലെ ഇത്തരത്തില്‍ ജീവിക്കേണ്ടിവരുമ്പോള്‍ ഉള്ള പേടി. വിദേശത്തുനിന്ന് കൂടെക്കൂടെ വിളിക്കുന്ന മക്കളോട് ഇതൊക്കെ തുറന്നുപറഞ്ഞാല്‍ അവരും വിഷമിക്കും, പ്രളയസമയത്തേപ്പോലെ'- പതിനേഴു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷം ഉറ്റവരുടെ സമീപ്യമില്ലാതെ ജീവിക്കുന്ന റാഹേലമ്മ പറഞ്ഞു. പ്രളയകാലത്തിനു ശേഷമാണ് പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് കൊച്ചി കടവന്ത്രയിലേക്കു വന്നത്. കാനഡയിലെ മകന്റേയും കുടുംബത്തിന്റേയും സുരക്ഷയിലാണ് അവര്‍ക്ക് കൂടുതല്‍ പരിഭ്രാന്തി. എങ്കിലും സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആശാ വര്‍ക്കര്‍മാര്‍ നേരിട്ട് വന്നും ഫോണിലൂടെയും കാര്യങ്ങള്‍ പറഞ്ഞുതരുന്നു.

തൃപ്പൂണിത്തുറയിലെ വീട്ടില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന തേക്കിലക്കാട്ടില്‍ ടി പി മാത്യു എന്ന 84 കാരനാകട്ടെ 'സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടിവരില്ല' എന്ന ആത്മവിശ്വാസത്തിലാണ്. ഇലക്ട്രിസിറ്റി ബോര്‍ഡിലായിരുന്നു ഉദ്യോഗം.ഭാര്യ 15 വര്‍ഷം മുമ്പു മരിച്ചശേഷം കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്ന് കൊണ്ടുവരുന്ന ഭക്്ഷണം ഇപ്പോഴും കഴിക്കുന്നു. രാവിലെ നടന്നു പള്ളിയില്‍ പോയിവരുന്നതായിരുന്നു മുഖ്യ വ്യായാമം. കൊറാണ ഭീഷണി വന്ന് പള്ളി അടച്ചതോടെ ആ പതിവ് നിര്‍ത്തി. ബഹറിനില്‍ നിന്ന് മകന്‍ ഇടയ്ക്കിടെ വിളിച്ച് ധൈര്യം തരുന്നുണ്ട്. കൊച്ചിയിലുള്ള മകളും കുടുംബവും അവരോടൊപ്പം താമസിക്കാന്‍ വിളിച്ചെങ്കിലും അവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാന്‍ തനിക്കു താല്‍പ്പര്യമില്ല. ആശാ വര്‍ക്കര്‍ എല്ലാ ദിവസവും വരുന്നതും വലിയ ആശ്വാസമാണ്.

വൃദ്ധമന്ദിരങ്ങളെല്ലാം തന്നെ മതിയായ സുരക്ഷാ ക്രമീകരണങ്ങളാണെടുത്തുവരുന്നത്. സാമൂഹികസുരക്ഷാവകുപ്പ് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിവരുന്നു. 'ഭീതി വിതയ്ക്കാതെ തന്നെ പഴുതടച്ചുള്ള ക്രമീകരണങ്ങളാണ് ഞങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അന്തേവാസികള്‍ പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ട്' - ആലുവ ചെമ്പറക്കിയിലെ ബ്ലെസ് ഹോംസ് ചെയര്‍മാന്‍ ബാബു ജോസഫ് പറഞ്ഞു.

ചൈനയില്‍ ആദ്യ ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച 55,924 കേസുകളെ അടിസ്ഥാനമാക്കിയുള്ള ഡബ്ല്യു.എച്ച്. ഒ-ചൈന ജോയിന്റ് മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മരിച്ചവരില്‍ 21.9% പേരും 80 വയസ് കഴിഞ്ഞവരാണ്. 14.8% വരും 70-79 പ്രായക്കാര്‍. 60- 69 പ്രായക്കാരാണ് 8.0% പേര്‍. 5059 (3.6%),4049 (1.3%),3039( 0.4%),2029 (0.2%),1019 (0.2%), 09 (0.2%) എന്നിങ്ങനെയാണ് ജീവന്‍ നഷ്ടമായ മറ്റ് പ്രായ വിഭാഗങ്ങളുടെ കണക്ക്.

കൊറോണ വൈറസ് എളുപ്പത്തില്‍ ബാധിക്കുന്നതും അതുമൂലം കൂടുതല്‍ ജീവന്‍ നഷ്ടമാകുന്നതും പ്രായമായവരിലാണെന്ന് ആധികാരിക പഠനങ്ങളെ അടിസ്ഥാനമാക്കി അമേരിക്കന്‍ ഹെല്‍ത്ത് അസോസിയേഷന്‍ പ്രസിഡന്റായ മാര്‍ക്ക് പാര്‍ക്കിന്‍സണ്‍ ചൂണ്ടിക്കാട്ടിയിരുന്നു.പ്രായമായ മിക്കവരും രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ച്, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം മണിക്കൂറുകള്‍ മാത്രമാണ് ജീവിച്ചിരിക്കുന്നതെന്നും മാര്‍ക്ക് പറയുന്നു. പ്രായമായവരുടെ ആരോഗ്യാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണമാകുന്നതെന്നാണ് സൂചന. രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുകയും മറ്റ് അസുഖങ്ങള്‍ മൂലമോ മരുന്നുകള്‍ മൂലമോ ശരീരം ക്ഷീണിച്ചിരിക്കുകയും ചെയ്യുന്നതിനാല്‍ അവരിലേക്ക് പെട്ടെന്ന് രോഗമെത്തുന്നു.

ശ്വാസകോശത്തെയാണ് കൊറോണ ബാധിക്കുന്നത്. പ്രായമായവരുടെ കാര്യത്തില്‍ ഈ ഘടകവും വലിയ തിരിച്ചടിയാകുന്നുണ്ട്. ഇത്രയധികം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം തളര്‍ന്ന അവസ്ഥയിലേക്ക് ശ്വാസകോശം എത്തിനില്‍ക്കുമ്പോഴാണ് ശക്തനായ രോഗകാരിയുടെ ആക്രമണമുണ്ടാകുന്നത്. അങ്ങനെ വരുമ്പോള്‍ അതിനെ ചെറുത്തുനില്‍ക്കാന്‍ ശ്വാസകോശത്തിന് കഴിയാതെ പോകുന്നു. അതുപോലെ തന്നെ ചികിത്സയോട് 'പൊസിറ്റീവ്' ആയി പ്രതികരിക്കുന്ന പ്രവണതയല്ല പ്രായമായ ഭൂരിപക്ഷം പേര്‍ക്കിടയിലും കാണുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ സമയത്തിനകം മരണം സംഭവിക്കാനുള്ള സാധ്യത കൂടുന്നു.

ഇറ്റലിയില്‍ കൊവിഡ് 19 മൂലം ഇത്രയധികം പേര്‍ മരിക്കാന്‍ ഇടയാക്കിയ സാഹചര്യവും ഇതുതന്നെയാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. യൂറോപ്പില്‍ തന്നെ ഏറ്റവുമധികം പ്രായമായവരുള്ള രാജ്യമാണ് ഇറ്റലി. അവിടെ ആകെ ജനസംഖ്യയുടെ 22 ശതമാനവും 65 വയസിന് മുകളില്‍ പ്രായമായവരാണ്. 60 വയസ് കടന്നവര്‍ തീര്‍ച്ചയായും അതിശക്തമായ മുന്‍കരുതലുകള്‍ എടുത്തിരിക്കണം എന്ന് തന്നെയാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. അതോടൊപ്പം തന്നെ ആരോഗ്യപരമായി പിന്നോക്കം നില്‍ക്കുന്നവര്‍, എന്തെങ്കിലും അസുഖങ്ങള്‍ നേരത്തേ ഉള്ളവര്‍ എന്നിവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന വിദഗ്ധര്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it