ഓക്‌സിജന്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയുണ്ടാകാം: ലോകാരോഗ്യ സംഘടന

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്വസന വൈഷമ്യമുള്ള രോഗികള്‍ക്ക് ആവശ്യമായത്ര പ്രാണവായു നല്‍കാന്‍ കഴിയാത്ത സാഹചര്യം വന്നുചേരുമെന്ന ഭയാശങ്കയുമായി ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ സിലിണ്ടറിനായി ആളുകള്‍ നെട്ടോട്ടം ഓടേണ്ടിവരുമെന്ന നിര്‍ണ്ണായക മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനം ഗബ്രിയോസിസ് മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

രോഗ പ്രതിരോധ നടപടികളില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയും പാടില്ല എന്ന് നേരത്തേ തന്നെ സംഘടന രാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ആഗോള വ്യാപകമായി 88000 വലിയ ഓക്‌സിജന്‍ സിലിണ്ടറിന്റെ ആവശ്യമാണ് പ്രതിദിനം ഇപ്പോഴുള്ളത്. ഇത് ഉയരുമെന്നാണ് ആശങ്ക.ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ദശലക്ഷത്തിലേക്ക് അടുക്കുകയാണ്. 95,27,125 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ഇതുവരെ 4.85 ലക്ഷം പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്. 51,75,406 പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,62,116 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. ഏറ്റവും കൂടൂതല്‍ മരണവും അമേരിക്കയിലാണ്.

ആരോഗ്യ രംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ ലോകത്തെ നയിക്കുന്നതെന്ന് ടെഡ്രോസ് അദനം ഗബ്രിയോസിസ് പറഞ്ഞു. കാലങ്ങളോളം ജനങ്ങള്‍ കൊറോണയുടെ പരിണതഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it