യെസ് ബാങ്ക് കേസില്‍ കപൂര്‍, വാധവാന്‍മാരുടെ 2800 കോടി മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടി

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍, ഡിഎച്ച്എഫ്എല്‍ പ്രൊമോട്ടര്‍മാരായിരുന്ന കപില്‍ വാധവാന്‍, ധീരജ് വാധവാന്‍ എന്നിവരുടെ 2,800 കോടി രൂപയിലേറെ മൂല്യം വരുന്ന ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡിഎച്ച്എഫ്എല്‍ യെസ് ബാങ്കില്‍ നിന്ന് കൃത്രിമ നടപടിക്രമങ്ങളിലൂടെ വായ്പ നേടി തട്ടിപ്പു നടത്തിയെന്ന കേസിന്റെ ഭാഗമായാണ് നടപടി.

ഡല്‍ഹിയിലെ അമൃത ഷെര്‍ഗില്‍ മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന 685 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ്, തെക്കന്‍ മുംബൈയിലെ കുംബാല ഹില്ലിലെ 'ഖുര്‍സിദാബാദ്' ബംഗ്ലാവ്, മുംബൈ നേപ്പിയന്‍ സീ റോഡിലെ മൂന്ന് ഡ്യുപ്ലെക്‌സ് ഫ്‌ളാറ്റുകള്‍,നരിമാന്‍ പോയിന്റിലെ റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റ്, വോര്‍ലി പ്രദേശത്തെ എട്ട് ഫ്‌ളാറ്റുകള്‍ എന്നിവ കപൂറിന്റെ മരവിപ്പിച്ച സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് ഇഡി അറിയിച്ചു.ഇവയുടെ ഇപ്പോഴത്തെ മൊത്തം വിപണി മൂല്യം 1,400 കോടി രൂപ വരും.

ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ (ഡിഎച്ച്എഫ്എല്‍) പ്രൊമോട്ടര്‍ സഹോദരന്മാരായ കപിലിന്റെയും ധീരജ് വാധവന്റെയും കണ്ടുകെട്ടിയ സ്വത്തുക്കളുടെ മൂല്യം 1411.9 കോടി രൂപയാണ്.മുംബൈ ഖാര്‍ (വെസ്റ്റ്) പ്രദേശത്തെ് ഒരു ഡസന്‍ ഫ്‌ളാറ്റുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു, ന്യൂയോര്‍ക്കിലെ ഒന്നും ലണ്ടനിലെ രണ്ടും വീതം ഫ്‌ളാറ്റുകള്‍, ഓസ്ട്രേലിയയിലെ വാണിജ്യ പ്രാധാന്യമുള്ള സ്ഥലം,പൂനെയിലെ രണ്ട് സ്ഥലങ്ങള്‍, അഞ്ച് ആഡംബര വാഹനങ്ങള്‍ എന്നിവയും കണ്ടുകെട്ടി. 344 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചിട്ടുള്ളത്.

യെസ് ബാങ്ക് അഴിമതിക്കേസില്‍ സിബിഐ ഏപ്രിലില്‍ വാധവന്മാരെ അറസ്റ്റ് ചെയ്തിരുന്നു. കപൂറിന്റെ കുടുംബവും വാധവാനും തമ്മിലുള്ള ഇടപാടുകളെക്കുറിച്ച ഗുരുതര സ്വഭാവമുള്ള തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. 5,050 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കൃത്രിമ ചാനലുകളിലൂടെയും നിയമലംഘനത്തിലൂടെയും ഡിഎച്ച്എഫ്എല്ലിലെ വാധാവന്‍മാര്‍ക്ക് യെസ് ബാങ്ക് വായ്പ നല്‍കിയതിന് പകരമായി കപൂര്‍ കുടുംബത്തിന് വന്‍തോതില്‍ കോഴ ലഭിച്ചതായി സിബിഐ കണ്ടെത്തി.

2004 ല്‍ യെസ് ബാങ്ക് സ്ഥാപിച്ച റാണ കപൂറിന്റെ ഭരണകാലത്ത് നല്‍കിയ വായ്പകളില്‍ 30,000 കോടി രൂപയുടേത് 'ചീത്ത വായ്പ'കളായി. അതില്‍ 20,000 കോടി എന്‍പിഎ ആയും മാറിയിരുന്നു.2019 ജനുവരിയിലാണ് എംഡി,സിഇഒ സ്ഥാനത്തു നിന്ന് കപൂറിനെ നീക്കി റിസര്‍വ് ബാങ്ക് നിയന്ത്രണം ഏറ്റെടുത്തത്.പിന്നിട് അദ്ദേഹം അറസ്റ്റിലായി. അഴിമതിക്കാരായ ഡിഎച്ച്എഫ്എല്ലുമായി ബന്ധമുള്ള കമ്പനി റാണ കപൂറും കുടുംബാംഗങ്ങളും നിയന്ത്രിക്കുന്ന ഒരു കമ്പനിക്ക് 600 കോടി രൂപ നല്‍കിയെന്ന ആരോപണം ഇഡി പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it