അച്ഛന്റെ ഒരു മാസത്തെ ശമ്പളം വേണമായിരുന്നു, എനിക്കൊരു ബാഗ് വാങ്ങാന്‍'' സുന്ദര്‍ പിച്ചൈ നടത്തിയ കണ്ണുനിറയ്ക്കുന്ന പ്രസംഗം

''എന്റെ പിതാവിന്റെ ഒരു വര്‍ഷത്തെ ശമ്പളമായിരുന്നു യു.എസിലേക്കുള്ള എന്റെ വിമാനടിക്കറ്റിന്റെ തുക. അതുകൊണ്ട് എനിക്ക് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ കഴിഞ്ഞു. ആദ്യമായിട്ടായിരുന്നു ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. അമേരിക്കയിലെ ജീവിതം വളരെ ചെലവേറിയതായിരുന്നു. അന്ന് ഒരു മിനിറ്റ് ഫോണ്‍ കോളിന്റെ ചെലവ് രണ്ട് ഡോളര്‍ വരും. എന്റെ ഒരു ബാക്ക്പാക്കിന്റെ വില എന്റെ പിതാവിന്റെ ഒരു മാസത്തെ ഇന്ത്യയിലെ ശമ്പളത്തിന് തുല്യമായിരുന്നു.'' സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ പോയപ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് സുന്ദര്‍ പിച്ചൈ പറയുന്നു. വിദ്യാര്‍ത്ഥികളുടെ വെര്‍ച്വല്‍ ബിരുദദാനച്ചടങ്ങളില്‍ സുന്ദര്‍ പിച്ചൈ നടത്തിയത് കണ്ണുനിറയ്ക്കുന്ന പ്രസംഗം. ''നിങ്ങള്‍ അതിജീവിക്കും'' എന്നതായിരുന്നു പ്രസംഗത്തിന്റെ വിഷയം.

നിശ്ചയദാര്‍ഢ്യത്തിലൂടെ ഏത് പ്രതിസന്ധിയെയും നേരിടാമെന്ന സന്ദേശമാണ് തന്റെ പ്രസംഗത്തിലൂടെ നല്‍കിയത്. ചെന്നൈയിലായിരുന്നു സുന്ദര്‍ പിച്ചൈ വളര്‍ന്നത്. ഐഐടിയില്‍ എന്‍ജിനീയറിംഗ് പഠനം. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദം. വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് എംബിഎ. രണ്ടുമുറി വീട്ടില്‍ വളര്‍ന്ന് ഗൂഗിളിന്റെ മാതൃകമ്പനിയുടെ സിഇഒ ആയി മാറിയ ഇദ്ദേഹത്തിന്റെ വളര്‍ച്ച പ്രതിസന്ധികളുടെ നടുവിലൂടെയായിരുന്നു.

ടെലിവിഷനോ കാറോ ഇല്ലാതിരുന്ന വീട്ടില്‍ ആദ്യത്തെ ടെലിഫോണ്‍ എത്തുന്നത് പത്താം വയസിലായിരുന്നു. സ്വന്തമായി ഒരു മുറി പോലും ഇല്ലാതിരുന്ന അദ്ദേഹവും സഹോദരനും ഹാളിലെ തറയില്‍ പായ വിരിച്ചാണ് ഉറങ്ങിയിരുന്നത്. സാങ്കേതികവിദ്യയുടെ ലോകം അന്യമായിരുന്ന സുന്ദര്‍ പിച്ചൈ ലോകത്തെ സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന സ്ഥാപനത്തിന്റെ സിഇഒ ആയി മാറിയെന്നത് അദ്ദേഹത്തിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. ഭാഗ്യത്തിനപ്പുറം തന്നെ ഇവിടെ ഇവിടെ വരെയെത്തിച്ച ഒരേയൊരു കാര്യം ടെക്‌നോളജിയോടുള്ള ആഴത്തിലുള്ള അഭിനിവേശവും തുറന്ന മനസുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

സുന്ദര്‍ പിച്ചൈ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:

$ നിങ്ങള്‍ ഇത്തരത്തിലുള്ള ഒരു ബിരുദധാനചടങ്ങ് സങ്കല്‍പ്പിച്ചുണ്ടാകില്ല. (സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് വെര്‍ച്വല്‍ രീതിയിലായിരുന്നു ചടങ്ങ്). നിങ്ങള്‍ നേടിയ അറിവുകളെല്ലാം ആഘോഷിക്കുന്ന സമയത്ത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടവയെക്കുറിച്ച് നിങ്ങള്‍ ദുഖിക്കുന്നുണ്ടാകും. നിങ്ങള്‍ പ്ലാന്‍ ചെയ്ത കാര്യങ്ങള്‍, നിങ്ങള്‍ക്ക് ലഭിച്ച ജോലികള്‍, നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന അനുഭവങ്ങള്‍... ഇതുപോലെയുള്ള ഇരുണ്ട നിമിഷങ്ങളില്‍ പ്രതീക്ഷ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്. തുറന്ന ചിന്താഗതിക്കാരാകുക, അക്ഷമരാകുക, പ്രതീക്ഷയോടെയിരിക്കുക. ഇങ്ങനെ ചെയ്യാന്‍ കഴിയുമെങ്കില്‍ ചരിത്രം നിങ്ങളെ ഓര്‍മിക്കുന്നത്, നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിനെയല്ല, മറിച്ച് നിങ്ങള്‍ മാറ്റിമറിച്ചതിനെയായിരിക്കും. എല്ലാം മാറ്റിമറിക്കാനുള്ള ഒരു അവസരമാണ് നിങ്ങളുടെ മുന്നിലുള്ളത്. ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. നമുക്ക് പ്രതീക്ഷിക്കാന്‍ എല്ലാ കാരണവുമുണ്ട്. അതിനാല്‍ പ്രതീക്ഷയോടെയിരിക്കുക.

$ സാങ്കേതികവിദ്യയോട് കാര്യമായ പ്രവേശനമില്ലാതെയാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് 10 വയസുവരെ ഞങ്ങളുടെ ആദ്യത്തെ ടെലിഫോണ്‍ ലഭിച്ചിട്ടില്ലായിരുന്നു. പഠിക്കാനായി അമേരിക്കയില്‍ വരുന്നതുവരെ എനിക്ക് സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ ലഭിച്ചിരുന്നില്ല. ഒടുവില്‍ ടെലിവിഷന്‍ കിട്ടിയപ്പോള്‍ തന്നെ ആകെ ഒരു ചാനല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി പല വലുപ്പത്തിലും ആകൃതിയിലുമുള്ള കംപ്യുട്ടറുകളുമായാണ് നിങ്ങള്‍ വളര്‍ന്നുവന്നത്.

$ സാങ്കേതികവിദ്യയുടെ മാറിവരുന്ന കാര്യങ്ങള്‍ നിങ്ങളെ നിരാശരാക്കുകയും അക്ഷമരാക്കുകയുമൊക്കെ ചെയ്‌തേക്കാം. പക്ഷെ ആ അക്ഷമ നഷ്ടപ്പെടുത്തരുത്. ഇത് അടുത്ത സാങ്കേതികവിദ്യാവിപ്ലവം സൃഷ്ടിക്കുകയും എന്റെ തലമുറയ്ക്ക് ഒരിക്കലും സ്വപ്‌നം കാണാന്‍ കഴിയാതിരുന്ന കാര്യങ്ങള്‍ നിര്‍മിക്കാന്‍ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.

$ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ വിദ്യാഭ്യാസത്തെക്കുറിച്ചോ എന്റെ തലമുറയുടെ സമീപനത്തില്‍ നിങ്ങള്‍ നിരാശരായേക്കാം. അക്ഷമരായിരിക്കുക. അത് ലോകത്തിന് ആവശ്യമായ പുരോഗതി സൃഷ്ടിക്കും. അത് എങ്ങനെയെന്ന് കൃത്യമായി അറിയില്ലെങ്കിലും നിങ്ങള്‍ നിങ്ങളുടേതായ രീതിയില്‍ ലോകത്തെ മികച്ചതാക്കും.

$ എന്റെ പിതാവിന്റെ ഒരു വര്‍ഷത്തെ ശമ്പളമായിരുന്നു യു.എസിലേക്കുള്ള എന്റെ വിമാനടിക്കറ്റിന്റെ തുക. അതുകൊണ്ട് എനിക്ക് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ കഴിഞ്ഞു. ആദ്യമായിട്ടായിരുന്നു ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. അമേരിക്കയിലെ ജീവിതം വളരെ ചെലവേറിയതായിരുന്നു. ഒരു മിനിറ്റ് ഫോണ്‍ കോളിന്റെ ചെലവ് രണ്ട് ഡോളറായിരുന്നു. എന്റെ ഒരു ബാക്ക്പാക്കിന്റെ വില എന്റെ പിതാവിന്റെ ഒരു മാസത്തെ ഇന്ത്യയിലെ ശമ്പളത്തിന് തുല്യമായിരുന്നു.

$ തുറന്ന മനസോടെയിരുന്നാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ക്ക് കണ്ടെത്താനാകും. മറ്റെന്തിനെക്കാളും നിങ്ങളെ ആവേശം കൊള്ളിക്കുന്നത് സമയമെടുത്ത് കണ്ടെത്തൂ. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങള്‍ ചെയ്യണം എന്നാഗ്രഹിക്കുന്ന കാര്യമല്ല. അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതല്ല. അല്ലെങ്കില്‍ സമൂഹം നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കാര്യമല്ല.

$ ഭാഗ്യത്തിനപ്പുറം എന്നെ ഇവിടെ ഇവിടെ വരെയെത്തിച്ച ഒരേയൊരു കാര്യം ടെക്‌നോളജിയോടുള്ള ആഴത്തിലുള്ള അഭിനിവേശവും തുറന്നമനസുമായിരുന്നു.

ചടങ്ങളില്‍ സുന്ദര്‍ പിച്ചൈയെ കൂടാതെ മുന്‍ യു.എസ് പ്രസിഡന്റ് ബാറക് ഒബാമ, മിഷെലിന്‍ ഒബാമ, ഗായകരായ ബിയോണ്‍സ്, ലേഗി ഗാഗ തുടങ്ങിയവര്‍ പങ്കെടുത്തു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it