ആരോഗ്യ രംഗത്തെ പ്രതിസന്ധി, നേട്ടമാക്കാം ഒരു കേസ് സ്റ്റഡി

മുമ്പത്തെ കോളത്തില്‍, എങ്ങനെയാണ് പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖല പ്രതിസന്ധിയിലായിരിക്കുന്നതെന്നും സാമ്പത്തിക ഭദ്രതയുള്ള ആശുപത്രികള്‍ക്ക് ആ പ്രതിസന്ധി എങ്ങനെ അവസരമാക്കാമെന്നും വിശദമാക്കിയിരുന്നു.

ഇനി സാമ്പത്തിക ഭദ്രതയുള്ള ചെലവ് കുറഞ്ഞ ഹോസ്പിറ്റലുകള്‍ ഫീഡിംഗ് ഹോസ്പിറ്റലുകളുടെ ശൃംഖല സൃഷ്ടിച്ചെടുക്കുന്നതിന്റെ ഒരു കേസ് സ്റ്റഡി പരിശോധിക്കാം.

280 ഇന്‍പേഷ്യന്റ് ബെഡുകളും 30 ഔട്ട് പേഷ്യന്റ് കണ്‍സള്‍ട്ടിംഗ് മുറികളുമുള്ള ആശുപത്രിയാണിത്. രോഗികള്‍ ആശുപത്രിയില്‍ കഴിയുന്ന ദിവസങ്ങളുടെ ശരാശരി എണ്ണം (LOS) നാല് ദിവസമെന്ന് കരുതാം.

20 വര്‍ഷം മുമ്പ് സ്ഥാപിച്ച ആശുപത്രി നിരവധി ചെറിയ കെട്ടിടങ്ങളടങ്ങിയ രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ളതാണ്. പത്തേക്കറില്‍ പല സമയങ്ങളിലായി നിര്‍മിച്ചവയാണ് ഇവ.

2011 ജൂലൈയില്‍ ആശുപത്രിക്ക് താങ്ങാവുന്നതിലും വളരെ കൂടുതല്‍ രോഗികള്‍ എത്തുകയും പുതുതായി അഡ്മിറ്റാകുന്ന രോഗികള്‍ക്ക് നല്‍കാന്‍ ബെഡില്ലെന്ന് ഡോക്ടര്‍മാര്‍ പരാതിപ്പെടുകയും ചെയ്യുന്ന സ്ഥിതിയുമുണ്ടായി.

കഴിഞ്ഞ ഒരു വര്‍ഷമായി ഹോസ്പിറ്റലില്‍ ഒപി പേഷ്യന്റുകളുടെ പരാതികളില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒപി കണ്‍സള്‍ട്ടിംഗ് റൂമുകളും രജിസ്‌ട്രേഷന്‍ കൗണ്ടറുകളും ആവശ്യത്തിന് ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഏറെ നേരം ക്യൂ നില്‍ക്കേണ്ടി വരുന്നു എന്നതാണ് പരാതികളിലേറെയും.

2011 ല്‍ ഹോസ്പിറ്റലിന് മിച്ച ധനമായി ലഭിച്ചത് ടേബ്ള്‍ ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ഏകദേശം ഒരു കോടി രൂപയാണ്.

ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനുമായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഡോക്റ്റര്‍മാരുടെയും പ്രധാനപ്പെട്ട ജീവനക്കാരുടെയും ഒരു യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഇവയാണ്.

  • മണ്‍സൂണ്‍ തുടങ്ങുന്ന ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒപി, ഐപി എണ്ണം ഏറ്റവും കൂടുതലായിരിക്കുകയും തണുപ്പുള്ള ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഏറ്റവും കുറഞ്ഞിരിക്കുകയും ചെയ്യുന്നു.
  • ഒരു രോഗി നാലു ദിവസം ഹോസ്പിറ്റലില്‍ താമസിക്കുന്നുണ്ടെന്ന് കരുതിയാല്‍ പ്രതിമാസം ഹോസ്പിറ്റലിന് അഡ്മിറ്റ് ചെയ്യാവുന്ന പരമാവധി രോഗികളുടെ എണ്ണം 2100 ആണ്. രോഗികളുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട 2011 ജൂലൈ മാസത്തില്‍ പോലും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത് 1890 രോഗികളെ മാത്രമാണ്. ആ മാസം പത്തു ദിവസം മാത്രമാണ് 100 ശതമാനം ശേഷിയും വിനിയോഗിക്കാനായത്.
  • ഐപി ബെഡിന്റെ ശരാശരി ഉപയോഗം 75 ശതമാനമാണ്. ഡിസംബര്‍ പോലുള്ള മാസങ്ങളില്‍ ഇത് 60 ശതമാനവും തിരക്കുള്ള ജൂലൈ പോലുള്ള മാസങ്ങളില്‍ 90 ശതമാനവുമാണ്.
  • ഡിസ്ചാര്‍ജ് ചെയ്യാന്‍ കാലതാമസം വന്നതിനാല്‍ നിരവധി ഇന്‍പേഷ്യന്റ് രോഗികള്‍ക്ക് ഹോസ്പിറ്റലില്‍ ഒരു ദിവസം അധികം ചെലവിടേണ്ടി വന്നിരുന്നു.
  • ഒപി വിഭാഗത്തില്‍ സൗകര്യങ്ങള്‍ കുറഞ്ഞതുകൊണ്ടല്ല നീണ്ട ക്യൂ ഉണ്ടാവുന്നത്. രാവിലെ 11ന് ശേഷം രജിസ്‌ട്രേഷന്‍ കൗണ്ടറുകളിലും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം കണ്‍സള്‍ട്ടിംഗ് റൂമുകളിലും വൈകീട്ട് മൂന്നു മണി മുതല്‍ ഫാര്‍മസിയിലും ലാബിലും തിരക്ക് ഉണ്ടാകാറില്ല.
  • ഒരു മാസത്തെ ഏറ്റവും കൂടിയ ഒപി 20,000 ഉം കുറഞ്ഞത് 15,000 വുമാണ്.
  • 500 ബെഡുകളുമായി പുതിയൊരു ഹോസ്പിറ്റല്‍ അടുത്ത് തന്നെ വന്നെങ്കിലും വലിയ ഭീഷണിയാവുന്നില്ല. അത് ഘട്ടംഘട്ടമായാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 250 ബെഡുകളാണ്. വായ്പയെടുത്താണ് നിര്‍മാണം എന്നതു കൊണ്ട് രോഗികളില്‍ നിന്ന് വലിയ തുക ഈടാക്കേണ്ടി വരുന്നുമുണ്ട്.

പരിഹാര മാര്‍ഗങ്ങള്‍

ഹോസ്പിറ്റലില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു പകരം നിലവിലുള്ള സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് അഭികാമ്യമെന്നാണ് യോഗത്തില്‍ തീരുമാനമായത്.

  • ഒപി പേഷ്യന്റുകളുടെ ഒഴുക്ക് നിയന്ത്രിക്കാനായി ശരിയായ ബുക്കിംഗ് സമ്പ്രദായം ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തി.
  • ഒരു രോഗി ഹോസ്പിറ്റലില്‍ കഴിയുന്ന ശരാശരി ദിവസം കുറയ്ക്കുന്നതിനായി സമയത്തിന് തന്നെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കി.

ശരിയായ ബുക്കിംഗ് സിസ്റ്റം ഏര്‍പ്പെടുത്തിയതോടെ 2012 നും 2014നും ഇടയിലുള്ള വര്‍ഷങ്ങളില്‍ ഔട്ട് പേഷ്യന്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായി. രോഗികളെ താമസിപ്പിക്കുന്ന ശരാശരി ദിവസം നാലില്‍ നിന്ന് മൂന്നാക്കിയതോടെ പ്രതിമാസം 2800 ഓളം ഐപി പേഷ്യന്റുകളെ അഡ്മിറ്റു ചെയ്യാനും കഴിഞ്ഞു.

ഗള്‍ഫ് പ്രതിസന്ധിയും മറ്റു സാമ്പത്തിക പരിഷ്‌കാരങ്ങളും മൂലം കേരളത്തില്‍ സാമ്പത്തിക മുരടിപ്പ് ആരംഭിച്ച 2015 ല്‍ പോലും ആശുപത്രിയിലേക്കുള്ള ഒപി, ഐപി പേഷ്യന്റുകളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. പല രോഗികളും ചെലവു കുറഞ്ഞ ചികിത്സ തേടിയതാണ് ഇതിന് കാരണമായത്.

വളര്‍ച്ച ഇതേ നിലയില്‍ തുടര്‍ന്നാല്‍ 2017 അവസാനമാകുമ്പോഴേക്കും ഹോസ്പിറ്റലിന്റെ ആകെ ശേഷിയേക്കാളും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് 2016 ഡിസംബറോടെ മനസിലാക്കി.

2016ല്‍ ഹോസ്പിറ്റലിന് മിച്ച ധനമായി ലഭിച്ചത് ടേബ്ള്‍ രണ്ടില്‍ കാണിച്ചിരിക്കുന്നതു പോലെ ഏകദേശം രണ്ടു കോടി രൂപയാണ്.

ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് ഡോക്റ്റര്‍മാരുടെയും പ്രധാന ജീവനക്കാരുടെയും ഒരു യോഗം വിളിച്ചു. ഹോസ്പിറ്റലിന്റെ പൂര്‍ണമായ ശേഷി എങ്ങനെ വിനിയോഗിക്കാം എന്നതു സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച നടന്നു.

ശരിയായ വിധത്തിലുള്ള ബുക്കിംഗ് സിസ്റ്റത്തിലൂടെ ആശുപത്രി നല്‍കിയ മികച്ച ഉപഭോക്തൃ സേവനത്തെ തുടര്‍ന്ന് 2011 മുതല്‍ 2014 വരെ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായി.

അടുത്തിടെ, സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രോഗികള്‍ ചെലവു കുറഞ്ഞ ആശുപത്രിയിലേക്ക് മാറിയതോടെ ഈ ആശുപത്രിയിലേക്കുള്ള രോഗികളുടെ വരവും കൂടി. എന്നാല്‍ സാധാരണ നിലയിലുള്ള വളര്‍ച്ച മാത്രമാണ് ഉണ്ടാകുന്നത്.

കുറച്ചു കാലം കൂടി കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി തുടരുമെന്നതിനാല്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നഷ്ടസാധ്യതയേറിയ നടപടിയാകും.

സര്‍ക്കാര്‍ ആശുപത്രികളുടേതിന് തുല്യമായ ശമ്പളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും നല്‍കണമെന്ന് സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ നഴ്‌സുമാരുടെ ശമ്പളത്തില്‍ വലിയ വര്‍ധനയ്ക്ക് സാധ്യതയുണ്ട്.

ആശുപത്രികളില്‍ നിരവധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുണ്ടെങ്കിലും രോഗികളുടെ എണ്ണത്തില്‍ ഏറെ വളര്‍ച്ച ഉണ്ടായത്, 20-50 കിലോമീറ്റര്‍ പരിധിയിലുള്ള ഫീഡിംഗ് ഏരിയയില്‍ നിന്നുള്ള സാധാരണ (സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്കല്ല) രോഗികളുടെ കാര്യത്തിലാണ്.

ആശുപത്രിയുടെ പൂര്‍ണമായ ശേഷി എങ്ങനെ വിനിയോഗിക്കാം?

നിരവധി ചെറിയ ആശുപത്രികള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഫീഡിംഗ് ഏരിയയില്‍ ഉള്ള പല ചെറിയ ആശുപത്രികളും ഇതേ തുടര്‍ന്ന് അടച്ചു പൂട്ടി. അവയുടെ കെട്ടിടങ്ങളും യന്ത്രോപകരണങ്ങളും ന്യായമായ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാണ്.

ആശുപത്രിയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗം പുതിയ കെട്ടിടം നിര്‍മിക്കലും അടിസ്ഥാന സൗകര്യ വികസനം നടത്തലുമാണ്.

മറ്റൊരു മാര്‍ഗം, 40-50 ബെഡുകളുള്ള ചെറിയ ഫീഡിംഗ് ഹോസ്പിറ്റലുകള്‍ ഒരുക്കി ഫീഡിംഗ് ഏരിയയില്‍ നിന്നുള്ള സാധാരണ രോഗികളെ ഇത്തരം ആശുപത്രികളിലേക്ക് തിരിച്ച് പ്രധാന ആശുപത്രിയിലെ തിരക്ക് കുറയ്ക്കുകയാണ്.

ഫീഡിംഗ് ഹോസ്പിറ്റലുകളില്‍ നിന്ന് റഫര്‍ ചെയ്ത് വിടുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലേക്കുള്ള കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാന്‍ അതുമൂലം ഹോസ്പിറ്റലിന് കഴിയുന്നു.

ഫീഡിംഗ് ഹോസ്പിറ്റലുകളില്‍ കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാനും വാടക ഡെപ്പോസിറ്റ് നല്‍കുന്നതിനും മറ്റുമായി ഒന്നരക്കോടി രൂപയും ബ്രേക്ക് ഈവന്‍ ആകുന്നതു വരെ പ്രവര്‍ത്തന നഷ്ടം നികത്തുന്നതിനായി ഒന്നരക്കോടി രൂപയും നിക്ഷേപിക്കേണ്ടതായി വരുന്നു.

പ്രധാന ആശുപത്രിയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യവികസനം നടത്തുന്നതിനേക്കാള്‍ നല്ലത്, പ്രധാന ഫീഡിംഗ് ഏരിയകളില്‍ വാടക അടിസ്ഥാനത്തില്‍ ചെറിയ ഫീഡിംഗ് ഹോസ്പിറ്റലുകള്‍ ഒരുക്കുകയാണെന്ന് യോഗത്തില്‍ തീരുമാനത്തിലെത്തി.

2017 ജനുവരിയില്‍ ഹോസ്പിറ്റല്‍ ഇത്തരത്തില്‍ 45 ബെഡുകളുള്ള ഒരു ഫീഡിംഗ് ഹോസ്പിറ്റലിനെ വാടകയടിസ്ഥാനത്തില്‍ ഏറ്റെടുത്തു. പ്രധാന ആശുപത്രിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പ്രധാനപ്പെട്ട ഫീഡിംഗ് ഏരിയയിലായിരുന്നു അത്.

ഒരു വര്‍ഷം കൊണ്ട് ബ്രേക്ക് ഈവന്‍ ആകുമെന്നാണ് മാനേജ്‌മെന്റ് കരുതിയിരുന്നതെങ്കിലും അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആറുമാസം കൊണ്ടു തന്നെ ആശുപത്രി ലക്ഷ്യം കൈവരിച്ചു.

ഇതേ തുടര്‍ന്ന്, മറ്റൊരു ഫീഡിംഗ് ഏരിയയില്‍ 45 ബെഡുകളുള്ള ഒരു ഫീഡിംഗ് ഹോസ്പിറ്റല്‍ കൂടി വാടകയടിസ്ഥാനത്തില്‍ ഒരുക്കുന്നതിലേക്ക് മാനേജ്‌മെന്റിനെ നയിച്ചു. 2017 ജൂലൈയില്‍ ഏറ്റെടുത്ത ഹോസ്പിറ്റല്‍ പ്രധാന ഹോസ്പിറ്റലില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായിരുന്നു.

പ്രതീക്ഷിച്ചതു പോലെ തന്നെ ഈ രണ്ട് ഫീഡിംഗ് ഏരിയകളില്‍ നിന്നുള്ള സാധാരണ രോഗികള്‍ പ്രധാന ഹോസ്പിറ്റലില്‍ നിന്ന് മാറി ഫീഡിംഗ് ഹോസ്പിറ്റലുകളെ ആശ്രയിച്ചു തുടങ്ങുകയും പ്രധാന ഹോസ്പിറ്റലില്‍ സാധാരണ രോഗികളുടെ തിരക്ക് കുറയുകയും ചെയ്തു.

രണ്ട് ഫീഡിംഗ് ഹോസ്പിറ്റലുകളില്‍ നിന്നുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി രോഗികളെ കൊണ്ട് പ്രധാന ഹോസ്പിറ്റല്‍ നിറഞ്ഞു.

ഈ നടപടിയെ തുടര്‍ന്ന്, ടേബ്ള്‍ മൂന്നില്‍ കാണിച്ചിരിക്കുന്നതു പോലെ 2018 ജനുവരിയായപ്പോഴേക്കും ആശുപത്രിയുടെ മിച്ച ധനം മൂന്നു

കോടി രൂപയായി വര്‍ധിച്ചു.

ഓരോ ആറു - 12 മാസം കൂടുമ്പോഴും മൂന്ന് പ്രധാന ഫീഡിംഗ് ഏരിയകളില്‍ പുതിയ ഒരോ ഫീഡിംഗ് ഹോസ്പിറ്റല്‍ തുറക്കാന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് തീരുമാനിച്ചു.

കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി, സാമ്പത്തിക ഭദ്രതയും ചെലവു കുറഞ്ഞതുമായ ഹോസ്പിറ്റലുകള്‍ക്ക് മികച്ച അവസരമാണ് തുറക്കുന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

Tiny Philip
Tiny Philip  

ഇന്ത്യയിലും ജിസിസി രാഷ്ട്രങ്ങളിലുമായി സ്ഥായിയായ ബിസിനസ് മോഡലുകൾ വളർത്തിയെടുക്കുന്നതിന് വേണ്ടി ദീർഘകാല അടിസ്ഥാനത്തിൽ സംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിസിനസ് അഡ്വൈസർ. 1992ൽ IIM (L) നിന്ന് PGDM എടുത്തതിന് ശേഷം ബിസിനസ് അഡ്വൈസർ ആയി പ്രവർത്തനം ആരംഭിച്ച അദ്ദേഹം റിസൾട്സ് കൺസൾട്ടിങ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണ്

Related Articles

Next Story

Videos

Share it