സംരംഭകനാകണോ? 5 കിടിലന്‍ ബിസിനസ് അവസരങ്ങള്‍

ഭാവിയില്‍ ഏറെ സാധ്യതകളുള്ള 5 പുതിയ ബിസിനസ് അവസരങ്ങള്‍

idea, innovation

1. ഹെല്‍ത്തി ഫാസ്റ്റ്ഫുഡ്

ഫാസ്റ്റ്ഫുഡ് ബിസിനസുകള്‍ അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നതാണ് ഏതാനും വര്‍ഷങ്ങളായി നാം കാണുന്നത്. എന്നാല്‍ ഇനി ഉപഭോക്താക്കള്‍ നാവിന്റെ രുചിക്ക് ആയിരിക്കില്ല പ്രാധാന്യം കൊടുക്കുന്നത്. വരാനിരിക്കുന്നത് ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ കാലമാണ്. ആളുകള്‍ ആരോഗ്യകരമായ ഭക്ഷണം വിളമ്പുന്ന ഹെല്‍ത്തി റെസ്‌റ്റോറന്റുകള്‍ തേടിനടക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലകള്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ മികച്ച ലാഭം നേടാനുള്ള അവസരമാണ് ഹെല്‍ത്തി ഫാസ്റ്റ്ഫുഡ് സെന്ററുകള്‍ ഒരുക്കുന്നത്. റെസ്റ്റോറന്റ് തുടങ്ങാതെ തന്നെ ഇത്തരം ഹെല്‍ത്തി ഫുഡ് വീട്ടില്‍ പാചകം ചെയ്ത് ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികള്‍ക്ക് നല്‍കാനും കഴിയും.

2. മാര്യേജ് കൗണ്‍സിലിംഗ് & തെറാപ്പി

രാജ്യത്തെ വിവാഹമോചനത്തിന്റെ നിരക്ക് കുതിച്ചുയരുകയാണ്. ഇതൊരു ബിസിനസ് അവസരം കൂടിയാണ് ഒരുക്കുന്നത്. മാര്യേജ് കൗണ്‍സിലിംഗ് പ്രൊഫഷണലുകളുടെ ആവശ്യകത 2020-30 കാലഘട്ടത്തോടെ 40 ശതമാനത്തോളം ഉയരുമെന്നാണ് ഏകദേശ കണക്ക്. ദമ്പതികളില്‍ പലരും നേരിട്ട് കൗണ്‍സിലര്‍മാരുടെ അടുത്ത് പോകാന്‍ മടിക്കുന്നവരായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് പോലെ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കൗണ്‍സിലിംഗ് നല്‍കാനുള്ള സംവിധാനത്തിന് ഡിമാന്റുണ്ടാകും. ഇതിന് ആദ്യമായി മൊബീല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കണം. കൗണ്‍സിലര്‍മാര്‍, മനശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ വിദഗ്ധ സേവനം ലഭ്യമാക്കണം.

3. വെല്‍നസ് ആപ്പ്

ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം കൂടിവരുന്ന സാഹചര്യത്തില്‍ ഹെല്‍ത്ത് & വെല്‍നസ് ആപ്പുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ട്. മാനസിക, ശാരീരിക ആരോഗ്യം, നല്ല ഭക്ഷണശീലങ്ങള്‍, വിവിധ വ്യായാമമുറകള്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കുന്ന മൊബീല്‍ ആപ്ലിക്കേഷനുകള്‍ ആരംഭിക്കാം. ഈ രംഗത്ത് നിലവില്‍ നിരവധി ആപ്ലിക്കേഷനുകളുണ്ട് എന്നതിനാല്‍ വേറിട്ടതും പ്രായോഗികവും ഉപയോക്താക്കളുമായുള്ള ഇന്ററാക്ഷന്‍ സാധ്യമാകുന്നതും ഫോളോ അപ്പിന് സാധ്യതകളുള്ളതും വ്യക്തിഗതസേവനം ലഭ്യമാക്കുന്നതുമായ ആപ്ലിക്കേഷനാണ് വികസിപ്പിച്ചെടുക്കേണ്ടത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വെല്‍നസ് സേവനം ലഭ്യമാക്കാം.

4. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ 

വരുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. അവ ചാര്‍ജ് ചെയ്യുന്നതിന് നിശ്ചിത കിലോമീറ്റര്‍ ഇടവിട്ട് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആവശ്യമായി വരും. ഭാവിയില്‍ പെട്രോള്‍ പമ്പുകള്‍ക്ക് പകരം ഇവയായിരിക്കും സ്ഥാനംപിടിക്കുക. ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇപ്പോള്‍ വ്യാപകമാകുന്നുണ്ടെങ്കിലും ബാറ്ററി മുഴുവനായി ചാര്‍ജ് ആകാന്‍ ഏറെ സമയമെടുക്കും. എന്നാല്‍ സാങ്കേതികവിദ്യയില്‍ മുന്നേറ്റമുണ്ടാകുന്നതോടെ അതിവേഗചാര്‍ജിംഗ് യാഥാര്‍ത്ഥ്യമാകും.

5. വെര്‍ട്ടിക്കല്‍ ഫാമിംഗ് കമ്പനി

ആധുനിക കൃഷിരീതികളിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം കൃഷിയാണെങ്കിലും ഒരു ഹെക്ടറില്‍ നിന്നുള്ള വിളവ് നോക്കിയാല്‍ അത് വളരെ കുറവാണ്. കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വരുമാനം ലഭിക്കുന്ന ആധുനിക കൃഷിരീതികള്‍ പരീക്ഷിച്ചാല്‍ മാത്രമേ കൃഷി ഒരു സംരംഭം എന്ന തലത്തിലേക്ക് വളരൂ. ഏറ്റവും കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതല്‍ വിളവും അതുവഴി കൂടുതല്‍ വരുമാനവും ഉറപ്പുവരുത്തുന്ന മാര്‍ഗമാണ് വെര്‍ട്ടിക്കല്‍ ഫാമിംഗ്. ഇതിനാവശ്യമായി സൗകര്യങ്ങള്‍ ഒരുക്കിനല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് വരും നാളുകളില്‍ ഏറെ സാധ്യതകളുണ്ടാകും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here