Top

ഇപ്പോള്‍ ബിസിനസ് തുടങ്ങാവുന്ന 4 മേഖലകള്‍

സുധീര്‍ ബാബു

ഇപ്പോള്‍ ഏത് രംഗത്താണ് ബിസിനസ് സാധ്യതയുള്ളത്? പലരും ചോദിക്കുന്ന കാര്യമാണിത്. കോവിഡ് മൂലം കീഴ്‌മേല്‍ മറിഞ്ഞ ലോകം പുതിയ സാധാരണത്വത്തിലേക്ക് വരും. ഇപ്പോള്‍ ഒട്ടേറെ ബിസിനസുകള്‍ തകര്‍ന്നിട്ടുണ്ട്. പക്ഷേ അത് എന്നന്നേയ്ക്കുമുള്ള തകര്‍ച്ചയല്ല. പുതിയ കാലത്ത് പുതിയ സാധ്യതകള്‍ ഇപ്പോള്‍ തകര്‍ച്ച നേരിടുന്ന രംഗത്തു തന്നെ വരും. ഉറപ്പാണത്. ഭാവിയിലെ ആ സാധ്യതകള്‍ കണ്ട് ഇപ്പോഴേ ഒരുക്കങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ നാല് മേഖലകള്‍ ഇതാ.

1) വിനോദ സഞ്ചാര വ്യവസായം

ഇപ്പോള്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന ഈ രംഗത്തോ ഇനി അവസരം? സംശയം സ്വാഭാവികമാണ്. എന്നാല്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന തിരിച്ചടി താല്‍ക്കാലികമാണ്. കൂടുതല്‍ കരുത്തോടെ ടൂറിസം രംഗം തിരിച്ചുവരും. ടൂറിസം മേഖലയെ കൃത്യമായ രൂപരേഖയോടെ കെട്ടിപ്പടുത്താല്‍ കോവിഡിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളും വരുമാനവും ഈ രംഗത്തുണ്ടാകും. കോവിഡ് ബാധ നിയന്ത്രണ വിധേയമാകുമ്പോള്‍ ആഭ്യന്തര ടൂറിസത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകും. കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങളാകും സഞ്ചാരികള്‍ തേടുക. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും പാരമ്പര്യ കലകളും പരമ്പരാഗത വ്യവസായങ്ങളും സമന്വയിപ്പിച്ച് ബുദ്ധിപൂര്‍വ്വം മാര്‍ക്കറ്റിംഗ് നടത്തിയാല്‍ ടൂറിസം രംഗത്ത് വന്‍ സാധ്യതകള്‍ തുറക്കും. ഇപ്പോള്‍ തന്നെ ഈ രംഗത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങാം. മറ്റെല്ലാ രംഗത്തെന്ന പോലെ മാര്‍ക്കറ്റിംഗ് തന്നെയാണ് ടൂറിസം രംഗത്തിന്റെ ബലഹീനത. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ കാര്യക്ഷമമായി വിനിയോഗിച്ച് അതിനെ മറികടക്കാം.

2) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി

ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം. ഐടി വ്യവസായത്തിന് പടര്‍ന്നു പന്തലിക്കാന്‍ സാധ്യമായ ഒരു ഡിജിറ്റല്‍ ഭാവിയിലേക്കാണ് ലോകം ചുവടുവെയ്ക്കുന്നത്. അതിന് വേണ്ട ഏറ്റവും മികച്ച അസംസ്‌കൃത വസ്തു, മികവുറ്റ മനുഷ്യ വിഭവശേഷി ഇവിടെയുണ്ട്്. നിര്‍മിത ബുദ്ധി, റോബോട്ടിക്‌സ്, ഓഗ്്‌മെന്റഡ് റിയാലിറ്റി, കമ്പ്യൂട്ടര്‍ വിഷന്‍ തുടങ്ങിയ രംഗങ്ങളില്‍ ഇനിയൊരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. ഈ രംഗങ്ങളിലെല്ലാം തന്നെ കഴിവുതെളിയിച്ച യുവജനങ്ങള്‍ ഇവിടെ തന്നെയുണ്ട്. ഈ മേഖലയിലേക്ക് കൂടുതല്‍ സംരംഭകര്‍ കടന്നുവരണം. മുംബൈയിലും ചെന്നൈയിലും ബാംഗ്ലൂരുമൊക്കെ രജിസ്റ്റര്‍ ചെയ്ത പല സ്റ്റാര്‍ട്ടപ്പ് കമ്പനികളും കേരളത്തിലേക്ക് പറിച്ചു നടപ്പെട്ടു എന്നത് കോവിഡ് കാലത്ത് സംഭവിച്ച പ്രതിഭാസം. കൂടുതല്‍ കമ്പനികള്‍ കേരളത്തിലെത്തും. വര്‍ക്ക് ഫ്രം ഹോമും വര്‍ക്ക് നിയര്‍ ഹോമുമൊക്കെ ഈ രംഗത്ത് കാതലായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

3) വിനോദ വ്യവസായം

കൊച്ചി സിനിമാ വ്യവസായത്തിന്റെ ഹബ്ബായി മാറും. പ്രീ, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി പുതിയ സംവിധാനങ്ങള്‍ പ്രാദേശികമായി തന്നെ ഒരുങ്ങും. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കപ്പെടും. സാങ്കേതികമായി മികച്ച സ്റ്റുഡിയോകളും എഡിറ്റ് സ്യൂട്ടുകളും സ്ഥാപിക്കപ്പെടും. വന്‍ നിക്ഷേപത്തോടെയുള്ള സംരംഭങ്ങള്‍ ഈ രംഗത്ത് വരും. ഒടിടി ഒരിക്കലും തീയേറ്ററുകള്‍ക്ക്് പകരമാകുന്നില്ല. 7D പോലുള്ള ടെക്‌നോളജികള്‍ തീയേറ്ററുകളുടെ രസതന്ത്രം മാറ്റിയെഴുതും. കൂടുതല്‍ നിക്ഷേപങ്ങള്‍ തീയേറ്ററുകളില്‍ ആവശ്യമായി വരും. മിനി തീയേറ്ററുകള്‍ക്കുള്ള സാധ്യതകളും കൂടും. കോവിഡ് സമയത്ത് ചൈനയില്‍ വീണ്ടും തുറന്ന തീയേറ്ററുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്റര്‍ടെയ്ന്‍മെന്റ് വ്യവസായം അതിശക്തിയായി തിരിച്ചെത്തിക്കഴിഞ്ഞു എന്നതാണ്. സിനിമ മാത്രമല്ല എന്റര്‍ടെയ്ന്‍മെന്റ് വ്യവസായത്തിലെ മറ്റ് മേഖലകളിലും ഈ ഉണര്‍വ് വരും കാലത്ത് പ്രകടമാകും.

4) വെല്‍നെസ് ടൂറിസം

നിപ്പക്കെതിരെയും കോവിഡിനെ തിരെയും കേരളം നടത്തുന്ന പോരാട്ടം ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഈ രംഗത്ത് ബിസിനസ് തുടങ്ങാന്‍ ഇത് മികച്ച അവസരമാണ് തുറന്നുതന്നിരിക്കുന്നത്. ഹെല്‍ത്ത്, വെല്‍നസ് രംഗത്തെ ചെറുകിട വ്യവസായങ്ങളെ കൂട്ടിയിണക്കി ബൃഹത്തായ പ്ലാന്‍ രൂപീകരിച്ച് കൃത്യമായ കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ചാല്‍ വലിയ സാധ്യതകള്‍ ഈ രംഗത്ത് തുറക്കപ്പെടും. വെല്‍നെസ് ടൂറിസം മേഖലയില്‍ വിപുലമായ സാധ്യതകളാണ് ഇനി വരുക. അവസരങ്ങള്‍ ക്യുെത്തുകയും അതിനെ ഉപയോഗിക്കുകയും ചെയ്യുക സംരംഭകന്റെ കടമയാണ്. ഇപ്പോഴുള്ള തിരിച്ചടികള്‍ താല്‍ക്കാലിക പ്രതിഭാസമാണ്. വലിയ അവസരങ്ങള്‍ അതിന് പിന്നാലെയുണ്ട്. അത് കണ്ടെത്താന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ക്ക് സാധിക്കണമെന്നുമാത്രം.

(ഡി വാലര്‍ കണ്‍സള്‍ട്ടന്റ്‌സിന്റെ സാരഥിയും സംരംഭക രംഗത്തെ നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമാണ് ലേഖകന്‍. ഫോണ്‍: 9895144120)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it