Top

വാടകയ്‌ക്കൊരു മുറിയുണ്ടോ? എയര്‍ ബിഎന്‍ബി ഹോസ്റ്റ് ആകാം

മുംബൈയിലെ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിലൂടെയുള്ള യാത്ര. വിരസവും സമ്മര്‍ദ്ദമേറിയതുമായ ജോലി. അങ്ങനെയാണ് അനിരുദ്ധും ഭാര്യയും ജീവിതം ഇനി അല്‍പ്പം ആസ്വദിക്കാമെന്ന് ചിന്തിക്കുന്നത്. ഇരുവര്‍ക്കും ഏറെ ഇഷ്ടമുള്ള ഗോവയില്‍ ജീവിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ വരുമാനവും വേണമല്ലോ? അങ്ങനെ അവര്‍ തങ്ങളുടെ വീടിന്റെ മൂന്ന് മുറികള്‍ അതിഥികള്‍ക്കായി മാറ്റിവെച്ച് എയര്‍ബിഎന്‍ബി ഹോസ്റ്റ് ആയി. സാധാരണഗതിയില്‍ വാടക ലഭിക്കുന്നതിന്റെ രണ്ടിരട്ടിയെങ്കിലും കൂടുതല്‍ വരുമാനം ഇതിലൂടെ ലഭിക്കുമെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.

വിദേശത്ത് എയര്‍ബിഎന്‍ബിക്ക് വളരെ പ്രചാരമുണ്ടെങ്കിലും ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ ഇതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. 2016ല്‍ ഇന്ത്യയിലേക്ക് പ്രവേശിച്ച എയര്‍ബിഎന്‍ബിയില്‍ ഇന്ന് ഇന്ത്യയില്‍ മാത്രം 45,000ത്തിന് മുകളില്‍ ലിസ്റ്റിംഗ് ഉണ്ട്.

ഇതുവരെ 1.8 മില്യണിലേറെ ഇന്ത്യക്കാര്‍ ഈ സേവനം ഉപയോഗിച്ചുകഴിഞ്ഞു. അതിവേഗത്തില്‍ വളരുന്ന വിപണികളിലൊന്നായാണ് കമ്പനി ഇന്ത്യയെ കാണുന്നത്. അതുകൊണ്ടുതന്നെ ആഡംബര മുറികളടങ്ങുന്ന പ്ലസ് ഹോംസ് ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

നിങ്ങളുടെ ഏതുതരത്തിലുള്ള പ്രോപ്പര്‍ട്ടിയും എയര്‍ബിഎന്‍ബിയില്‍ ലിസ്റ്റ് ചെയ്യാം. നഗരഹൃദയത്തിലുള്ളതോ ഗ്രാമത്തിലുള്ളതോ ഏതുമാകാം. ലിസ്റ്റ് ചെയ്യുമ്പോള്‍ പ്രോപ്പര്‍ട്ടിയുടെ ചിത്രങ്ങള്‍ വേണം. മുറികളുടെ എണ്ണം, കൊടുക്കുന്ന സൗകര്യങ്ങള്‍, റേറ്റ് ഇത്തരം വിശദാംശങ്ങളും ചേര്‍ക്കണം.

തിരിച്ചറിയല്‍ രേഖകളും പ്രോപ്പര്‍ട്ടിയുടെ രേഖകളും ഹാജരാക്കണം. പേയ്‌മെന്റ് ലഭിക്കുന്നതിനായി ബാങ്ക് വിവരങ്ങളും നല്‍കണം. ജിഎസ്റ്റിയും മൂന്ന് ശതമാനത്തോളം തുകയും കിഴിച്ചശേഷമാണ് പേയ്‌മെന്റ് നല്‍കുന്നത്.

എയര്‍ബിഎന്‍ബിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിങ്ങള്‍ക്ക് ഉപയോഗിക്കാതെ കിടക്കുന്ന വീടോ താമസിക്കുന്ന വീടിന്റെ ഭാഗമോ ഉണ്ടെങ്കില്‍ അത് എയര്‍ബിഎന്‍ബിയില്‍ ലിസ്റ്റ് ചെയ്യാം. സാധാരണ വാടകയ്ക്ക് നല്‍കുന്നതിലും രണ്ടിരട്ടിയോ അതില്‍ കൂടുതലോ വരുമാനം ഇതില്‍ നിന്ന് ലഭിക്കും. അത് വരുമാനം പക്ഷെ നിങ്ങള്‍ നല്‍കുന്ന സൗകര്യങ്ങളെയും പ്രദേശത്തെയും ആശ്രയിച്ചാണിരിക്കുന്നത്.

വെറുതെ പ്രോപ്പര്‍ട്ടി നല്‍കിയതുകൊണ്ട് മാത്രം കാര്യമില്ല. അതിഥികളുടെ കംഫര്‍ട്ടും ആതിഥേയത്വവുമാണ് പ്രധാനം. പ്രോപ്പര്‍ട്ടി നല്ല രീതിയില്‍ പരിപാലിച്ചിരിക്കണം. എല്ലാ സൗകര്യങ്ങളുമുള്ള ഹോട്ടല്‍ മുറികളുമായി കിടപിടിക്കണം.

നിങ്ങള്‍ക്ക് തന്നെ റേറ്റ് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ലൊക്കേഷന്‍, സൗകര്യങ്ങള്‍, മല്‍സരം എന്നീ ഘടകങ്ങള്‍ പരിഗണിച്ച് റേറ്റ് തീരുമാനിക്കുക. എയര്‍ബിഎന്‍ബിയുടെ അല്‍ഗോരിതം വെച്ച് വില നിശ്ചയിക്കാനുള്ള സൗകര്യവുമുണ്ട്.

സന്ദര്‍ശകരുടെ റേറ്റിംഗാണ് നിങ്ങളുടെ വിജയം തീരുമാനിക്കുന്നത് എന്നതിനാല്‍ കൊടുക്കുന്ന സേവനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നെഗറ്റീവ് റിവ്യു നിങ്ങളുടെ സംരംഭത്തെ തകര്‍ത്തേക്കാം.

ബുക്കിംഗ് അംഗീകരിക്കുന്നതിന് മുമ്പ് അതിഥികളെ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. ഉദാഹരണത്തിന് കുടുംബങ്ങളെ മാത്രം മതിയെന്ന് നിശ്ചയിക്കാം.

നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കുക. പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ്, ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ അനുമതികള്‍ ആവശ്യമാണ്.

വിദേശ ടൂറിസ്റ്റുകളുടെ കാര്യത്തില്‍ പോലീസ് വേരിഫിക്കേഷന്‍ വേണ്ടിവരും. ഫോം സി ഓണ്‍ലൈനായി ഫയല്‍ ചെയ്യണം. ഇക്കാര്യത്തില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുക.

എയര്‍ബിഎന്‍ബിയില്‍ നിന്നുള്ള വരുമാനം ഹൗസ് പോപ്പര്‍ട്ടിയില്‍ നിന്നുള്ള വരുമാനം അല്ലെങ്കില്‍ ബിസിനസില്‍ നിന്നുള്ള വരുമാനമായി കണക്കാക്കി നികുതി നല്‍കണം. നിരവധി പ്രോപ്പര്‍ട്ടികള്‍ ഉള്ളവര്‍ക്കാണ് ബിസിനസില്‍ നിന്നുള്ള വരുമാനമായി കണക്കാക്കേണ്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it