കൈസേ ബനേഗാ ക്രോര്‍പതി?

ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ കമ്പനിയാണ് ഡെന്മാര്‍ക്കിലെ ലെഗോ. കഴിഞ്ഞ 85 വര്‍ഷങ്ങളായി ലോകത്തിലെ കുട്ടികളുടെ കളിത്തോഴനാണവര്‍. ഓസ്‌ട്രേലിയ മുതല്‍ അങ്ങ് അന്റാര്‍ട്ടിക്ക വരെയുള്ള കുട്ടികള്‍ എന്ത് എങ്ങനെ കളിക്കണമെന്ന് പുതിയ കളിപ്പാട്ടങ്ങളിലൂടെ ഈ കമ്പനി അവതരിപ്പിക്കുന്നു.

ഒലെ കിര്‍ക് ക്രിസ്റ്റീന്‍സെന്‍ എന്ന ഒരു ആശാരി തുടങ്ങിയ ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാരഥി മൂന്നാം തലമുറക്കാരനായ നീല്‍സ് ക്രിസ്റ്റീന്‍സെന്‍ ആണ്. ലോകമെമ്പാടുമുള്ള കുട്ടികളുടെ കളി മൂലം കഴിഞ്ഞ വര്‍ഷത്തെ കമ്പനിയുടെ വരുമാനം ഏകദേശം 40,000 കോടി രൂപയോളമാ

കോ ക്രിയേഷന്‍ ഒരു അപാര ആശയം

ഒരു പതിറ്റാണ്ടു മുമ്പ് കമ്പനിയുടെ പ്രോഡക്റ്റ് ഡയറക്ടര്‍ ചിന്തിച്ചു, നമ്മുടെ കളിപ്പാട്ടങ്ങളും കളികളും അല്ലാതെ ലോകത്തു എന്തൊക്കെ കളികളുണ്ടാകാം? അതൊക്കെ ഒന്ന് കണ്ടുപിടിക്കാന്‍ ആയി അദ്ദേഹം ഒരു വെബ്‌സൈറ്റ് ആരംഭിച്ചു.

ആര്‍ക്കു വേണമെങ്കിലും ഒരു പുതിയ കളിപ്പാട്ടത്തിന്റെ ആശയം ഈ വെബ്‌സൈറ്റില്‍ കുറിച്ചിടാം, നിങ്ങളുടെ പുതിയ ആശയങ്ങള്‍ മറ്റുള്ളവര്‍ക്കും കാണാം, അവര്‍ക്കതു ഇഷ്ടമായാല്‍ അവര്‍ക്ക് ആ ആശയങ്ങള്‍ക്കു ഒരു ലൈക് കൊടുക്കാം, അങ്ങനെ പതിനായിരം ലൈക്ക് കിട്ടുന്ന ആശയങ്ങള്‍ ലെഗോ കമ്പനി ഏറ്റെടുക്കും, അവര്‍ ആ ആശയം കൊണ്ടുള്ള കളിപ്പാട്ടം നിര്‍മിക്കും, ആ കളിപ്പാട്ടത്തില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ ഒരു ശതമാനം അതിന്റെ ആശയത്തിന്റെ ഉടമസ്ഥന് കൊടുക്കും, എന്തൊരു കിടുക്കാച്ചി പരിപാടി, നമ്മുടെ നാട്ടിലെ കുഴിപ്പന്തു കളിയും ഓലപ്പന്തു കളിയും പോലെ ലോകത്തിന്റെ മുക്കിലും മൂലയിലും ഉള്ള കളികള്‍ കുട്ടികള്‍ ഈ വെബ്സൈറ്റില്‍ പങ്കുവെച്ചു, ലെഗോ കമ്പനിക്ക് ആശയങ്ങളുടെ ഒരു പെരുമഴക്കാലമായി, എല്ലാ കുട്ടികളും (കൂടെ കാരണവര്‍മാരും) തങ്ങളുടെ പുതിയ കളികളുടെ കെട്ടഴിച്ചു, ലെഗോ എന്ന കമ്പനിയുടെ brand awareness കുത്തനെ ഉയര്‍ന്നു, ഒറ്റ വര്‍ഷം കൊണ്ട് കമ്പനിയുടെ വരുമാനത്തില്‍ മുപ്പതു ശതമാനത്തിന്റെ വളര്‍ച്ച. ലെഗോ കമ്പനി ചെയ്ത ഈ മാനേജ്‌മെന്റ് രീതിയുടെ പേരാണ് കോ ക്രിയേഷന്‍.

നമ്മുടെ ഓരോ ബിസിനസിനെയും കൂടുതല്‍ ഉയരത്തില്‍ എത്തിക്കാന്‍ പറ്റിയ ധാരാളം നല്ല ആശയങ്ങള്‍ നമ്മുടെ കമ്പനിയുടെ മതിലിനു വെളിയില്‍ ഇങ്ങനെ ചുറ്റിത്തിരിയുന്നുണ്ടാകാം, അത് നമ്മുടെ ഉപഭോക്താവിന്റെ മനസിലാകാം, അല്ലെങ്കില്‍ നമ്മുടെ തൊഴിലാളികളുടെ ഹൃദയത്തിലാകാം, അവരുടെ കുടുംബങ്ങളുടെ ഉള്ളിലായിരിക്കാം, ഇങ്ങനെ നമ്മുടെ സ്ഥാപനത്തിന്റെ ഉയര്‍ച്ചയ്ക്കുള്ള ആശയങ്ങള്‍ കണ്ടെത്തേണ്ടതും അതിനുവേണ്ട പ്രോത്സാഹനം നല്‍കി കോ ക്രിയേഷനിലൂടെ ഓരോ സ്ഥാപനത്തേയും വളര്‍ത്തേണ്ടതും ഇന്നിന്റെ ആവശ്യകതയാണ്.

നമ്മുടെ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഒരു കോ ക്രിയേഷന്‍ പ്ലാറ്റ്‌ഫോം തുടങ്ങിയാല്‍ ഇവിടെ വരുന്ന സായിപ്പ് മണി മണി പോലെ നമ്മുടെ വിനോദസഞ്ചാര മേഖലയുടെ സാധ്യതകളും വെല്ലുവിളികളും നമുക്ക് കാട്ടിത്തരും.

കോ ക്രിയേഷന്‍ ബിസിനസിന്റെ എല്ലാ മേഖലയിലും ഉപയോഗിക്കാം, നഗരത്തിലെ ഒരു restaurant ഒരു പരസ്യം കൊടുക്കുന്നു, നഗരത്തിലെ ഏതു വീട്ടമ്മയ്ക്കും തങ്ങളുടെ അടുക്കളയില്‍ വന്നു പാചകത്തിന്റെ ഒരു കൈ നോക്കാവുന്നതാണ്, റെസിപ്പി നന്നായാല്‍ അത് തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്താം, പരസ്യം കണ്ടു കുറെ വീട്ടമ്മമാര്‍ തങ്ങളുടെ കഴിവ് ഒന്ന് പരീക്ഷിക്കും, അവരും അവരുടെ ബന്ധുക്കളും അങ്ങനെ restaurant സന്ദര്‍ശിക്കും, Restaurant പതിയെ അവിടെ ഹിറ്റ് ആകും.

നമ്മുടെ ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ അടിസ്ഥാന ആശയം തന്നെ participatory Management ആണ്, വികസനത്തിന്റെ ഏതു തലത്തിലും നമുക്ക് ചുറ്റുമുള്ള നല്ല ആശയങ്ങള്‍ ആകര്‍ഷിക്കാനാകണം, ഇന്ത്യയ്ക്കു മുഴുവന്‍ മാതൃകയായി ഗ്രാമസ്വരാജ് നടപ്പാക്കിയ കേരളം ഇപ്പോള്‍ ആന്തുര്‍ നഗരസഭയില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു സ്വയം വിമര്‍ശനത്തിന് നമ്മളെത്തന്നെ വിധേയരാക്കേണ്ട സമയമായിരിക്കുന്നു.

ചെറുകിട സ്ഥാപനങ്ങള്‍ മുതല്‍ കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വരെ നമുക്ക് ഈ കോ ക്രിയേഷന്‍ ഉപയോഗപ്പെടുത്താം. ഓരോ സ്ഥാപനവും തങ്ങള്‍ക്കു വേണ്ട കോ ക്രിയേഷന്‍ പ്രോഗ്രാംസ് തയ്യാറാക്കട്ടെ, പ്രമുഖ കാര്‍ നിര്‍മാതാക്കളായ BMW തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ വര്‍ഷങ്ങളായി കോ ക്രിയേഷന്‍ നടപ്പിലാക്കി വരുന്നു. നല്ല ആശയങ്ങളും അറിവുകളും സര്‍വാത്മനാ മറ്റുള്ളവര്‍ക്ക് നല്‍കാനും മറ്റുള്ളവരുടെ അറിവുകള്‍ നമുക്ക് ഉപയോഗപ്പെടുത്തുവാനുമുള്ള ഒരു സംവിധാനം നമ്മുടെ സ്ഥാപനങ്ങളില്‍ ഉണ്ടാക്കേണ്ടതാണ്.

Judy Thomas
Judy Thomas  
Next Story
Share it