Top

'സംരംഭകര്‍ ജയിക്കേണ്ടത് കേരളത്തിന്റെ ആവശ്യം'

റോഷന്‍ കൈനടി

കഴിഞ്ഞ ജൂലൈ മൂന്നില്‍ ഒരു പ്രമുഖ പത്രത്തില്‍ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏകദേശം രണ്ടു ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പല കാരണങ്ങള്‍ കൊണ്ട് ശമ്പളം മുടങ്ങി എന്നായിരുന്നു അത്. 2019 - 20ലെ കേരള ബജറ്റിലെ ധനക്കമ്മി 26,000 കോടി രൂപയാണ്. അതായത് വരുമാനവും ചെലവും തമ്മില്‍ 26,000 കോടി രൂപയുടെ അന്തരമുണ്ട്. കേരളത്തിന്റെ സമ്പദ്‌രംഗം ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് പോകുന്നതെന്നും സര്‍ക്കാര്‍ ജീവനക്കാരുടെ വേതന വിതരണം തന്നെ സര്‍ക്കാരിന് ബുദ്ധിമുട്ടേറിയ കാര്യമാകുമെന്നും ഏവര്‍ക്കും ഇപ്പോള്‍ തന്നെ അറിയാം.

ഇതിന് പുറമേയാണ് വരും വര്‍ഷങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന കാര്യങ്ങള്‍. അടുത്ത പത്ത് വര്‍ഷം കൊണ്ട് ഓട്ടോമൊബീല്‍ രംഗം പെട്രോളിയത്തില്‍ നിന്നു മാറി ഇലക്ട്രിസിറ്റിയിലേക്കാവും. ഇതുകൊണ്ടു മാത്രം കഴിഞ്ഞ 30ലേറെ വര്‍ഷമായി ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സ്വന്തമാക്കിയിരുന്ന പല ജോലികളും ഇല്ലാതാകും. പല ലോക രാജ്യങ്ങളിലും വിവിധ തരത്തിലുള്ള തൊഴില്‍ നിബന്ധനകള്‍, അതായത് തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ശക്തമാകുന്നു. സൗദി അറേബ്യയിലെയും അമേരിക്കയിലെയും ബ്രിട്ടനിലെയും നീക്കങ്ങള്‍ വെറും തുടക്കം മാത്രമാണ്. ഈ രാജ്യങ്ങള്‍, അവിടത്തെ ലഭ്യമായ തൊഴിലുകള്‍ തദ്ദേശീയരിലേക്ക് തന്നെ പോകാന്‍ വേണ്ടിയുള്ള നിയന്ത്രണങ്ങളാണ് വരുത്തിയിരിക്കുന്നത്. കേരളീയര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ജോലി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ദിനംപ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്.

ഏക രക്ഷ സംരംഭകരില്‍ മാത്രം

ഈ സാഹചര്യത്തില്‍ നമ്മുടെ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാം ഒരു കാര്യം മനസിലാക്കിയിരിക്കണം. ഇത്തരമൊരു പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സഹായം ലഭിക്കാനുള്ള ഏക വഴി സംരംഭകര്‍ മാത്രമാണ്. ദൗര്‍ഭാഗ്യവശാല്‍ രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഇത് മനസില്ലാക്കുന്നില്ലെന്ന് മാത്രമല്ല, ബിസിനസുകാരെ ബൂര്‍ഷ്വാസികളും മൈത്രീ മുതലാളിത്തം പുലര്‍ത്തുന്നവരുമായും ചാപ്പകുത്താന്‍ വ്യഗ്രത കാണിക്കുന്നവരുമാണ്. ഇവര്‍ മനസിലാക്കേണ്ട കാര്യമുണ്ട്, കേരളത്തില്‍ സംരംഭകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, അവര്‍ നാട് വിട്ട് ഓടിപ്പോകുമ്പോള്‍, സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം സ്വയം അവരുടെ ശവക്കുഴി തോണ്ടുകയാണ്.

കേരളത്തില്‍ ഒരു സംരംഭം തുടങ്ങുമ്പോള്‍ സംരംഭകര്‍ അങ്ങേയറ്റത്തെ റിസ്‌കാണെടുക്കുന്നത്. ആ സംരംഭകന്‍ പരാജയപ്പെടുമ്പോള്‍, അയാള്‍ക്ക് അയാളുടെ പണം നഷ്ടമാകുന്നു. വിശ്വാസ്യത നഷ്ടമാകുന്നു. ബാങ്കുകളില്‍ വായ്പകള്‍ക്കായി ഈട് വെച്ച ആസ്തികള്‍ നഷ്ടമാകുന്നു. നേരെ മറിച്ച് അയാള്‍ വിജയിച്ചാല്‍, സര്‍ക്കാരിലേക്കും മറ്റും വലിയൊരു തുക നികുതി ഇനത്തില്‍ - ഭൂനികുതി, കെട്ടിട നികുതി, ജിഎസ്ടി, ഇന്‍കം ടാക്‌സ്... എന്നിങ്ങനെ - നല്‍കുന്നു. അതായത് സംരംഭകന്‍ സര്‍ക്കാരിനെ അതിന്റെ ലാഭത്തിന്റെ പങ്കാളിയാക്കുകയാണ്. മാത്രമല്ല, സംസ്ഥാനത്തിലെ തൊഴിലില്ലാത്ത നിരവധി പേര്‍ക്ക് തൊഴിലും സംരംഭകര്‍ നല്‍കുന്നു.

സംരംഭകരെ തൊഴില്‍ നല്‍കുന്നവരായും കേരളത്തെ ഒരു ഇക്കണോമിക് സൂപ്പര്‍പവറാക്കി രൂപാന്തരം ചെയ്യാന്‍ പരിശ്രമിക്കുന്നവരായും കാണണം. കേരളം ഒരു ഇക്കണോമിക് സൂപ്പര്‍ പവറായി മാറാന്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുസമൂഹവും സംരംഭകരെ പിന്തുണയ്ക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം.

ഒരു വീട്ടില്‍ ഒരു പ്രവാസിയുള്ളതായിരുന്നു പഴയ കേരളം. ഒരു വീട്ടില്‍ ഒരു സംരംഭകനുള്ള പുതിയ കേരളത്തിനായി നമുക്ക് ഒറ്റക്കെട്ടായി പരിശ്രമിക്കാം.

(ലേഖകന്‍ അഗ്രിപ്രണറും ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവിന്റെ സാരഥിയുമാണ്)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it