ഡിജിറ്റല്‍ ലോകവും കൈക്കലാക്കാം

സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച് ബിസിനസിന്റെ അനന്ത സാധ്യതകള്‍ കണ്ടെത്തൂ...

റസാഖ് എം അബ്ദുല്ല

ഇന്റര്‍നെറ്റ് ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളാണ്. ഫിസിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കു സമാന്തരമായി ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളുടെ ലോകം കൂടി ഇന്റര്‍നെറ്റിന്റെ വരവോടു കൂടി സൃഷ്ടിക്കപ്പെട്ടു. അപ്പോള്‍ ഫിസിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എവിടെയൊക്കെ വില്‍ക്കാനാവുമോ അവിടെയെല്ലാം ഡിജിറ്റല്‍ ഉല്‍പ്പന്ന വില്‍പ്പനയ്ക്കും സ്‌കോപ്പുണ്ട്, അതില്‍ക്കൂടുതല്‍ എന്നു വേണമെങ്കിലും പറയാം.

ഡിജിറ്റല്‍ ഉല്‍പ്പന്ന വില്‍പ്പനയുടെ വളര്‍ച്ച അതിവേഗമാണ്. യു.എസ് വര്‍ക്ക്ഫോഴ്സിന്റെ 34 ശതമാനം പേരും വിവിധ ഡിജിറ്റല്‍ ഉല്‍പ്പന്ന മേഖലയില്‍ ജോലി ചെയ്യുന്നുവെന്നാണ് 2017 ലെ കണക്ക്. 2020 ഓടെ ഇത് 43 ശതമാനമായി ഉയരുമെന്നും കണക്കാക്കുന്നു. മൊത്തം 3.7 ട്രില്യണ്‍ ഡോളര്‍ വിലമതിക്കുന്ന മാര്‍ക്കറ്റാണ് ഡിജിറ്റല്‍ മാര്‍ക്കറ്റ്. വളര്‍ച്ച തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവിടെ നമ്മുടെ സ്പേസ് എന്താണെന്നാണ് കണ്ടെത്തേണ്ടത്.

എന്താണ് ഡിജിറ്റല്‍ പ്രൊഡക്ട്

തൊട്ടറിയാനാവാത്ത രൂപത്തില്‍ ഫയലായി നിലനില്‍ക്കുന്ന, വില്‍ക്കുന്നതാവട്ടെ അല്ലാത്തതാവട്ടെ, ഉല്‍പ്പന്നങ്ങളാണ് ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍. ഓഡിയോ ഫയലുകള്‍, ഇബുക്ക്, ചെക്ക്ലിസ്റ്റ്, ആപ്പ്, ഫോണ്ടുകള്‍, മറ്റു ഫയലുകള്‍ തുടങ്ങി ഒട്ടേറെ വിഭവങ്ങള്‍ ഡിജിറ്റല്‍ മേഖലയിലുണ്ട്.

2021 ഓടെ ആഗോള ജനസംഖ്യയുടെ 65.2 ശതമാനം പേരും ഡിജിറ്റല്‍ ബയറായി മാറുമെന്നാണ് സ്റ്റാറ്റിസ്റ്റയുടെ സര്‍വേയില്‍ പറയുന്നത് (പട്ടിക കാണുക).
2016 മുതല്‍ ഗണ്യമായ വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്. ഈ കണക്കു പ്രകാരം, 7.8 ബില്യണ്‍ ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്ന 2021 ല്‍ 5.1 ബില്യണ്‍ ഓണ്‍ലൈന്‍ ബയര്‍മാരുണ്ടാവുമെന്ന് ചുരുക്കം.

ഫിസിക്കല്‍ പ്രൊഡക്ട് വില്‍പ്പനയില്‍ നിന്ന് ഡിജിറ്റല്‍ മേഖല ഒട്ടേറെ വ്യത്യസ്തപ്പെട്ടു കിടക്കുന്നു. ഫിസിക്കല്‍ പ്രൊഡക്ട് വില്‍പ്പനയ്ക്കായി ഷിപ്പിംഗ്, നിര്‍മാതാക്കള്‍, ഡെലിവെറി, പാക്കേജിംഗ് തുടങ്ങി ഒട്ടേറെ ഘട്ടങ്ങളിലൂടെ കടന്നുപോകാനുണ്ട്. എന്നാല്‍ ഡിജിറ്റല്‍ ഉല്‍പ്പന്നം ഒരേ സമയം എത്ര പേര്‍ക്കു വേണമെങ്കിലും നല്‍കാനാവും. ഹോസ്റ്റിംഗിനും മാര്‍ക്കറ്റിംഗിനും വേണ്ടി മാത്രമാണ് ചെലവഴിക്കേണ്ടതും പണിയെടുക്കേണ്ടതും.

ഒരിടത്തും ഒതുങ്ങുന്നതല്ല ഡിജിറ്റല്‍ ഉല്‍പ്പന്ന വിപണി. സ്വന്തമായി ഉല്‍പ്പന്നമുണ്ടാക്കി വില്‍പ്പനയ്ക്കു വെയ്ക്കുകയോ അല്ലെങ്കില്‍ നമ്മുടെ ഉല്‍പ്പന്നം മറ്റൊരു വെബ്സൈറ്റില്‍ വില്‍പ്പനയ്ക്കു വയ്ക്കുകയോ മറ്റൊരാള്‍ക്കു വേണ്ട ഉല്‍പ്പന്നം ഉണ്ടാക്കി നല്‍കുകയോ ആവാം. വെബ്സൈറ്റിന്റെ പോലും സഹായമില്ലാതെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെയും ബിസിനസിന്റെ അനന്തമായ സാധ്യതകള്‍ കണ്ടെത്താം. അങ്ങനെ കണ്ടെത്തുന്നവരും പണമുണ്ടാക്കുന്നവരും നമുക്ക് ചുറ്റും തന്നെ ധാരാളമുണ്ട്. ഡിജിറ്റല്‍ രംഗത്തെ മികച്ച അവസരങ്ങളെപ്പറ്റി അടുത്ത ലക്കങ്ങളില്‍.

LEAVE A REPLY

Please enter your comment!
Please enter your name here