എവിടെയിരുന്നും പണമുണ്ടാക്കാം മാര്‍ഗങ്ങള്‍ നിരവധി

നിങ്ങളിത് വായിക്കുന്നത് ഓണ്‍ലൈനിലൂടെ എങ്ങനെ പണം ഉണ്ടാക്കാമെന്ന് അറിയാനാണല്ലോ? പല കാരണങ്ങള്‍ കൊണ്ടാണ് ഓണ്‍ലൈനിലൂടെ പണം ഉണ്ടാക്കണമെന്ന് നിങ്ങള്‍ക്ക് തോന്നിയത്. ഒന്നാമത്തേത്, എളുപ്പത്തില്‍ പണമുണ്ടാക്കണമെന്ന ചിന്തയായിരിക്കും. അതിനു ശേഷമായിരിക്കും വീട്ടിലിരുന്നു ചെയ്യാമല്ലോ, വെറുതെയിരിക്കുമ്പോള്‍ നോക്കാമല്ലോ തുടങ്ങിയ ചിന്ത വന്നിട്ടുണ്ടാകുക. അങ്ങനെ അത്ര എളുപ്പത്തില്‍ ഓണ്‍ലൈനിലൂടെ പണമുണ്ടാക്കാമെന്നു വിചാരിക്കേണ്ട. സിമ്പിളായി പണമുണ്ടാക്കാമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കുക. അതു ചതിയായിരിക്കും.

അപ്പോള്‍ പിന്നെ എങ്ങനെയാണ് നിയമപ്രകാരം തന്നെ ഓണ്‍ലൈനില്‍ പണമുണ്ടാക്കാനാവുക? ഓഫ് ലൈനിനെ അപേക്ഷിച്ച് ഓണ്‍ലൈനില്‍ പണമുണ്ടാക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതുപയോഗപ്പെടുത്തുന്ന രീതി പോലെയിരിക്കും വളര്‍ച്ചയും തളര്‍ച്ചയും. ഉദാഹരണത്തിന് എങ്ങും പേവേണ്ട, ഫെയ്‌സ്ബുക്കിനെ എടുത്തുനോക്കാം. ഗൂഗിളിനെ പോലും വെല്ലുവിളിക്കുന്ന ഒരേയൊരു സോഷ്യല്‍ മീഡിയ. ഓരോ ദിവസവും വലിയ മാറ്റങ്ങളാണ് ഫെയ്‌സ് ബുക്ക് വരുത്തുന്നത്. ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഫെയ്‌സ്ബുക്ക് മാറുന്നതുകൊണ്ടാണ് വിജയികളായി മുന്നോട്ടുപോകുന്നത്.

ഡിജിറ്റല്‍ സിംപിളാണ്, പക്ഷേ പവര്‍ ഫുള്‍

ഡിജിറ്റല്‍ യുഗം — അധികമൊന്നും പറയാതെ ഇതേക്കുറിച്ച് ഏതാണ്ടെല്ലാവര്‍ക്കും ചെറിയ ധാരണയെങ്കിലുമുണ്ടാവും. ഓഫ്‌ലൈനില്‍ എന്തൊക്ക പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവോ, അതൊക്കെയും ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഓണ്‍ലൈനിലേക്ക് മാറിയിരിക്കുന്നു. ലോകത്താകമാനം 3.2 ബില്യണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. കംപ്യൂട്ടര്‍, ടാബ്‌ലറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങളിലൂടെ ഡിജിറ്റല്‍ ലോകം നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. അതായത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 3.2 ബില്യണ്‍ ആളുകളും നമ്മുടെ കൈയ്യെത്തും ദൂരത്തുണ്ടെന്നു തന്നെ. പഠനാവശ്യത്തിനായി ഇന്റര്‍നെറ്റില്‍ കയറുന്നവര്‍, സോഷ്യല്‍മീഡിയ മാത്രം ഉപയോഗിക്കുന്നവര്‍, സാധനങ്ങള്‍ വാങ്ങാന്‍ ഓണ്‍ലൈനിലെത്തുന്നവര്‍.. ഇങ്ങനെ നീളുന്നു ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ പട്ടിക. ഇവരെല്ലാം ഓണ്‍ലൈന്‍ ലോകത്തിന്റെ, ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ നമ്മുടെ മാര്‍ക്കറ്റിംഗ് ഏരിയയില്‍പ്പെട്ടവരാണ്.

നമുക്ക് ഇതെങ്ങനെ നേട്ടമാക്കാം?

ഉപ്പു മുതല്‍ കര്‍പ്പൂരം വരെ എന്നു പറയുന്നത് ചിലപ്പോള്‍ കുറഞ്ഞുപോയേക്കാം. അത്രയേറെ വികസിച്ചു കഴിഞ്ഞിരിക്കുന്നു ഓണ്‍ലൈന്‍ വിപണിയും സേവനവും. ഓണ്‍ലൈനിതര രംഗത്ത് അത്യുന്നതിയില്‍ നില്‍ക്കുന്നവര്‍ക്കു പോലും ഡിജിറ്റല്‍ യുഗത്തിലേക്കുള്ള പരിവര്‍ത്തനം കൂടാതെ അതിജീവിച്ചു പോകാനാവാത്ത അവസ്ഥ. ഇനിയൊരു പിന്നോട്ടുപോക്ക് എന്തായാലും ഡിജിറ്റല്‍ ലോകത്തിനില്ല. അതിന്റെ മുന്നോട്ടുപോക്ക് എത്ര വേഗത്തിലായിരിക്കുമെന്നു മാത്രമാണ് ഇനി നോക്കാനുള്ളത്.

ഇ-കൊമേഴ്‌സ് എന്നതില്‍ നിന്ന് ഒന്നുകൂടി മുമ്പോട്ടുപോയി എം- കൊമേഴ്‌സില്‍ (മൊബീല്‍ കൊമേഴ്‌സ്) എത്തിനില്‍ക്കുകയാണിപ്പോള്‍ ലോകം. മീന്‍ വാങ്ങണമെങ്കില്‍ പോലും മൊബീലില്‍ ഒന്നു ക്ലിക്ക് ചെയ്താല്‍ മതിയെന്ന നിലയിലെത്തി. കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണ് ഡിജിറ്റല്‍ യുഗത്തിന്റെ വളര്‍ച്ച. 2017 ലെ കണക്കു നോക്കാം. ആഗോള ഇ-കൊമേഴ്‌സ് വില്‍പ്പന 2.3 ട്രില്യന്‍ യു.എസ് ഡോളറിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24.8 ശതമാനം വളര്‍ച്ച. ഇന്ത്യയുള്‍പ്പെടുന്ന ഏഷ്യാ പസഫിക് മേഖലയിലെ വളര്‍ച്ചാനിരക്ക് 30 ശതമാനമായിരുന്നു. അതായത് ആഗോള വളര്‍ച്ചാനിരക്കിനേക്കാളും കൂടുതല്‍.

ലോകം മാറി

ബുക്ക് ചെയ്യുന്നു, പണമടയ്ക്കുന്നു, സാധനം എത്തിച്ചു തരുന്നു എന്ന സംവിധാനത്തില്‍ ലോകം പൊരുത്തപ്പെട്ടുകഴിഞ്ഞു. ഓണ്‍ലൈന്‍ വാണിജ്യ മേഖലയ്ക്ക് ഇത്രയും പ്രിയം ലഭിക്കാന്‍ കാരണമെന്താണ്? ഓഫ്‌ലൈനില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഓണ്‍ലൈനില്‍ നിന്നു വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതെന്താണ്? ഇക്കാരണങ്ങള്‍ തന്നെയാണ് നമ്മളെയും ഒരു ഓണ്‍ലൈന്‍ വ്യാപാരിയാക്കാന്‍, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ പണമുണ്ടാക്കാന്‍ സഹായിക്കുന്നതും.

എല്ലാവരും ചിന്തിക്കുന്നത് ഓണ്‍ലൈനില്‍ നിന്ന് പണമുണ്ടാക്കാന്‍ എന്തെങ്കിലും വില്‍ക്കണമല്ലോ എന്നാണ്. ഹേയ്, ഒന്നും വില്‍ക്കാതെ തന്നെ പണമുണ്ടാക്കാന്‍ ഓണ്‍ലൈനില്‍ വഴികളുണ്ട്. അതായത് നിങ്ങള്‍ക്ക് സ്വന്തമായൊരു ഉല്‍പ്പന്നം ആവശ്യമേ വരുന്നില്ല. അതു സ്റ്റോക്ക് ചെയ്യുകയോ എത്തിച്ചു കൊടുക്കുകയോ പോലും വേണ്ടിവരില്ല. അപ്പോള്‍ ഓര്‍ക്കുക, ഓണ്‍ലൈന്‍ വാണിജ്യം സിംപിളാണ്, പക്ഷെ പവര്‍ഫുളാണ്.

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it