വിപുലമായ ബിസിനസ് നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകണോ? അവസരം തുറന്ന് ഒരു വേദി

സൂക്ഷ്മ-ചെറുകിട-ഇടത്തരം ബിസിനസുകാര്‍ക്ക് വിപുലമായ നെറ്റ്‌വര്‍ക്കിന്റെ ഭാഗമാകാന്‍ അവസരമൊരുക്കുകയാണ് വിജയീ ഭവ അലുംമ്നി (വിബിഎ). വിബി ടോക്സ് ബിസിനസ് എന്ന പേരില്‍ നടക്കുന്ന നെറ്റ്‌വര്‍ക്ക് മീറ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പരസ്പരം ഉല്‍പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും ബന്ധങ്ങള്‍ സ്ഥാപിക്കാനും അവസരമുണ്ടാകും. ഒപ്പം, ഫണ്ട് പിച്ചിംഗിനുള്ള സാധ്യതയും തുറന്നിടും.

പുതുതായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ബിസിനസ് ആശയങ്ങള്‍ പങ്കുവെക്കാനും ഫണ്ട്പിച്ചിംഗ്, പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം, ലോഗോ, മറ്റ് പ്രൊമോഷനല്‍ മെറ്റീരിയലുകളുടെ പ്രകാശനം എന്നിവയ്ക്കും വിബി ടോക്സ് ബിസിനസിന്റെ വേദികള്‍ ഉപയോഗപ്പെടുത്താമെന്ന് വിബിഎ പ്രസിഡന്റ് ശ്രീദേവി കേശവന്‍ പറഞ്ഞു. വിബിഎ അംഗങ്ങള്‍ക്കും അല്ലാത്തവര്‍ക്കും ഇത്തരം മീറ്റുകളില്‍ പങ്കെടുക്കുകയും നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമാവുകയും ചെയ്യാം.
അടുത്ത രണ്ടു വര്‍ഷങ്ങളിലായി നൂറോളം വിബി ടോക്സ് ബിസിനസ് മീറ്റുകളാണ് ലക്ഷ്യമിടുന്നതെന്ന് വിബിഎ സെക്രട്ടറി ബാബു ജോസ് പറഞ്ഞു. വിബി ടോക്സ് ബിസിനസിന്റെ ആദ്യ നെറ്റ്‌വര്‍ക്കിംഗ് മീറ്റ് കൊച്ചിയില്‍ ജൂലൈ 26-ന് ഹോട്ടല്‍ ഒലീവ് ഡൗണ്‍ടൗണില്‍ നടക്കും. ഓഗസ്റ്റില്‍ കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളിലും സംഗമങ്ങള്‍ സംഘടിപ്പിക്കും.
ആദ്യ രണ്ടു വര്‍ഷങ്ങളിലെ നെറ്റ്‌വര്‍ക്കിംഗ് പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചുരുങ്ങിയത് നൂറുകോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നുതെന്നും ബാബു ജോസ് പറഞ്ഞു. പുതിയ ബിസിനസ് ആശയങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നിക്ഷേകരില്‍ നിന്നും എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സില്‍ നിന്നും 250 കോടി രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ചു നല്‍കാനും ഉദ്ദേശിക്കുന്നു. ഇങ്ങനെ ഓരോ വര്‍ഷവും ചുരുങ്ങിയത് 1500 സംരംഭകരെയെങ്കിലും വിബി ടോക്സ് ബിസിനസിന്റെ ഗുണഭോക്താക്കളാക്കാനാണ് ലക്ഷ്യമെന്നും ബാബു ജോസ് പറഞ്ഞു. ആദ്യഘട്ടത്തില്‍ത്തന്നെ കേരളത്തിനു പുറത്തേക്കും വിദേശരാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. രണ്ടു വര്‍ഷത്തിനകം ഇത്തരം പത്തോളം ചാപ്റ്ററുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിബി ടോക്സ് ബിസിനസിലൂടെ നേടുന്ന ബിസിനസുകള്‍ കൃത്യമായി വിലയിരുത്തുന്നതിനും രേഖപ്പെടുത്തുന്നതിനും 'വിബി ലൈവ്' എന്ന പേരില്‍ ഒരു വെബ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കുമെന്ന് വിബിഎ എക്സിക്യൂട്ടിവ് അംഗവും ബിസിനസ് ഗ്രോത്ത് ആന്‍ഡ് ആക്സിലറേഷന്‍ ടീം ലീഡറുമായ പരീമോന്‍ എന്‍ബി പറഞ്ഞു. ഇതിലൂടെ നെറ്റ്‌വര്‍ക്കിന്റെ ഭാഗമായവരുടെ വിവരങ്ങള്‍ പരസ്പരം ലഭ്യമാക്കുകയും ചെയ്യും.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, വര്‍മ ആന്‍ഡ് വര്‍മ എന്നിവയുടെ സഹകരണത്തോടെ യുവസംരംഭകരെ ശാക്തീകരിക്കാനും ബിസിനസ് വിജയത്തിലെത്തിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി 2014 ല്‍ സ്ഥാപിതമായതാണ് വിജയീ ഭവ അലുംമ്‌നി. ഇതിന്റെ ഭാഗമായി നടത്തുന്ന ബിസിനസ് പരിശീലന പരിപാടികളില്‍ പങ്കെടുക്കുന്നവരാണ് അംഗങ്ങളായി മാറുന്നത്. ഇത്തരത്തില്‍ 650 ഓളം യുവസംരംഭകര്‍ ഇന്ന് വിബിഎയുടെ അംഗങ്ങളാണ്.
കോവിഡ് സമയത്ത് അംഗങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിബിഎ മുഖാമുഖം എന്ന ഒരു ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്ഫോമിന് തുടക്കമിട്ടിരുന്നു. ഇതുവരെ നടത്തിയ 125ല്‍ പരം മുഖാമുഖം പരിപാടികളിലൂടെ അവയില്‍ പങ്കെടുത്തവര്‍ക്ക് 25 കോടി രൂപയിലധികം ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന് ശ്രീദേവി കേശവന്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it