ഐ.ഐ.ടികളില്‍ നിന്ന് മിടുക്കരെ റാഞ്ചുന്നു; 1 കോടി വരെ ശമ്പളം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) യിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് വമ്പന്‍ കമ്പനികള്‍ 4000 ത്തിലധികം പേരെ റിക്രൂട്ട്‌ചെയ്തു, മികച്ച് ശമ്പളം വാഗ്ദാനം ചെയ്ത്. കോര്‍ എഞ്ചിനീയറിംഗ് പ്രൊഫൈലുകളിലാണ് ഭൂരിഭാഗം തെരഞ്ഞെടുപ്പു നടന്നത്.

പഴയ ഐഐടികളില്‍ ഭൂരിഭാഗത്തിനും 350 മുതല്‍ 500 വരെ ജോബ് ഓഫറുകള്‍ ലഭിച്ചു. ഖരഗ്പൂര്‍ ഐഐടിയിലെ അര ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടി രൂപ വാര്‍ഷിക ശമ്പളം ലഭിക്കും.ഇതുവരെ 57 വിദ്യാര്‍ത്ഥികള്‍ക്ക് 30 ലക്ഷം ഡോളര്‍ വീതവും ശമ്പള വാഗ്ദാനമായി. ഈ എണ്ണം ഉടന്‍ 100 കടക്കുമെന്ന് ചുമതലക്കാര്‍ പറഞ്ഞു. ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ ഐഐടി ഖരഗ്പൂര്‍ 500 ഓളം ഓഫറുകള്‍ നേടി.

ഡല്‍ഹി ഐഐടിയിലെ പ്ലേസ്‌മെന്റ് സീസണിലും കോര്‍ സെക്ടറിലാണ് വലിയ പ്രിയം. പക്ഷേ, വിവര സാങ്കേതികവിദ്യയും ധനകാര്യവും തൊട്ടു പുറകെയുണ്ട്. ഉയര്‍ന്ന ശമ്പള വാഗ്ദാനമുള്ള അന്താരാഷ്ട്ര ഓഫറുകള്‍ വെളിപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതായി ഐഐടി ഡയറക്ടര്‍ വി. രാംഗോപാല്‍ റാവു പറഞ്ഞു. അന്താരാഷ്ട്ര ഓഫറുകള്‍ ത്യജിച്ച് കൂടുതല്‍ ആഭ്യന്തര ഓഫറുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഇവിടത്തെ ധാരാളം വിദ്യാര്‍ത്ഥികള്‍ അന്തര്‍ദ്ദേശീയ പ്ലെയ്സ്മെന്റുകളേക്കാള്‍ ഗാര്‍ഹിക കരിയറിനെ ഇഷ്ടപ്പെടുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. കോര്‍ സെക്ടറുകളില്‍ വിദ്യാര്‍ത്ഥികള്‍ കരിയര്‍ തിരഞ്ഞെടുക്കുന്നത് രാജ്യത്തിന് നല്ലതാണെന്നും രാംഗോപാല്‍ റാവു അഭിപ്രായപ്പെട്ടു.

മൈക്രോസോഫ്റ്റ്, സോണി ജപ്പാന്‍, നെതര്‍ലാന്റ് ആസ്ഥാനമായുള്ള ധനകാര്യ സ്ഥാപനമായ ഒപ്റ്റിവര്‍, ടാക്‌സി അഗ്രിഗേറ്റര്‍ ഉബര്‍, ആക്‌സെഞ്ചര്‍ ജപ്പാന്‍, ഗൂഗിള്‍, ക്വാല്‍കോം, ഇന്റല്‍, സാംസങ് തുടങ്ങിയ കമ്പനികള്‍ മികച്ച റിക്രൂട്ടര്‍മാരില്‍ ഉള്‍പ്പെടുന്നു. ഐഐടി ഡല്‍ഹിയില്‍ മൈക്രോസോഫ്റ്റ് വക 30 ഓഫറുകളുണ്ട്. തൊട്ടുപിന്നാലെ ഇന്റലും (27 ഓഫറുകള്‍). ഖരഗ്പൂരില്‍ എക്സ്എല്‍ 25 ഓഫറുകളും ബാര്‍ക്ലേസ് 20 ഓഫറുകളും സാംസങ് റിസര്‍ച്ച് 19 ഓഫറുകളും നല്‍കി.

ഈ വര്‍ഷം സ്ഥിതി മെച്ചമാണെന്ന് മുംബൈ ഐഐടി, റൂര്‍ക്കി ഐഐടി വക്താക്കളും പറഞ്ഞു. ഐഐടി മുംബൈയില്‍ ഹോണ്ട ആര്‍ & ഡി, സോണി ജപ്പാന്‍ തുടങ്ങിയ കമ്പനികള്‍ മികച്ച ശമ്പളം വാഗ്ദാനം ചെയ്തു. സാമ്പത്തിക മാന്ദ്യത്തെ നിരാകരിക്കുന്ന ശക്തമായ കുതിപ്പോടെ ഐഐടി പ്ലേസ്‌മെന്റ് സീസണ്‍ ആരംഭിച്ചതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്ലേസ്മെന്റ് സീസണ്‍ ഏപ്രില്‍ അവസാനം വരെ തുടരുമെങ്കിലും സീസണിന്റെ ആദ്യ ഘട്ടം ഡിസംബര്‍ 15 നകം അവസാനിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it