യു.എ.ഇ യിൽ ഇനി വിദേശികൾക്കും പൂർണ ബിസിനസ് ഉടമയാകാം

കൂടുതൽ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി വിദേശ നിക്ഷേപകർക്ക് നൂറുശതമാനം ബിസിനസ് ഉടമസ്ഥാവകാശവും ദീർഘകാല വിസയും നൽകാൻ തീരുമാനിച്ച് രണ്ടാമത്തെ വലിയ ഗൾഫ് സാമ്പത്തിക ശക്തിയായ യു.എ.ഇ.

ഇതുമായി ബന്ധപ്പെട്ട ഭേദഗതികൾ യു.എ.ഇ മന്ത്രിസഭ അംഗീകരിച്ചതായി രാജ്യത്തെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം (WAM) ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച നിയമം ഈ വർഷം അവസാനത്തോടെ നിലവിൽ വരും.

നടപ്പിയിലായാൽ, ഇതുവരെ നിലനിന്നിരുന്ന ബിസിനസ് ഓണർഷിപ് ചട്ടങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ നയമായിരിക്കും ഇത്. നിലവിൽ ഒരു വിദേശനിക്ഷേപകന് സ്വതന്ത്ര സോണുകൾക്കു വെളിയിൽ ബിസിനസ് തുടങ്ങണമെങ്കിൽ ഏതെങ്കിലും യു.എ.ഇ പൗരന്റെ പാർട്ണർഷിപ്‌ നേടണം. സംരംഭത്തിന്റെ 51 ശതമാനം പങ്കാളിത്തം ഈ യു.എ.ഇ പൗരന്റേതായിരിക്കും.

ഒട്ടുമിക്ക പേർഷ്യൻ-ഗൾഫ് രാജ്യങ്ങളിലെയും പോലെ, യു.എ.ഇ ജനസംഖ്യയിൽ ഭൂരിപക്ഷവും പ്രവാസി തൊഴിലാളികളും അവരുടെ കുടുംബവുമാണ്. അവരുടെ തൊഴിൽ കാലാവധി തീരുന്നതോടെ ആ രാജ്യത്തെ വാസവും അവസാനിക്കും. അതുകൊണ്ടുതന്നെ അവർ അവരുടെ സമ്പാദ്യം നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. വാം ന്യൂസ് ഏജൻസിയുടെ കണക്കുപ്രകാരം 2017 ൽ മാത്രം പ്രവാസികൾ 164 ബില്യൺ ദിർഹം അവരവരുടെ നാടുകളിലേക്ക് അയച്ചിട്ടുണ്ട്.

പുതിയ ചട്ടം പ്രവാസികളായ മെഡിക്കൽ, സയന്റിഫിക് മേഖലകളിലുള്ള ഗവേഷകർക്കും സാങ്കേതിക വിദഗ്ധർക്കും 10 വർഷം വരെ രാജ്യത്ത് താമസിക്കാൻ അനുമതി നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് അഞ്ച് വർഷം വരെയും സമർഥരായ വിദ്യാർത്ഥികൾക്ക് 10 വർഷം വരെയുമുള്ള വിസ നൽകും.

ഖത്തർ ചില വിദേശപൗരന്മാർക്ക് തങ്ങളുടെ രാജ്യത്ത് ജീവിതാവസാനം വരെ താമസിക്കാൻ അനുവദിച്ചുകൊണ്ട് നിയമഭേദഗതി നടത്തിയതിനു പിന്നാലെയാണ് ഈ തീരുമാനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it