ഇനി ബിസിനസില്‍ വിജയിക്കണോ? ശ്യാം ശ്രീനിവാസന്‍ പറയുന്നത് കേള്‍ക്കൂ

കോവിഡ് മഹാമാരിയും അതിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണും അണ്‍ലോക്കിംഗും ജനങ്ങളുടെ ജീവിതത്തിലും അവരുടെ തൊഴില്‍ ശൈലിയിലും സീമാതീതമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന വാസ്തവമാണ്. പകര്‍ച്ചവ്യാധിയുടെ കാലഘട്ടവും ക്വാറന്റീനും നാം ഇവിടെ കുറച്ചുകൂടി കാലം കഴിഞ്ഞ് വരുമെന്ന് കരുതിയിരുന്ന പുതിയ പ്രവണതകളുടെ വരവിന്റെ വേഗം കൂട്ടിയിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരില്‍ 'ധന' ത്തിന് നല്‍കിയ അഭിമുഖത്തില്‍, ന്യു നോര്‍മലിനെ കുറച്ചുള്ള എന്റെ പ്രവചനങ്ങൡ നിയന്ത്രണ വിധേയമായ ക്രിപ്‌റ്റോ കറന്‍സി നടപ്പ് ദശകത്തില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാക്കിയിരുന്നു. അതു പറഞ്ഞ് ഏതാനും മാസങ്ങളായില്ല, ഇപ്പോള്‍ ലോകത്തിലെ പല സമ്പദ് വ്യവസ്ഥകളും അത് നടപ്പാക്കിയതായി കാണാം. അതാണ് ഇപ്പോഴത്തെ ലോകത്തിന്റെ വേഗത. ഒരുപക്ഷേ, 'ഒരിക്കല്‍ മാത്രം സംഭവിക്കുന്ന' ബ്ലാക്ക് സ്വാന്‍ പ്രതിഭാസം നമ്മുടെ ജീവിതത്തെയും ജോലിയെയും മാറ്റി വരയ്ക്കുകയാണ്. ആ ഘട്ടത്തില്‍ നാം നിരവധി ഉദിച്ചുവരുന്ന പുതിയ പ്രവണതകളും അവസരങ്ങളും അറിയുകയും അവയെ പുല്‍കുകയും വേണം.

പുതിയ പ്രവണതകള്‍ ഇവയൊക്കെയാണ്

ബാങ്കിംഗ് രംഗത്ത് മാത്രമല്ല, എല്ലാ ബിസിനസ് മേഖലയിലും സ്പഷ്ടമായി കാണുന്ന പ്രവണതകള്‍ ഇതൊക്കെയാണ്.

1. Sachet-ization: ഇന്ന് ഏത് രംഗത്തെയും ഉപഭോക്താക്കള്‍ നോക്കുന്നത് രണ്ട് കാര്യങ്ങളാണ്. Simple, Affordable. എഫ് എം സി ജി രംഗത്തെ കീഴ്‌മേല്‍ മറിച്ച സാഷേ കാലത്തെ നമുക്ക് ഓര്‍മിക്കാം. എഫ് എം സി ജി കമ്പനികള്‍ക്ക് രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇടം നേടിക്കൊടുത്തത് ആ സാഷേ വിപ്ലവമാണ്. സിംപിള്‍, അഫോര്‍ഡ്ബ്ള്‍ എന്നീ രണ്ടുഘടകങ്ങളുമായി നമുക്കതിനെ ചേര്‍ത്തു വായിക്കാം. സമകാലിക സാഹചര്യങ്ങളില്‍ 'സാഷെ-സേഷന്‍' (Sachet-ization) ആണ് പുതിയ പ്രവണത. ജനങ്ങള്‍ സിംപിളും അഫോര്‍ഡ്ബഌമായ സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് താല്‍പ്പര്യപ്പെടുന്നത്. ബാങ്കിംഗ് രംഗത്തുപോലും ആ ട്രെന്‍ഡുണ്ട്. ഉദാഹരണം പറഞ്ഞാല്‍, ഇപ്പോള്‍ ബാങ്കിംഗ് രംഗത്ത് ചെറിയ തുകയ്ക്കുള്ള വായ്പാ അപേക്ഷകളാണ് കൂടുതലും. സമീപഭാവിയില്‍ ഈ ആവശ്യം കൂടാനാണ് സാധ്യത.

2. Digitization: ഡിജിറ്റല്‍ ഒരു പുതിയ പ്രവണതയല്ല, പക്ഷേ, 'സ്പര്‍ശനരഹിതമായി' കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന പുതിയ ലോകത്ത് നിസ്സംശയം പറയാം ഡിജിറ്റല്‍ വ്യക്തമായ വേര്‍തിരിക്കല്‍ ഘടകം തന്നെയാണ്. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സേവന മേഖലയില്‍ ഡിജിറ്റൈസേഷന്‍, ഉല്‍പ്പന്നങ്ങളും സേവനങ്ങളും മികച്ചതാക്കാനും ഇടപാടുകാരുമായുള്ള ആശയവിനിമയവും അവരുമായുള്ള ഇടപെടല്‍ മെച്ചപ്പെടുത്താനും ജീവനക്കാര്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും അവരിലേക്ക് കൂടുതല്‍ വിവരങ്ങള്‍ യഥാസമയം എത്തിക്കാനുമെല്ലാം ഉപകരിക്കുന്നു. ഡിജിറ്റൈസേഷന്‍ ഇന്നൊരു യാഥാര്‍ത്ഥ്യമാണ്. വരും നാളുകളില്‍ അത് കൂടുതല്‍ വ്യാപകമാകുകയും ചെയ്യും.

3. Bespoke-ization: ഞാന്‍ ആദ്യം സൂചിപ്പിച്ച ട്രെന്‍ഡിന്റെ ഏറ്റവും പരിഷ്‌കൃതമായ രൂപമാണിത്. ഏതാണ്ട് എല്ലാ രംഗങ്ങളിലും തികച്ചും കസ്റ്റമൈസ്ഡായ സേവനങ്ങള്‍ നല്‍കാനുള്ള ത്വര പ്രകടമാണ്. ജനങ്ങള്‍ അവരുടെ സവിശേഷമായ ആവശ്യങ്ങള്‍ നിറവേറ്റുന്ന, തങ്ങള്‍ക്കു വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്‌തെടുത്ത സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാണ് തേടുന്നത്. ഉദാഹരണത്തിന്, കോവിഡ് കാലത്ത്, ഞങ്ങള്‍ക്ക് മനസ്സിലായി, ബ്രാഞ്ചില്‍ ഒരു സേവനത്തിനായി എത്തുന്ന ഇടപാടുകാര്‍ അവര്‍ക്കായുള്ള ഒരു സമയം ആഗ്രഹിക്കുന്നുണ്ടെന്ന്. തിരക്കുകള്‍ക്കിടയില്‍, മറ്റ് പലര്‍ക്കുമൊപ്പം എത്തുന്നതിനേക്കാള്‍ അവര്‍ താല്‍പ്പര്യപ്പെട്ടത് അതാണ്. ബാങ്കിംഗ് രംഗത്ത് തന്നെ ആദ്യമായി ഞങ്ങള്‍ 'ഫെഡ് സ്വാഗത്' എന്ന അപ്പോയ്‌മെന്റ് ബുക്കിംഗ് മൊബീല്‍ ആപ് അവതരിച്ചതിന് കാരണമായ സംഗതിയും അതുതന്നെ. ആ ആപ്പിലൂടെ ഇടപാടുകാര്‍ക്ക് ശാഖകളിലെ സന്ദര്‍ശന സമയം തെരഞ്ഞെടുക്കാം. ഈ ആപ്പിന് ഇടപാടുകാരില്‍ നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്. അതുകൊണ്ടു തന്നെയാണ് ഞാന്‍ പറയുന്നത് 'Bespoke-ization' എന്നത് അങ്ങേയറ്റം പ്രസക്തമായ കാര്യമാണ്. അതിവിടെ ഉണ്ടാവുക തന്നെ ചെയ്യും.

ബിസിനസ് അവസരങ്ങള്‍ ഇതൊക്കെയാണ്

ഞാന്‍ നേരത്തെ സൂചിപ്പിച്ച ട്രെന്‍ഡുകള്‍ മറ്റൊരര്‍ത്ഥത്തില്‍ അവസരങ്ങള്‍ കൂടിയാണ്. എന്നിരുന്നാലും ഞങ്ങളുടെ മേഖലയിലെ ബിസിനസ് അവസരങ്ങളില്‍ ചിലത് പറയാം.

1. സുരക്ഷിതമായ, ചെറിയ തുകയ്ക്കുള്ള വായ്പകള്‍: ഇതിന് മുന്‍പെന്നത്തേക്കാളും പ്രസക്തി കൂടുതലാണ്. സ്വര്‍ണപ്പണയവായ്പയ്ക്കും ചെറിയ തുകയുടെ പേഴ്‌സണല്‍ ലോണിനും ആവശ്യക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ കാര്യത്തില്‍ താല്‍പ്പര്യം വര്‍ധിച്ചുവരുന്നതായി കാണാം. ഭാവിയില്‍ ഇതൊരു നിര്‍ണായകമായ വളര്‍ച്ചാ ഘടകമായിരിക്കും.

2. ശാരീരിക ആരോഗ്യത്തിനും സാമ്പത്തികമായ സ്വാസ്ഥ്യത്തിനും മുന്‍തൂക്കം കൊടുക്കുന്ന പ്രവണത ഇപ്പോള്‍ പ്രകടമാണ്. ഇത് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളുടെ ഡിമാന്റ് കൂട്ടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് രംഗത്ത്.

3. ഡിജിറ്റലായുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങളുണ്ട്. ഡിജിറ്റല്‍ പേയ്‌മെന്റ്, മൊബില്‍ അധിഷ്ഠിത പേയ്‌മെന്റ് എന്നിവയ്ക്കത് കൂടുതല്‍ ഊന്നല്‍ ലഭിക്കും. കോണ്ടാക്ട്‌ലെസ് പ്ലാറ്റ്‌ഫോമിലൂടെ വിപുലമായ ശ്രേണിയിലുള്ള ഉല്‍പ്പന്നങ്ങള്‍ വളരെയധികം പേരിലേക്ക് എത്തിക്കാനും സാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it