സാമ്പത്തിക നേട്ടത്തിന് 10 സ്മാര്‍ട്ട് നീക്കങ്ങള്‍

1. നിക്ഷേപിക്കാം ഓഹരികളില്‍

ഓഹരി നിക്ഷേപത്തെ ഭീതിയോടെ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ സമ്പത്ത് ആര്‍ജ്ജിക്കാനുള്ള മികച്ച നിക്ഷേപ മാര്‍ഗമാണ് ഓഹരി. അടുത്ത പത്തുവര്‍ഷം കൊണ്ട് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ സാമ്പത്തിക രംഗത്ത് മുന്നേറുമെന്നാണ് സൂചന. ഈ സാമ്പത്തിക മുന്നേറ്റത്തിന്റെ ഗുണഫലം പങ്കുപറ്റുന്നതിനുള്ള മികച്ച നിക്ഷേപമാര്‍ഗം ഓഹരിയാണ്. ഓഹരിയില്‍ നിക്ഷേപിക്കുന്നതോടെ മികച്ച ബിസിനസുകളില്‍ പങ്കാളികളാകുകയാണ്. ആ ധാരണയോടെ നല്ല കമ്പനികളെ തെരഞ്ഞെടുത്ത് നിക്ഷേപിക്കണം.

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കുപരിയായി ഇന്ത്യ ദീര്‍ഘ കാലത്തേക്ക് സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നു തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഒറ്റ സുപ്രഭാതത്തില്‍ ഓഹരി വിപണിയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധ്യമല്ല. ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താനും വിപണിയുടെ ചാഞ്ചാട്ടങ്ങളില്‍ ചകിതരാകാതെ കാത്തിരിക്കാനും ക്ഷമയുണ്ടാകണം.

മികച്ച കമ്പനികള്‍ തെരഞ്ഞെടുത്ത് നേരിട്ട് ഓഹരികളില്‍ നിക്ഷേപം നടത്താന്‍ കഴിവും വൈദഗ്ധ്യവുമില്ലാത്തവര്‍ക്കും റിസ്‌കെടുക്കാന്‍ മടിയുള്ളവര്‍ക്കും മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലൂടെ ഓഹരി വിപണിയുടെ നേട്ടത്തില്‍ പങ്കാളികളാകാം.

മ്യൂച്വല്‍ ഫണ്ടിലെ സ്മാര്‍ട്ട് നീക്കങ്ങള്‍

  • ആദ്യമായി നിക്ഷേപിക്കുന്ന ഒരാള്‍ക്ക് ബാലന്‍സ്ഡ് ഫണ്ടുകളിലൂടെ നിക്ഷേപം തുടങ്ങാം. ഇക്വിറ്റിയിലും ഡെറ്റിലും ഒരുപോലെ നിക്ഷേപിക്കുന്നതിനാല്‍ സ്ഥിരമായ റിട്ടേണും വിപണിയുടെ വളര്‍ച്ചയുടെ ഗുണവും നേടാം.
  • ഇടയ്‌ക്കൊരു വരുമാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഡിവിഡന്റ് ഓപ്ഷന്‍ നല്‍കുന്ന ഫണ്ടുകളില്‍ നിക്ഷേപിക്കാം.
  • ദീര്‍ഘകാലത്തേക്ക് വലിയൊരു തുക സമ്പാദിക്കാനാണെങ്കില്‍ ഗ്രോത്ത് ഫണ്ടുകള്‍ തെരഞ്ഞെടുക്കാം.
  • വിപണിയിലെ തുടക്കക്കാര്‍ക്ക് ആയിരക്കണക്കിന് ഫണ്ടുകളില്‍ നിന്ന് അനുയോജ്യമായ ഒന്ന് കണ്ടെത്തുക അസാധ്യമായിരിക്കും. അങ്ങനെയുള്ളവര്‍ ബ്രോക്കര്‍മാരുടെ സേവനം തേടുന്നതാണ് നല്ലത്.
  • ബാങ്കിലെ നിക്ഷേപത്തിന് ഏഴ് ശതമാനം പലിശ ലഭിച്ചാലും നികുതി കുറച്ചു കഴിയുമ്പോള്‍ കിട്ടുക വെറും 4-5 ശതമാനമാണ്. അതുകൊണ്ട് വലിയ തുക നിക്ഷേപിക്കാനുള്ളവര്‍ ലിക്വിഡ് ഫണ്ടുകള്‍ പരിഗണിക്കുക. 7.5 ശതമാനം റിട്ടേണ്‍ ലഭിക്കും.

2. വാര്‍ധക്യത്തിലും സാമ്പത്തിക സ്വാത്രന്ത്യം നേടാന്‍ എന്‍പിഎസ്

ജോലി ചെയ്യാതെ അല്ലെങ്കില്‍ സ്ഥിരവരുമാനമില്ലാതെ വാര്‍ധക്യത്തില്‍ കഴിയേണ്ടി വരുന്ന സാഹചര്യത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ആ അവസ്ഥയില്‍ നമ്മുടെ ചെലവുകള്‍ക്ക് എങ്ങനെയാണ് പണം കണ്ടെത്തുക? ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കുന്നതിനേക്കാള്‍ അത്തരമൊരു സാഹചര്യം മുന്നില്‍ കണ്ട് ഇപ്പോഴേ നീക്കങ്ങള്‍ നടത്തുക. റിട്ടയര്‍മെന്റ് കാലത്ത് മാന്യമായ വരുമാനം ലഭിക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന മാര്‍ക്കറ്റ് ലിങ്ക്ഡ് ആയിട്ടുള്ള ഉല്‍പ്പന്നമാണ് എന്‍ പി എസ്.

എന്‍പിഎസ് നിക്ഷേപകര്‍ക്ക് രണ്ട് രീതികള്‍ തെരഞ്ഞെടുക്കാം. ഓട്ടോ ചോയ്‌സും ആക്ടീവ് ചോയ്‌സും. ചെറുപ്രായത്തിലുള്ളവര്‍ ആക്ടീവ് ചോയ്‌സ് എടുത്ത് കൂടുതല്‍ ഇക്വിറ്റിയില്‍ നിക്ഷേപിക്കുക. 75 ശതമാനം വരെ ഇത്തരത്തില്‍ ഇക്വിറ്റിയില്‍ നിക്ഷേപിക്കാം. സാധാരണ പെന്‍ഷന്‍ പ്ലാനുകളില്‍ വരിക്കാരന്‍ മരിച്ചാല്‍ പങ്കാളിക്കും കൂടി മാത്രമാണ് പെന്‍ഷന്‍ ലഭിക്കുക. എന്നാല്‍ എന്‍പിഎസില്‍ നോമിനിക്ക് ബാക്കി പണം മുഴുവന്‍ കിട്ടും.

ഇപ്പോള്‍ എന്‍പിഎസ് പൂര്‍ണമായും പേപ്പര്‍ലെസ് രീതിയായി മാറിയിരിക്കുകയാണ്. ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് എന്നിവ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ 20-25 മിനിറ്റിനുള്ളില്‍ തന്നെ എക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും സാധിക്കും.

വളരെ സുതാര്യമായ നിക്ഷേപമാണ് ഇത് ഒരുക്കുന്നത്. കൂടതെ പിഎഫ്ആര്‍ഡിഎയുടെ കൃത്യമായ നിയന്ത്രണങ്ങളുള്ളതിനാല്‍ സുരക്ഷിതവുമാണ്. തൊഴില്‍, ഭൂപ്രദേശം എന്നിവയ്ക്കതീതമായി എവിടെയിരുന്നും എന്‍പിഎസ് അക്കൗണ്ടുകള്‍ മാനേജ് ചെയ്യാന്‍ സാധിക്കും. ഫണ്ട് മാനേജര്‍, നിക്ഷേപ ഓപ്ഷനുകള്‍ തുടങ്ങിയവയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാഹചര്യമുണ്ട്. നിക്ഷേപത്തിന് ആദായനികുതി ഇളവുകളുമുണ്ട്.

3. ഭവന വായ്പ മുന്‍കൂര്‍ തിരിച്ചടയ്‌ക്കേണ്ട

കടങ്ങള്‍ അടച്ചുതീര്‍ക്കുകയെന്നത് മധ്യവര്‍ഗക്കാരുടെ ഒരു പൊതുസ്വഭാവമാണ്. ബാധ്യതയെ പേടിക്കുന്ന ഇവര്‍ കുറച്ചധികം പണം കൈയില്‍ വന്നാല്‍ ഭവന വായ്പ മുന്‍കൂര്‍ അടച്ചുതീര്‍ക്കാന്‍ തിരക്കു കൂട്ടും. എന്നാല്‍ ഈ തീരുമാനം അത്ര നല്ലതല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നികുതി ഇളവ് നേടാന്‍ ഏറ്റവും നല്ലൊരു മാര്‍ഗമാണിത്. ഭവന വായ്പ കൃത്യമായി അടച്ചുപോകുന്നുണ്ടെങ്കില്‍ അധികമായി കൈയില്‍ വരുന്ന തുക സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ നിക്ഷേപിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

45 ലക്ഷം രൂപ വിലയുള്ള വീട് 36 ലക്ഷം രൂപ വായ്പയെടുത്തു വാങ്ങുമ്പോള്‍ നിക്ഷേപകന്‍ ചെലവഴിക്കേണ്ടത് 9 ലക്ഷം രൂപയാണ്.

മുപ്പതു ശതമാനം നികുതി ബ്രാക്കറ്റില്‍ വരുന്ന നിക്ഷേപകന് 20 വര്‍ഷക്കാലത്ത് വായ്പ, പലിശ എന്നിവയുടെ തിരിച്ചടവു വഴി നികുതിയിളവിനായി 58.38 ലക്ഷം രൂപ ഉപയോഗിക്കാന്‍ സാധിക്കും. അതായത് മുപ്പതു ശതമാനം നികുതി ബ്രാക്കറ്റില്‍ ഈ കാലയളവു മുഴുവന്‍ നികുതി നല്‍കേണ്ട ഒരാള്‍ക്ക് നികുതിയിനത്തില്‍ ലാഭിക്കാന്‍ സാധിച്ചത് 17.51 ലക്ഷത്തോളം

രൂപയാണ്.

വെറും 9 ലക്ഷം രൂപയാണ് (അതായത് വീടിന്റെ മൊത്തം നിക്ഷേപത്തിന്റെ 20 ശതമാനത്തോളം) ഈ വീടു വാങ്ങുവാനായി ഇയാള്‍ മുടക്കിയിട്ടുള്ളത്. ബാക്കി തുക വായ്പയാണ്.വായ്പ എടുത്ത വകയില്‍ 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നികുതി ലാഭിച്ചതുവഴി ലഭിച്ച വാര്‍ഷിക റിട്ടേണ്‍ മുന്നു ശതമാനത്തോളമാണ്.

വീട് 20 വര്‍ഷത്തിനുശേഷം വില്‍ക്കുന്നുവെന്നു കരുതുക. 16 ശതമാനം മൂലധന വളര്‍ച്ച കണക്കാക്കിയാല്‍പോലും പത്തു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 18 ശതമാനത്തിലധികം റിട്ടേണ്‍ ലഭിക്കും. വീടു വില്‍ക്കുമ്പോഴുണ്ടാകുന്ന മൂലധന വളര്‍ച്ച മറ്റൊരു വീടിനായി നിക്ഷേപിച്ചാല്‍ മൂലധന വളര്‍ച്ചാ നികുതി ഒഴിവാക്കുകയും ചെയ്യാം. 20 വര്‍ഷത്തെ വായ്പയാണെങ്കില്‍ നാണ്യപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ അന്ന് വായ്പയ്ക്ക് പകുതി മൂല്യമേ ഉണ്ടാവുകയുള്ളു. അതിനാല്‍ വായ്പ ഒരിക്കലും മുന്‍കൂര്‍ അടയ്ക്കുന്നതു ബുദ്ധിയല്ല.

4. ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ കുടുംബത്തെ സുരക്ഷിതമാക്കാം, സമ്പത്തിനെയും

കുടുംബത്തിന്റെ സാമ്പത്തിക സ്വയംപര്യാപ്തതയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അനിവാര്യമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യം ഇന്‍ഷുറന്‍സ് ഒരിക്കലും ഒരു നിക്ഷേപമല്ല, ആപത്തുകളില്‍ നിങ്ങളെ സംരക്ഷിക്കുന്ന ഒരു സാമ്പത്തിക കവചം മാത്രമാണ്.

ടേം പോളിസി, ആരോഗ്യ ഇന്‍ഷുറന്‍സ് ഇവ രണ്ടും ഒരിക്കലും ഒഴിവാക്കരുത്. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത് സംരക്ഷണം ഉറപ്പാക്കിയിട്ടുള്ളവര്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസികള്‍ കൂടി പരിഗണിക്കണം. ഉയര്‍ന്ന ചികിത്സാ ചെലവുള്ള അസുഖങ്ങള്‍ക്കുള്ള കവറേജാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. വളരെ ഗുരുതരമായ ഒരു രോഗം വന്നാല്‍ അത് മാനസികമായും സാമ്പത്തികമായും ആളുകളെ തളര്‍ത്തിക്കളയും. മികച്ച ഒരു ക്രിട്ടിക്കല്‍ ഇല്‍നെസ് പ്ലാനുണ്ടെങ്കില്‍ ഈ രോഗങ്ങള്‍ക്കുള്ള കവറേജ് ലഭിക്കും. അര്‍ബുദം, വൃക്കയുടെ പ്രവര്‍ത്തനം നിലയ്ക്കല്‍, അവയവം മാറ്റിവയ്ക്കല്‍, ഹൃദയ ശസ്തക്രിയ തുടങ്ങിയവയ്‌ക്കെല്ലാം ഇതിലൂടെ പരിരക്ഷ ഉറപ്പാക്കാം.

5. നിക്ഷേപത്തിനായുള്ള സ്വര്‍ണം ആഭരണമായിട്ടു വേണ്ട

നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണത്തിന് തിളക്കമുള്ള വര്‍ഷമായിരുന്നില്ല 2017. പ്രതീക്ഷയനുസരിച്ച് വില ഉയര്‍ന്നില്ല എന്നതാണ് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് അകറ്റിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്വര്‍ണ വില പത്ത് ഗ്രാമിന് 27,445 രൂപയായിരുന്നു. വര്‍ഷം അവസാനിച്ചപ്പോള്‍ ഇത് 28159 രൂപയായി. അതായത് പത്തു ഗ്രാം സ്വര്‍ണം നിക്ഷേപമെന്ന രീതിയില്‍ ഒരു വര്‍ഷം കൈയ്യില്‍ വച്ചപ്പോള്‍ ലഭിച്ച ലാഭം വെറും 714 രൂപ.

സ്വര്‍ണത്തില്‍ എല്ലാവരും ഒരു ബുള്‍ റണ്‍ പ്രവചിക്കുന്നുണ്ട്. പക്ഷെ അസാധാരണ റിട്ടേണ്‍ പ്രതീക്ഷിക്കാനാകില്ല. ആഗോളതലത്തിലെ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയാണെങ്കില്‍ സ്വര്‍ണം വീണ്ടും തിളങ്ങിയേക്കും.

നിക്ഷേപ ലക്ഷ്യത്തോടെയുള്ള തുക ആഭരണത്തില്‍ മുടക്കാതിരിക്കുക. ഭാവിയിലെ നിക്ഷേപമായി അതിനെ കരുതാനാകില്ല. പകരം നേട്ടമാഗ്രഹിക്കുന്നവര്‍ക്ക് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പരിഗണിക്കാം.

വിറ്റ് പണമാക്കുമ്പോള്‍ കാലാകാലങ്ങളിലുള്ള സ്വര്‍ണത്തിന്റെ വില ലഭിക്കും. അതോടൊപ്പം 2.50 ശതമാനം പലിശ വേറെയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ പങ്കാളികളാകുന്നതോടെ സാമൂഹ്യപ്രതിബദ്ധതയും പ്രകടമാക്കാം.

സ്വര്‍ണം സൂക്ഷിക്കുമ്പോഴുള്ള അപകടസാധ്യത ഇല്ലെന്നതാണ് ഏറ്റവും വലിയ നേട്ടം. കാലാവധിയെത്തും മുമ്പ് വിറ്റ് പണമാക്കാം. പണയം വയ്ക്കാം. ആര്‍ബിഐ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയോ ഡീമാറ്റ് രൂപത്തിലോ സൂക്ഷിക്കാം.

വിപണിയിലെ സ്വര്‍ണവിലയുമായി ബന്ധപ്പെടുത്തിയാണ് ഗോള്‍ഡ് ബോണ്ടിന്റെയും പ്രവര്‍ത്തനം. വില്‍ക്കുന്ന സമയത്ത് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ നിക്ഷേപകന് നേട്ടവും താഴ്ന്നു

നില്‍ക്കുകയാണെങ്കില്‍ നഷ്ടവുമുണ്ടാകും. എന്നാല്‍, പ്രതിവര്‍ഷം ലഭിക്കുന്ന 2.50 ശതമാനം പലിശയ്ക്ക് വിപണി വിലയുമായി ബന്ധമില്ലെന്നത് ശ്രദ്ധേയമാണ്.

6. റിയല്‍ എസ്‌റ്റേറ്റിനെ അകറ്റി നിര്‍ത്തേണ്ട

സ്മാര്‍ട്ട് നിക്ഷേപകര്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖല അവസരങ്ങള്‍ തുറന്നിടുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയും ജിഎസ്ടിയും വന്നത് ഈ രംഗത്ത് വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പല സ്ഥലത്തും ഡിമാന്റിനേക്കാള്‍ കൂടുതല്‍ സപ്ലൈയുള്ളതിനാല്‍ വില കുറയ്ക്കാന്‍ ബില്‍ഡര്‍മാരും ഭവന പദ്ധതികളില്‍ നിക്ഷേപം നടത്തി പണത്തിന് ഇപ്പോള്‍ അത്യാവശ്യമുള്ളവരുമെല്ലാം തയ്യാറാകുന്നുണ്ട്.

ആ സാഹചര്യം കണക്കിലെടുത്ത് എളുപ്പം വില്‍ക്കാന്‍ പറ്റുന്നതും വാടക വരുമാനം ലഭിക്കുന്നതുമായ പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ 13- 15 ശതമാനം റിട്ടേണ്‍ ലഭിച്ചേക്കാം. ഭവന വായ്പ എടുത്ത് വീട് വാങ്ങുകയാണെങ്കില്‍ 20 ശതമാനം തുക ഇപ്പോള്‍ നിക്ഷേപിച്ചാല്‍ മതി.

പണത്തിന് അത്യാവശ്യമുള്ളവര്‍ മറിച്ചു വില്‍ക്കാന്‍ ഇട്ടിരിക്കുന്ന ഫ്‌ളാറ്റുകളും മറ്റും വാങ്ങുന്നത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളം നല്ല നീക്കമാകും. പുതിയ ഭവന പദ്ധതികളില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആഡംബര സൗകര്യങ്ങള്‍ക്കായി അധിക തുക ചെലവിടേണ്ടി വരുന്നവ ഒഴിവാക്കുന്നതാണ് ബുദ്ധി. ചുരുങ്ങിയ ചെലവില്‍ ഭാവിയില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പദ്ധതികള്‍ തെരഞ്ഞെടുത്ത് നിക്ഷേപിക്കാം.

7. അറിയാത്ത നിക്ഷേപ മാര്‍ഗത്തിന് പിന്നാലെ പോകണ്ട

സാമ്പത്തിക തട്ടിപ്പില്‍ എന്നും തട്ടിവീഴുന്നവരാണ് മലയാളികള്‍. അതുപോലെ തന്നെ കണ്ണടച്ച് തുറക്കുമ്പോള്‍ പണം ഇരട്ടിക്കുമെന്നു പറഞ്ഞാലും വിശ്വസിച്ച് നിക്ഷേപം നടത്തും പൊതുവേ വിദ്യാസമ്പന്നര്‍ എന്ന് അറിയപ്പെടുന്ന കേരളീയര്‍. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കഥകള്‍ ഇപ്പോള്‍ ബിറ്റ് കോയിനിന്റെയും ക്രിപ്‌റ്റോ കറന്‍സിയുടെയും പേരില്‍ രൂപം മാറി വരുന്നുണ്ട്.

സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാകാത്ത നിക്ഷേപ രീതികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ബുദ്ധി. ഊതിവീര്‍പ്പിച്ച കുമിള പോലെ അടിസ്ഥാനമില്ലാതെ പോകുന്നതെന്തും ഒരു നാള്‍ പൊട്ടിത്തകരും. നിക്ഷേപ മാര്‍ഗങ്ങളുടെ കാര്യത്തിലും ഈ തത്വം ശരിയാണ്. അതുകൊണ്ട് യുക്തിയോടെ ചിന്തിച്ച്, നിയതമായ ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാമുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുക.

8. സാമ്പത്തിക വിദഗ്ധരുടെ ഉപദേശം തേടാന്‍ മടിക്കരുത്

പതിനായിരം രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ നൂറ് അഭിപ്രായം തേടും. പലരോടും ചോദിക്കും, പല സൈറ്റുകള്‍ സന്ദര്‍ശിക്കും, താരതമ്യം നടത്തും അതിനു ശേഷമായിരിക്കും ഒരെണ്ണം വാങ്ങുക. എന്നാല്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുമ്പോള്‍ യാതൊരു ചിന്തയും റിസര്‍ച്ചുമൊന്നുമുണ്ടാകില്ല. രണ്ടു സാമ്പത്തിക പത്രങ്ങള്‍ വായിക്കുമ്പോള്‍ തന്നെ എല്ലാ അറിവും കിട്ടിയെന്ന മട്ടില്‍ നേരെ നിക്ഷേപത്തിനിറങ്ങും. കൈയ്യിലുള്ള പണം ഏതാണ്ട് നഷ്ടപ്പെടുമ്പോഴാണ് തീരുമാനം തെറ്റാണെന്ന് തോന്നുന്നത്.

എന്നാല്‍ നല്ലൊരു നിക്ഷേപം നടത്താനൊരുങ്ങുമ്പോള്‍ അവരവര്‍ക്കു ചേരുന്നതാണോ, ആവശ്യങ്ങള്‍ നിറവേറ്റന്‍ പര്യാപ്തമാകുമോ എന്നൊക്കെ സ്വയം തീരുമാനിക്കാനാകില്ലെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം തേടുന്നത് തന്നെയാണ് നല്ലത്. അവര്‍ക്ക് നല്‍കുന്ന ഫീസ് ഒരിക്കലും നഷ്ടമായി കാണേണ്ടതില്ല. നിങ്ങളുടെ ഓരോ ആവശ്യങ്ങളും പഠിച്ച ശേഷമായിരിക്കും അനുയോജ്യമായ മാര്‍ഗങ്ങള്‍ ഉപദേശിക്കുക. അതേ പോലെ തന്നെയാണ് ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോഴും. ഒരുപാടു റിസര്‍ച്ചുകള്‍ നടത്തിയ ശേഷമാണ് ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ നല്ലൊരു പോര്‍ട്ട്‌ഫോളിയോ ഉണ്ടാക്കിയെടുക്കുന്നത്. ഇത്തരം ഓഹരികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഗുണവും ലഭിക്കും.

9. നികുതി ആസൂത്രണം നടത്താം, നേരത്തെ തന്നെ

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പലരും കണ്ണില്‍ കണ്ട ഇന്‍ഷുറന്‍സ് പോളിസിയും മറ്റും വാങ്ങിക്കൂട്ടുന്നത് സ്ഥിരം കാഴ്ചയാണ്. നികുതിയായി നല്‍കേണ്ട തുക കുറയ്ക്കാന്‍ അപ്പോള്‍ കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചും നികുതി ഇളവ് കിട്ടുന്ന ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നവരുണ്ട്. ഇതുകൊണ്ട് ഒരു സാമ്പത്തിക നേട്ടവും ജീവിതത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഓരോ വ്യക്തിക്കും അവരുടെ വരുമാനം അറിയാം. അതിന്റെ നികുതി ബാധ്യത വിദഗ്ധരുമായി സംസാരിച്ചാല്‍ മനസിലാക്കി തരും. ഒരു സാമ്പത്തിക ആസൂത്രണ വിദഗ്ധന്റെ സഹായത്താല്‍ ഇപ്പോള്‍ തന്നെ ബുദ്ധിപൂര്‍വ്വം നികുതി ആസൂത്രണം നടത്താം.

നികുതി ഇളവിനുള്ള വഴികള്‍ അറിഞ്ഞ്, അവ സാമ്പത്തിക ലക്ഷ്യം നേടാനുള്ള മാര്‍ഗമാക്കി മാറ്റാം. ഇതിന് ആദ്യം വേണ്ടത് സാമ്പത്തിക വര്‍ഷാവസാനത്തിലെ ഓട്ടപ്പാച്ചില്‍ അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ തന്നെ ചിന്തിച്ച് പ്ലാന്‍ ചെയ്തു പോയാല്‍ നികുതി ലാഭിക്കാം. സാമ്പത്തിക നേട്ടവും ഉണ്ടാക്കാം.

10. അച്ചടക്കത്തോടെ നിക്ഷേപിക്കാം

അവസാനത്തേതെങ്കിലും സുപ്രധാനമായ കാര്യമാണിത്. പലര്‍ക്കും സ്വപ്‌നങ്ങളുണ്ട്. പക്ഷേ അവ സാക്ഷാത്കരിക്കാന്‍ പണം എങ്ങനെ കണ്ടെത്തുമെന്ന് ചോദിച്ചാല്‍ കൈ മലര്‍ത്തും. ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ എഴുതി വെച്ച് അതിനുള്ള വഴികള്‍ കൃത്യമായി കണ്ടെത്തി അതിലെ സഞ്ചരിക്കണം.

ഇതിന് ആദ്യം വേണ്ടത് നമ്മുടെ വരവ് എത്ര, ചെലവ് എത്ര എന്നറിയലാണ്. പലര്‍ക്കും വരവും ചെലവും എത്രയെന്ന് വ്യക്തമായി അറിയാന്‍ സാധിക്കില്ല. ദിവസവും കണക്കെഴുതി നോക്കിയാല്‍ സാമ്പത്തിക അച്ചടക്കം സ്വാഭാവികമായി തന്നെ വരും.

ഇതോടൊപ്പം കൃത്യമായ കുടുംബ ബജറ്റും തയാറാക്കുക. അടുത്ത വര്‍ഷം വരാനിരിക്കുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിന് ഇന്നേ ചെറിയ തുക നിക്ഷേപിച്ചാല്‍ അപ്പോള്‍ ബുദ്ധിമുട്ടണ്ട. കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിലും ഇങ്ങനെ നേരത്തെ പണം സ്വരൂപിച്ചു തുടങ്ങാം.

വിവരങ്ങള്‍ക്ക് കടപ്പാട്: കെ.മനോജ് കുമാര്‍, സീനിയര്‍ മാനേജര്‍, റിസര്‍ച്ച് & ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ഡിബിഎഫ്എസ്., സനല്‍ കുമാര്‍, അസിസ്റ്റന്റ് ഡയറക്റ്റര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഉത്തര രാമകൃഷ്ണന്‍, ബിസിനസ് അസോസിയേറ്റ്, മോട്ടിലാല്‍ ഒസ്‌വാള്‍ സെക്യൂരിറ്റീസ്

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it