Top

സാമ്പത്തിക ആരോഗ്യത്തിന് 10 പ്രതിജ്ഞകള്‍

പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ കുറേ നല്ല ശീലങ്ങളും അത് തുടരുമെന്ന പ്രതിജ്ഞയും പലരും എടുക്കുമെങ്കിലും കുറച്ചു ദിവസം കഴിയുമ്പോള്‍ അതൊക്കെ മറക്കും. കാര്യങ്ങള്‍ പിന്നെയും പഴയപടിയാകും.

ശരീരത്തിന്റെ ആരോഗ്യമെന്ന പോലെ വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം കാത്തുസൂക്ഷിക്കാനും ചില ശീലങ്ങള്‍ നല്ലതാണ്. 2019ല്‍ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ഇതാ പത്ത് കാര്യങ്ങള്‍.

1. ബജറ്റ് എഴുതി തയ്യാറാക്കാം

നമ്മില്‍ ഓരോരുത്തര്‍ക്കും വരവ് ചെലവുകളെ കുറിച്ച് ഏകദേശ ധാരണ കാണും. വീട്ടുചെലവും കടം വീട്ടലും കഴിഞ്ഞാല്‍ കൈയില്‍ ഒന്നുമുണ്ടാകില്ലെന്ന് പരിതപിക്കുന്നവരാണ് പലരും. എല്ലാം കഴിഞ്ഞ് സമ്പാദിക്കാമെന്നു ധരിച്ചാല്‍ അത് നടക്കില്ല. ലോകപ്രശസ്ത നിക്ഷേപകന്‍ വാറന്‍ ബഫറ്റ് പറഞ്ഞതു പോലെ ചെലവുകള്‍ എല്ലാം കഴിഞ്ഞതിനുശേഷമുള്ളവയല്ല സമ്പാദിക്കേണ്ടത്, മറിച്ച് നിക്ഷേപം നടത്തിയ ശേഷമുള്ള തുക ചെലവിടുക.

സമാധാനമായി ഇരുന്ന് ചിന്തിച്ചാല്‍ പല ചെലവും അനാവശ്യമാണെന്ന് മനസിലാകും. അത്തരം കാര്യങ്ങള്‍ക്ക് മേലില്‍ പണം ചെലവിടില്ലെന്ന് ഉറപ്പിക്കുക. അതിന്
ബജറ്റ് അനിവാര്യമാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ച് ബജറ്റ് തയ്യാറാക്കുക. എല്ലാവരും അത് കൃത്യമായി പാലിക്കാന്‍
കൂട്ടുത്തരവാദിത്തം എടുക്കുകയും വേണം.

2. നിലവിലെ കടം കുറയ്ക്കുക, പുതിയ കടം ഒഴിവാക്കുക

വായ്പ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. വീട് വെയ്ക്കാനോ വീട് വാങ്ങാനോ ഉള്ള വായ്പ നല്ലതാണ്. അതൊരു ആസ്തി സൃഷ്ടിക്കും. എന്നാല്‍ അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവിട്ട് കടം വന്നുകയറിയാല്‍ അത് സാമ്പത്തിക അടിത്തറ തകര്‍ക്കും. എന്തിനും ഏതിനും സ്വര്‍ണപ്പണയവും ക്രെഡിറ്റ് കാര്‍ഡ് യഥേഷ്ടം ഉപയോഗിക്കുന്നതും ഒഴിവാക്കുക. നിലവിലെ കടം കൃത്യമായി തിരിച്ചടയ്ക്കുക. അത്യാവശ്യമില്ലെങ്കില്‍ ഈ വര്‍ഷം ഒരു വായ്പയും എടുക്കില്ലെന്ന് തീരുമാനിക്കുക.

3. ലക്ഷ്യം എഴുതി വെയ്ക്കുക; അതിലേക്കുള്ള വഴിയും

കാര്‍ വാങ്ങണം, വീട് വെയ്ക്കണം, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം… ആഗ്രഹങ്ങള്‍ നിരവധിയുണ്ട്. ഓരോ സാമ്പത്തിക ലക്ഷ്യവും കൃത്യമായി എഴുതുക. അത് നേടിയെടുക്കാന്‍ കൃത്യമായ സമയക്രമം തീരുമാനിക്കുക. അതിനുവേണ്ടി എത്ര തുക, എങ്ങനെ, എവിടെ നിക്ഷേപിക്കണമെന്ന് കണ്ടെത്തുക. എത്രമാത്രം റിസ്‌ക് എടുക്കാനാകുമെന്ന് വിലയിരുത്തി മാത്രം നിക്ഷേപം നടത്തുക. പ്രായം, വരുമാനം, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തി സന്തുലിതമായ പോര്‍ട്ട്‌ഫോളിയോ വേണം നിക്ഷേപത്തിനായി ഒരുക്കേണ്ടത്.

4. അച്ചടക്കത്തോടെ നിക്ഷേപിക്കുക

ഇതിന് അനുയോജ്യമായ മാര്‍ഗം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനാണ്. കുറച്ച് പണം കൃത്യമായി മുടങ്ങാതെ ദീര്‍ഘകാലം നിക്ഷേപിച്ചാല്‍ വലിയൊരു തുക സമ്പാദിക്കാനാകും. എസ്‌ഐപി അതാണ് സാധ്യമാക്കുന്നത്. പ്രതിമാസം 500 രൂപ മുതല്‍ നിക്ഷേപമാകാം. ഓഹരി വിപണിയിലെ കയറ്റിറക്കങ്ങളെ പേടിക്കാതെ നേട്ടമുണ്ടാക്കാം.

5. കാണാചെലവുകള്‍ക്കായി ഫണ്ടുണ്ടാക്കുക

എല്ലാം നമ്മള്‍ പ്ലാന്‍ ചെയ്യുംപോലെ നടക്കുന്ന സാഹചര്യമല്ല. അപ്രതീക്ഷിതമായ പണച്ചെലവുകളെ മുന്നില്‍ കാണുക തന്നെ വേണം. അതുപോലെ തന്നെ നിലവില്‍ ലഭിക്കുന്ന വരുമാനം അപ്രതീക്ഷിതമായി നിലച്ചാലും രണ്ടു മൂന്നുമാസം പിടിച്ചുനില്‍ക്കാനുള്ള വഴി വേണം. അതിനാല്‍ അത്യാവശ്യമായി ഇത്തരം കാര്യങ്ങള്‍ക്കായി തുക മാറ്റിവെയ്ക്കണം.

6. ആശ്രിതരെ സുരക്ഷിതരാക്കുക

നമ്മില്‍ പലരും കുടുംബത്തിന്റെ ഏക അത്താണിയാകും. ആ വരുമാനം അപ്രതീക്ഷിതമായി നിലച്ചാല്‍ ആശ്രിതര്‍ വഴിയാധാരമാകും. ഇത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍ മികച്ച വഴിയാണ് ഇന്‍ഷുറന്‍സ് സംരക്ഷണം ഉറപ്പാക്കുക എന്നത്. ടേം ഇന്‍ഷുറന്‍സ്, അപകട ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഭവന ഇന്‍ഷുറന്‍സ് എന്നിങ്ങനെ അത്യാവശ്യം വേണ്ട ഇന്‍ഷുറന്‍സുകള്‍ എടുക്കണം.

7. സ്വന്തം സാമ്പത്തിക പ്ലാനില്‍ ഉറച്ചു നില്‍ക്കുക

പൊതുവേ മലയാളികള്‍ക്ക് ഒരു ശീലമുണ്ട്. നേട്ടം കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ മതി കണ്ണും പൂട്ടി വിശ്വസിച്ച് അതിലേക്ക് ചാടും. തട്ടിപ്പില്‍ തട്ടി വീഴുന്നത് അപ്പോഴാണ്. ആലോചിച്ച് ഉറപ്പിച്ച് നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്ന് മോഹിപ്പിക്കുന്ന നേട്ടം കൊയ്യാന്‍ വേണ്ടി വഴി മാറി സഞ്ചരിക്കരുത്. നമുക്ക് ചുറ്റിലുമുള്ളവര്‍ പലതരത്തില്‍ പണമുണ്ടാക്കുന്നുണ്ടാകാം. അത് അനുകരിച്ച് ആ വഴി പോയാല്‍ നമുക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് ഉറപ്പില്ല. നമുക്ക് എത്രമാത്രം റിസ്‌കെടുക്കാന്‍ പറ്റും. ഏത് തരത്തിലുള്ള നിക്ഷേപം പിന്തുടരണം എന്നൊക്കെ കൃത്യമായ ധാരണ വേണം. കിംവദന്തികള്‍ കേട്ട് നിക്ഷേപം നടത്തരുത്.

8. ലാഭിക്കാം നികുതി

പൊതുവേ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട നാള്‍ അടുക്കുമ്പോഴാണ് നികുതി ആസൂത്രണത്തെ കുറിച്ച് ചിന്തിക്കുക. ആ സമയം നമ്മുടെ സാമ്പത്തിക ലക്ഷ്യത്തെ കുറിച്ചൊന്നും ചിന്തിക്കാതെ നികുതി ലാഭിക്കാനുള്ള ഏതെങ്കിലും വഴിയാകും തെരഞ്ഞെടുക്കുക. ഇതുകൊണ്ട് പ്രത്യേക മെച്ചമൊന്നും ഉണ്ടാവാറില്ല. അതൊഴിവാക്കാന്‍ മുന്‍കൂട്ടി നികുതി ആസൂത്രണം നടത്തുക.

9. പ്ലാന്‍ പുനഃപരിശോധിക്കുക

നമ്മുടെ പ്രതീക്ഷയ്ക്ക് വിപരീതമായി ചില നിക്ഷേപമാര്‍ഗങ്ങളില്‍ നിന്ന് നേട്ടം കിട്ടണമെന്നില്ല. അപ്പോള്‍ അതിന് ബദലായി മറ്റൊരു രീതി കണ്ടെത്തണം. ഇതൊക്കെ കൃത്യമായി അറിയാനും ചെയ്യാനും നമ്മുടെ നിക്ഷേപ പ്ലാനുകള്‍ കൃത്യമായ ഇടവേളയില്‍ പുനഃപരിശോധിക്കണം. വേണ്ട മാറ്റങ്ങള്‍ വരുത്തുകയും വേണം.

10. വിദഗ്ധരുടെ സേവനം തേടുക

രോഗം വരുമ്പോള്‍ സൂപ്പര്‍ സ്‌പെഷാലിറ്റിയിലേക്ക് ഓടുന്നവരാണ് നമ്മള്‍. പക്ഷേ സാമ്പ ത്തിക ആരോഗ്യത്തിന്റെ കാര്യത്തില്‍ വിദഗ്ധരെ സമീപിക്കാന്‍ തുനിയാറില്ല. പണ്ടത്തെ പോലെയല്ല, ഓരോ വ്യക്തിയുടെയും വരവ് ചെലവുകളും കടബാധ്യതകളും സാമ്പത്തിക ലക്ഷ്യങ്ങളും ആസ്തികളുമെല്ലാം കൃത്യമായി വിശകലനം ചെയ്ത് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്ന പ്രൊഫഷണലുകള്‍ ഏറെയുണ്ട്. ഇവരെ സമീപിക്കുമ്പോള്‍ വേണ്ടിവരുന്ന ഫീസ് നഷ്ടമല്ല, മറിച്ച് ദീര്‍ഘകാല നേട്ടത്തിനുള്ള നിക്ഷേപമാണ്. അതി സമ്പന്നന്മാര്‍ക്കുള്ളത് മാത്രമല്ല ഈ സേവനങ്ങളെല്ലാം. തികച്ചും സാധാരണക്കാരാണ് ഇത്തരം സേവനങ്ങള്‍ തേടി സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തേണ്ടത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it