നികുതിദായകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 9 കാര്യങ്ങൾ

കൃത്യമയാ പ്ലാനിംഗ് നടത്തി ചെലവഴിക്കുകയും നിക്ഷേപിക്കുകയും ചെയ്താല്‍ അത് സാമ്പത്തിക ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല നികുതി ലാഭിക്കാനുമാകും. നികുതി ദായകര്‍ ശ്രദ്ധിക്കേണ്ട ഒന്‍പത് കാര്യങ്ങളാണ് ചുവടെ;

1. നികുതി ലാഭിക്കുന്നതിനായുള്ള നിക്ഷേപങ്ങള്‍
ആളുകളില്‍ നിക്ഷേപശീലം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ ചില നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്നുണ്ട്. 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമാണിത്. അതു പ്രകാരം ഇളവ് ലഭിക്കുന്ന പ്രധാന നിക്ഷേപ പദ്ധതികള്‍ ഇവയാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ കാലയളവിലേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍
ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകള്‍
നാഷണല്‍ പെന്‍ഷന്‍ സ്‌കീം, മറ്റു പെന്‍ഷന്‍ പദ്ധതികള്‍
ഇവയിലെ നിക്ഷേപങ്ങള്‍ നികുതി ലാഭിക്കുന്നതിനൊപ്പം സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാനും സഹായിക്കും. പഴയ നികുതി ഘടന പിന്തുടരുന്നവര്‍ക്കാണ് ഈ നികുതി ഇളവ് ലഭിക്കുക. എന്നാല്‍ മറ്റു നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന പുതിയ ഘടനയില്‍ സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ഇളവുകള്‍ ഒലഭ്യമാകില്ല. അതുകൊണ്ട് തന്നെ പുതിയ ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് ഈ നിക്ഷേപ രീതികള്‍ സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ.
2. ശമ്പള ഘടനയില്‍ മാറ്റം വരുത്താം
ശമ്പളം വാങ്ങുന്നയാളാണെങ്കില്‍ തൊഴിലുടമയുടെ സഹായത്തോടെ ശമ്പള ഘടനയില്‍ മാറ്റം വരുത്തി നികിതിയിളവ് നേടാനാകും. ഉദാഹരണത്തിന്, വീട്ടു വാടക നല്‍കുന്ന ആളാണെങ്കില്‍ ശമ്പളത്തില്‍ ഹൗസ് റെന്റ് അലവന്‍സ് ഉള്‍പ്പെടുത്താനാവും. ടെലിഫോണ്‍/ ഇന്റര്‍നെറ്റ് ചെലവ്, വിദ്യാഭ്യാസ അലവന്‍സ്, ഫുഡ് കൂപ്പണുകള്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ഉള്‍പ്പെടുത്താനാകും. നികുതി ബാധകമായ ശമ്പളം കണക്കാക്കുമ്പോള്‍ ഇവയിന്മേല്‍ നികുതിയിളവ് ലഭിക്കും.
3. റിട്ടയര്‍മെന്റ് ഫണ്ടിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കുക
ശമ്പളക്കാര്‍ക്ക് ഇപിഎഫിന് പുറമേ വൊളന്ററി പ്രൊവിഡന്റ് ഫണ്ടിലേക്ക് അധികമായി നിക്ഷേപം നടത്താം. നിബന്ധനകള്‍ക്ക് വിധേയമായി ഇത്തരത്തിലുള്ള അധിക നിക്ഷേപത്തിന്മേല്‍ നികുതിയിളവ് ലഭിക്കാറുണ്ട്.
എന്നാല്‍ പരമാവധി 1.5 ലക്ഷം രൂപയുടെ നിക്ഷേപം മാത്രമേ നികുതിയിളവിന് പരിഗണിക്കൂ എന്നതിനാല്‍ അതില്‍ കവിഞ്ഞ നിക്ഷേപമുണ്ടെങ്കില്‍ ഇത്തരത്തില്‍ വൊളന്ററി പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം നടത്തിയതു കൊണ്ട് പ്രയോജനമുണ്ടാകില്ല. എന്‍പിഎസിലേക്ക് തൊഴിലുടമ നല്‍കുന്ന വിഹിതത്തിന്മേല്‍ (ശമ്പളത്തിന്റെ 10 ശതമാനം) നികുതിയിളവ് ലഭിക്കാറുണ്ട്.
എന്നിരുന്നാലും ഇപിഎഫ്, വിപിഎഫ് എന്നിവയിലുള്ള തൊഴിലാളിയുടെ വിഹിതം ഒരു സാമ്പത്തിക വര്‍ഷം 2.5 ലക്ഷം രൂപയില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
4. ഭവന വായ്പയ്ക്കുള്ള നികുതിയിളവ്
ബാങ്കുകള്‍, എന്‍ബിഎഫ്‌സി, ഹൗസിംഗ് ഫിനാന്‍സ് കമ്പനി തുടങ്ങിയവയില്‍ നിന്ന് വീട് നിര്‍മിക്കാനോ വാങ്ങാനോ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവിന്മേല്‍ നികുതിയിളവ് ലഭിക്കും. പഴയ നികുതി ഘടന തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ എന്ന് ഓര്‍ക്കണം.
5. ആരോഗ്യ ഇന്‍ഷുറന്‍സ്
നിങ്ങളുടെയും പങ്കാളിയുടെയും ആശ്രിതരായ മക്കളുടെയും മാതാപിതാക്കളുടെയും പേരിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയമത്തിന്മേല്‍ നികുതിയിളവ് ലഭിക്കും. വര്‍ധിച്ചു വരുന്ന മെഡിക്കല്‍ ചെലവുകള്‍ക്ക് പരിഹാരം എന്നതിലുപരി ഇവ നികുതിയിളവിനായും പ്രയോജനപ്പെടുത്താനാവും. നികുതി ദായകനും പങ്കാളിക്കും ആശ്രിതരായ കുട്ടികള്‍ക്കുമുള്ള പോളിസികളില്‍ 25000 രൂപയ്ക്കും ആശ്രിതരായ മാതാപിതാക്കളുടെ പേരിലുള്ള പോളിസികളില്‍ 50000 രൂപയ്ക്കും ഇത്തരത്തില്‍ നികുതിയിളവ് ലഭിക്കും. മാതാപിതാക്കളുടെ പേരില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഇല്ലെങ്കില്‍ ചികിത്സാ ചെലവിനത്തില്‍ 50000 രൂപയ്ക്ക് നികുതിയിളവ് ലഭിക്കും.
6. ചികിത്സാ ചെലവ്, ട്യൂഷന്‍ ഫീസ് തുടങ്ങിയവ
പ്രത്യേകം നിക്ഷേപങ്ങളൊന്നും ഇല്ലെങ്കിലും ചില കാര്യങ്ങള്‍ക്ക് നികുതി ഇളവ് ലഭിച്ചേക്കാം. ഹെല്‍ത്ത് ചെക്കപ്പ് നടത്തുന്നതിന് 5000 രൂപയിന്മേല്‍ നികുതിയിളവ് ലഭിക്കുന്നത് ഉദാഹരണം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്മേല്‍ നികുതിയിളവ് ലഭിക്കുന്നുണ്ടെങ്കില്‍ സെക്ഷന്‍ 80 ഡി പ്രകാരം ഹെല്‍ത്ത് ചെക്കപ്പിനുള്ള നികുതിയിളവും അതില്‍പെടും. സെക്ഷന്‍ 80 സി പ്രകാരം കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ട്യൂഷന്‍ ഫീസിനത്തില്‍ 1.5 ലക്ഷം രൂപ വരെ നികുതിയിളവിനും അര്‍ഹതയുണ്ടായിരിക്കും.
7. നിശ്ചിത സമയ പരിധിക്കുള്ളില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുക
നിശ്ചിത സമയപരിധിക്കുള്ളില്‍ ആദായ നികുതി റിട്ടേണുകളും മറ്റു നിയമപരമായ ഫോമുകളും ഫയല്‍ ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ല. ഇത് ശരിയായ ടാക്‌സ് റെക്കോര്‍ഡ് ഉണ്ടാക്കുന്നതിനും അധികൃതരില്‍ നിന്നുള്ള ഏത് അന്വേഷണങ്ങള്‍ക്കും വേരിഫിക്കേഷനും സഹായകമാകുകയും ചെയ്യും. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത് ഇമിഗ്രേഷന്‍ ഡോക്യുമെന്റ്‌സ്, ഭവന വായ്പ, ഉയര്‍ന്ന പണമിടപാട് തുടങ്ങി വിവിധ കാര്യങ്ങള്‍ക്കും അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ പലിശയും പിഴകളും ഒഴിവാക്കാന്‍ ഐറ്റിആര്‍ ഫയല്‍ ചെയ്യേണ്ടത് ആവശ്യം തന്നെയാണ്.
8. പുതിയ നികുതിഘടന
2020-21 സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ ലളിതമായ വ്യക്തിഗത ആദായനികുതി ഘടന കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ചില നിബന്ധനകള്‍ക്ക് വിധേയമായി വ്യക്തികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങള്‍ക്കും കുറഞ്ഞ നികുതി സ്ലാബ് തെരഞ്ഞെടുക്കാം. എന്നാല്‍ ചില ഇളവുകളും ഒഴിവുകളും അതില്‍ ലഭ്യമാകുകയുമില്ല.
തങ്ങള്‍ക്ക് ഏത് നികുതി ഘടനയാണ് കൂടുതല്‍ നേട്ടമെന്ന് കണ്ടെത്തി ഉചിതമായത് തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
9. ആവശ്യമായ രേഖകള്‍
ഐറ്റിആര്‍ ഇ ഫയലിംഗിന് രേഖകളൊന്നും ആവശ്യമില്ലെങ്കിലും പിഎഫ് എക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്‌സ്, പാസ് ബുക്കുകള്‍, ഇന്‍ഷുറന്‍സ് പോളികള്‍, പെന്‍ഷന്‍ പ്ലാനുകള്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകള്‍ തയാറാക്കി വെക്കണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it