ഒഴിവാക്കണം ഈ 3 വായ്പകള്‍

ഡിജിറ്റല്‍ ലോകത്തില്‍ വായ്പ ലഭിക്കുക വളരെ ഈസിയാണ്. സ്മാര്‍ട്ട്‌ഫോണില്‍ ഒരു ക്ലിക്കില്‍ വായ്പ അക്കൗണ്ടിലെത്തും. എന്നാല്‍ വെറുതെ വായ്പ എടുത്തു കൂട്ടുന്നത് അത്ര നല്ല കാര്യമില്ല. സാമ്പത്തിക ലോകത്ത് വായ്പകളെ രണ്ടായി തരം തിരിക്കാറുണ്ട്. നല്ല വായ്പകളും ചീത്ത വായ്പകളും.

എന്തെങ്കിലും ആസ്തികള്‍, അതായത് വീട് വാങ്ങല്‍, വിദ്യാഭ്യാസം എന്നിവയ്‌ക്കൊക്കെ ഉള്ള വായ്പകളാണെങ്കില്‍ അത് നല്ല വായ്പകളില്‍പെടും. അതേ സമയം നിങ്ങളുടെ ലൈഫ് സ്റ്റൈല്‍ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വായ്പകള്‍- ഭക്ഷണത്തിന്റെ ബില്ല്, ഗാഡ്ജറ്റുകള്‍ വാങ്ങാന്‍ എന്നിവയ്ക്കായുള്ള വായ്പകളെ മോശം വായ്പകളായാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട മൂന്നു വായ്പകള്‍ ഏതൊക്കെയാണെന്ന് നോക്കാം:

ഭക്ഷണത്തിനും വസ്ത്രങ്ങള്‍ക്കുമുള്ള വായ്പ

ഭക്ഷണത്തിന്റെ ബില്ലുകള്‍ അടയ്ക്കാന്‍ മുതല്‍ വസ്ത്രം വാങ്ങുന്നതിനു വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെങ്കില്‍ അപ്പോള്‍ ബില്ലടയാക്കാതെ മാസത്തിലൊരു ദിവസം മൊത്തം ബില്ലും ഒരുമിച്ചടയ്ക്കാനുള്ള ഓപ്ഷനുണ്ട്. ശരിക്കും ഇതൊരു ചെറിയ തുകയുടെ വായ്പയാണ്. അടച്ചു തീര്‍ക്കാന്‍ 15 ദിവസത്തെ ഗ്രേസ് പിരീഡയഡ് ലഭിക്കും. എന്നാല്‍ അടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞാല്‍ 250 രൂപ അല്ലെങ്കില്‍ മുടങ്ങിയ ദിവസങ്ങള്‍ക്ക് ഒരു മാസം മൂന്നു ശതമാനം എന്ന നിരക്കില്‍ പെനാലറ്റിയായി ഈടാക്കും.

വീട്ടു സാധനങ്ങള്‍ വാങ്ങാന്‍

വീട്ടിലേക്കുള്ള ഫര്‍ണീച്ചറുകളോ വൈറ്റ് ഗുഡ്‌സോ വാങ്ങാന്‍ കൈയ്യില്‍ പണമില്ലെങ്കില്‍ ഉടനെ വാങ്ങാതിരിക്കുന്നതാണ് നല്ലത്. പകരം ഓരോ മാസവും നിശ്ചിത തുക നീക്കിവച്ച് അത് വാങ്ങുക. മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇഎംഐ ഓപ്ഷന്‍ നല്‍കുന്നുണ്ട്. ചിലര്‍ പലിശ രഹിത വായ്പകളും നല്‍കുന്നു. ഫ്‌ളാറ്റ് ഫീ, പ്രോസസിംഗ് ഫീ, വണ്‍ ടൈം ഫീ എന്നിങ്ങനെ വിവിധ പേരുകളില്‍ പല ചാര്‍ജുകളും ഈടാക്കുമെന്നതിനാല്‍ ഫലത്തില്‍ സാധനത്തിന്റെ വിലയേക്കാള്‍ കൂടുതല്‍ തുക നിങ്ങള്‍ നല്‍കേണ്ടതായി വരും. ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ വായ്പകള്‍ക്ക് 12 മുതല്‍ 24 ശതമാനം വരെയാണ് വാര്‍ഷിക പലിശ ഈടാക്കുന്നത്.

വായ്പകള്‍ അടച്ചു തീര്‍ക്കാനും വായ്പ!

മിക്ക വ്യക്തികളും നിലവിലെ വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ വീണ്ടും വായ്പകള്‍ക്കായി തങ്ങളെ സമീപിക്കാറുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. കൂടുതല്‍ വായ്പകളെടുക്കുന്നത് നിങ്ങളെ കടക്കെണിയിലാക്കുകയേ ഉള്ളു. അതേസമയം കൂടുതല്‍ പലിശ നല്‍കുന്ന വായ്പകളുണ്ടെങ്കില്‍ ചെറിയ പലിശയില്‍ കിട്ടുന്ന വായ്പകള്‍ എടുത്ത് ആദ്യത്തേത് അടച്ചു തീര്‍ക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്കൊരു ക്രെഡിറ്റ് കാര്‍ഡ് വായ്പയുണ്ടെന്നും അതിന്റെ വാര്‍ഷിക പലിശ 48 ശതമാനമാണെന്നും വിചാരിക്കുക. അത്തരം സാഹചര്യത്തില്‍ 12-18 ശതമാനം വാര്‍ഷിക പലിശയുള്ള വായ്പയെടുത്ത് ക്രെഡിറ്റ് കാര്‍ഡ് വായ്പ അടച്ചു തീര്‍ക്കാം. വായ്പ തിരിച്ചടയ്ക്കാതിരുന്നാല്‍ അത് ക്രെഡിറ്റ് റിപ്പോര്‍ട്ടിനെ ബാധിക്കുമെന്നത് മറക്കരുത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it