ഉയര്‍ന്ന പലിശ നല്‍കുന്ന 3 നിക്ഷേപ പദ്ധതികള്‍

റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്ക് സ്ഥിര നിക്ഷേപ പലിശയും കുറയ്ക്കുന്നതിനാല്‍ ഇപ്പോള്‍
സ്ഥിര നിക്ഷേപത്തിന്റെ ആകര്‍ഷണീയത കുറഞ്ഞിരിക്കുകയാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കും വിരമിച്ചവര്‍ക്കും ഇടയിലെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഓപ്ഷനാണ് സ്ഥിര നിക്ഷേപം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറയ്ക്കുന്നുത്. ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപ പലിശയില്‍ 0.10 ശതമാനവും ഒരു വര്‍ഷത്തിനും രണ്ടു വര്‍ഷത്തിനും ഇടയില്‍ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശയില്‍ 0.30 ശതമാനവുമാണ് കുറവ് വരുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് എന്ന നിക്ഷേപ ശീലത്തിന് ഇപ്പോള്‍ നിറം മങ്ങുന്നതായാണ് സൂചനകള്‍. നിലവില്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതലും 8.6 ശതമാനം വരെ പലിശനിരക്കുവരെ പ്രദാനം ചെയ്യുന്നതുമായ മൂന്ന് നിക്ഷേപ സാധ്യതകള്‍ ആണ് താഴെ പറയുന്നത്.

സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്)

8.6 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് എസ്സിഎസ്എസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. എസ്സിഎസ്എസ് അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയും പരമാവധി തുക 15 ലക്ഷം രൂപയുമാണ് എന്നതിനാല്‍ ഈ പദ്ധതിക്ക് ആകര്‍ഷകത്വം കൂടുതലാണ്. പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കുന്നു. സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ക്ക് ആദായനികുതി കിഴിവ് (80 സി പ്രകാരം) ലഭിക്കാനും അര്‍ഹതയുണ്ട്.

സുകന്യ സമൃദ്ധി

പെണ്‍കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ ഒഴിവാക്കാന്‍ നിരവധി പേരാണ് സുകന്യ സമൃദ്ധി അക്കൗണ്ടിന് കീഴിലുള്ള നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. കൂടാതെ ലോക്ക്-ഇന്‍ കാലയളവില്‍ നേടിയ പലിശയും നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സുകന്യ സമൃദ്ധി അക്കൗണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് 7.9 ശതമാനമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 1,000 രൂപയും പരമാവധി 1.5 ലക്ഷം രൂപയും സുകന്യ സമൃദ്ധി അക്കൗണ്ടില്‍ നിക്ഷേപിക്കാം. പെണ്‍ഞ്ഞ് ജനിച്ച ദിവസം മുതല്‍ 10 വയസ്സ് വരെ മാത്രമേ ഈ അക്കൗണ്ട് തുറക്കാന്‍ കഴിയൂ.

പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ്

6.90 ശതമാനം മുതല്‍ 7.7 ശതമാനം വരെയാണ് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റിന്റെ പലിശ നിരക്ക്. ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം എന്നീ കാലാവധികളിലുള്ള നിക്ഷേപത്തിന് 6.9 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അഞ്ചുവര്‍ഷത്തെ നിക്ഷേപത്തിന് 7.7 ശതമാനം പലിശ ലഭിക്കും. ഇത് അഞ്ച് വര്‍ഷത്തെ എസ്ബിഐ എഫ്ഡിയേക്കാള്‍ കൂടുതലാണ്. ഈ അക്കൗണ്ട് ഒരു പോസ്റ്റോഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനും കഴിയും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it