പി.എഫ് പെന്‍ഷന്‍ വിഹിതം മുടക്കി കേന്ദ്ര സര്‍ക്കാര്‍; കുടിശ്ശിക 9,115 കോടി രൂപ

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലേക്കുള്ള (ഇപിഎഫ്ഒ) സര്‍ക്കാര്‍ വിഹിതം നല്‍കാതെ കുന്നുകൂടിയിരിക്കുന്ന കുടിശ്ശിക 9,115 കോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമാണ് ഇത്ര വലിയ കുടിശികയെന്ന നിരീക്ഷണം വ്യാപകമാണ്.

മൊത്തം കുടിശ്ശിക തുകയിലെ 8,063.66 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലേക്കുളള (ഇപിഎസ്) വിഹിതമാണ്. ബാക്കി തുക സംഘടിത മേഖലയിലെ കുറഞ്ഞ വേതനം മാത്രമുളള തെഴിലാളികളുടെ മിനിമം പെന്‍ഷന്‍ ആനുകൂല്യവും. മാര്‍ച്ചിന് ശേഷം സര്‍ക്കാര്‍ നല്‍കാനുളള കുടിശ്ശിക തുകയിലാണ് വന്‍ വര്‍ധനയുണ്ടായത്.

വിഹിതം നല്‍കാതെ ഇ.പി.എഫ് പദ്ധതി കൈയൊഴിയാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനസിലിരുപ്പാണ് കുടിശ്ശിക വരാന്‍ കാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പ്രോവിഡന്റ് ഫണ്ട് വരിക്കാരുടെ ശമ്പളത്തിന്റെ 1.16 ശതമാനം കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതിയിലേക്കു വിഹിതമായി നല്‍കണമെന്നാണു വ്യവസ്ഥയെങ്കിലും കുറച്ചുവര്‍ഷങ്ങളായി അതു ചെയ്യുന്നില്ല.

ഇ.പി.എഫ് പദ്ധതിയനുസരിച്ച് തൊഴിലാളിയും തൊഴിലുടമയും ശമ്പളത്തിന്റെ 12 ശതമാനമാണ് വിഹിതമടയ്ക്കുന്നത്. തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തില്‍നിന്ന് 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്കും ബാക്കി പി.എഫ്. നിക്ഷേപത്തിലേക്കും പോകും. നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ 1.16 ശതമാനം അടയ്ക്കണം. ഇതിലാണിപ്പോള്‍ വീഴ്ച. നരേന്ദ്രമോദി സര്‍ക്കാര്‍ 2014-ല്‍ അധികാരത്തിലേറിയശേഷം പെന്‍ഷന്‍ പദ്ധതിയിലേക്ക് കൃത്യമായി വാര്‍ഷികവിഹിതം നല്‍കിയിട്ടില്ല.

ഇപിഎഫ്ഒ വിഹിതം അടയ്ക്കാതെ പെന്‍ഷന്‍ ഫണ്ട് ശക്തിപ്പെടുത്താനുള്ള നീക്കവും സംശയിക്കപ്പെടുന്നു. പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കാന്‍ ധനമന്ത്രാലയം സമ്മര്‍ദം ചെലുത്തുന്നുണ്ട് ഇ.പി.എഫിലെ അംഗങ്ങള്‍ക്കു വേണമെങ്കില്‍ ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കു മാറാമെന്നും പെന്‍ഷന്‍ 60 വയസ്സിനുശേഷം നല്‍കാമെന്നുമുള്ള നിര്‍ദേശങ്ങളാണ് പരിഗണനയിലുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it